ചാലിയാറില്‍ ഒഴുക്കില്‍ പെട്ട് രണ്ടുപേര്‍ മരിച്ചു

Posted on: May 4, 2015 3:04 pm | Last updated: May 4, 2015 at 11:53 pm

accidentഫറോക്ക്: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പുഴയില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിച്ച ഒരേ കുടുംബത്തിലെ രണ്ട് പേര്‍ ചാലിയാറില്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ വെഗ്ലോപുരയില്‍ താമസമാക്കിയ മഞ്ചേരി പയ്യനാട് സ്വദേശി അബ്ദുല്ലയുടെ മകന്‍ അസീസ് (20) ഷാജഹാന്റെ മകന്‍ നവീദ് (30) എന്നിവരാണ് മരിച്ചത്. ചെന്നൈ ആര്‍മി ഓഫീസ് ജീവനക്കാരന്‍ കാന്താലി മുഹമ്മദിന്റെ മകന്‍ മൊയ്തീനെ (30) ആണ് കാണാതായത്.
ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. സംഭവം കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് നവീദിന്റെ മൃതദേഹം കണ്ടെടുത്തത്. വൈകീട്ട് ഏഴോടെയാണ് അസീസിന്റെ മൃതദേഹം ലഭിച്ചത്.
കര്‍ണാടകയില്‍ നിന്ന് മഞ്ചേരിയില്‍ അസീസിന്റെ പിതാവിന്റെ സുഖമില്ലാത്ത ഉമ്മയെ കാണുന്നതിനുവേണ്ടി വന്നതായിരുന്നു കുട്ടികള്‍ അടക്കം പതിനെട്ടംഗ കുടുംബം. കഴിഞ്ഞ വെള്ളിയാഴ്ച മഞ്ചേരിയില്‍ എത്തിയ ഇവര്‍ ഇന്നലെ രാവിലെ തിരിച്ചുപോകുന്നതിനിടെ ഫറോക്ക് പുതിയപാലത്തിനു സമീപം ഉച്ച ഭക്ഷണം കഴിക്കുന്നതിനു വേണ്ടി വാഹനം നിര്‍ത്തി. സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്നതിനിടെ കുട്ടികള്‍ സമീപത്തെ പറമ്പില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. ഇതിനിടെ പന്ത് പുഴയിലേക്ക് വീണു. ഇതെടുക്കാന്‍ പുഴയിലേക്കിറങ്ങിയ മൊയ്തീന്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷിക്കുന്നതിന് വേണ്ടി മറ്റ് രണ്ട് പേരും പുഴയിലേക്ക് ചാടുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മരിച്ച അസീസിന്റെ സഹോദരിമാരുടെ ഭര്‍ത്താക്കന്‍മാരാണ് നവീദും മൊയ്തീനും. നവീദിന്റെ മാതാവ് റാശിദ ബാനു. ഭാര്യ: നസീമ. മക്കള്‍: അഫ്‌സാര്‍, ഫര്‍ദാന്‍. മൊയ്തീന്റെ മാതാവ് സുലൈഖ. ഭാര്യ: സീനത്ത്. മകള്‍: നിഷ ഫാത്വിമ. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി.