Connect with us

Kerala

പച്ചത്തേങ്ങ സംഭരണം തുടങ്ങി

Published

|

Last Updated

കണ്ണൂര്‍: കേരകര്‍ഷകരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തുടക്കം കുറിച്ച പച്ചത്തേങ്ങ സംഭരണം ഈ വര്‍ഷം മുതല്‍ ക്രമക്കേടുകളൊന്നും കൂടാതെ നടത്തുമെന്ന് സര്‍ക്കാറിന്റെ ഉറപ്പ്. മുന്‍ വര്‍ഷങ്ങളിലുണ്ടായ എല്ലാ പരാതികളും പരിഹരിച്ച് ഈ വര്‍ഷം മുതല്‍ തേങ്ങ സംഭരണവും നാളികേര ഉത്പന്ന നിര്‍മാണവും കൂടുതല്‍ ഊര്‍ജിതമാക്കാനായി പദ്ധതിയും തയ്യാറാക്കി.
സംസ്ഥാന കൃഷി വകുപ്പും നാളികേര വികസന ബോര്‍ഡും ചേര്‍ന്നാണ് കൃഷിഭവന്‍ വഴി പച്ചത്തേങ്ങ സംഭരണം നടത്തുന്നത്. നാളികേരത്തിന്റെ അര്‍ഹമായ വില ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2013 ജനുവരി മുതലാണ് സംഭരണത്തിനുള്ള പദ്ധതി തുടങ്ങിയിരുന്നത്. എന്നാല്‍, ആദ്യ ഘട്ടത്തില്‍ത്തന്നെ പാളിയ പദ്ധതി വന്‍ സാമ്പത്തിക നഷ്ടത്തിനിടയാക്കിയെന്ന ആരോപണവുമുയര്‍ന്നു. കൃഷിഭവനുകള്‍ ശേഖരിച്ച പൊതിച്ച പച്ചത്തേങ്ങ കേരഫെഡില്‍ മാസങ്ങളോളം കിടന്നു നശിക്കുകയും പച്ചത്തേങ്ങ സംഭരണവും സംസ്‌കരണവും നഷ്ടത്തിലാവുകയുമായിരുന്നു.
കര്‍ഷകരില്‍ നിന്നു വാങ്ങിയ തേങ്ങക്ക് നല്‍കിയ ചെക്കുകളുമായി കര്‍ഷകര്‍ ബേങ്കുകളില്‍ എത്തിയപ്പോള്‍ പണം ലഭിക്കാത്ത അവസ്ഥയും അന്നുണ്ടായി. പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലായിരുന്നു പദ്ധതി നടപ്പാക്കിയത്. കൃഷിഭവന്‍ വഴി തേങ്ങ കിലോ ഒന്നിന് 25 രൂപ നിരക്കിലാണ് ആദ്യ ഘട്ടത്തില്‍ വാങ്ങിയിരുന്നത്. നാളികേരത്തിന് പൊതുവിപണിയില്‍ ഇതിനേക്കാള്‍ വില കിട്ടിയ അന്നത്തെ സാഹചര്യത്തില്‍ പിന്നീട് കര്‍ഷകരാരും തേങ്ങ സംഭരണ കേന്ദ്രത്തില്‍ നല്‍കാതെയുമായി.
ഈയൊരു സാഹചര്യമെല്ലാം മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇക്കുറി കുറ്റമറ്റ രീതിയില്‍ നാളികേര സംഭരണത്തിന് നടപടിയൊരുങ്ങുന്നത്. തേങ്ങ കിലോ ഒന്നിന് 28 രൂപ തറവിലയിട്ടാണ് ഇത്തവണ സംഭരിക്കുന്നത്. സംഭരണ വേളയില്‍ത്തന്നെ കര്‍ഷകര്‍ക്ക് വില നല്‍കാനുള്ള നടപടികളും തുടങ്ങുന്നുണ്ട്. എല്ലാ ജില്ലകളിലും സംഭരണം തുടങ്ങാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സംഭരണ വില തറവിലയില്‍ താഴാതെ കൂടുതല്‍ വില നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്ന് തന്നെയാണ് സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം.
തേങ്ങ സംഭരണത്തോടൊപ്പം മില്‍ക്ക് പൗഡര്‍, നീര പോലുള്ള നാളികേര ഉപോത്പന്നങ്ങള്‍ വന്‍തോതില്‍ വില്‍ക്കാനുള്ള നടപടികളും കൃഷി വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. അതേസമയം, കേരഫെഡിന് കഴിഞ്ഞ വര്‍ഷം മാത്രം 40000 ടണ്‍ പച്ചത്തേങ്ങ കൃഷിഭവനിലൂടെ സംഭരിക്കാന്‍ സാധിച്ചുവെന്നാണ് പറയുന്നത്. പച്ചത്തേങ്ങ സംഭരണം തിരഞ്ഞെടുത്ത 356 കൃഷിഭവനുകളില്‍ കൂടി നടത്തിയപ്പോള്‍ നാളികേരത്തിന്റെ വില 14 രൂപയില്‍ നിന്ന് 32 രൂപ വരെയെത്തി. കേരളത്തില്‍ 90 ശതമാനം കര്‍ഷകരും നാളികേരമായാണ് വിപണനം നടത്തുന്നത്. പത്ത് ശതമാനം കൃഷിക്കാര്‍ മാത്രമാണ് കൊപ്രയാക്കി മാറ്റുന്നത്.
ഇതിനാല്‍ നാഫെഡ് സംഭരണത്തിന്റെ ആനുകൂല്യം ഇടനിലക്കാര്‍ക്കാണ് ലഭിച്ചത്. ഇടനിലക്കാരെയും കച്ചവടക്കാരെയും മാറ്റി നിര്‍ത്തി കൃഷി വകുപ്പ് കൃഷിഭവനുകള്‍ മുഖേന പച്ചത്തേങ്ങ സംഭരണം നടത്തിയതാണ് നേട്ടമായതെന്നാണ് ് കേരഫെഡ് അവകാശപ്പെടുന്നത്.

---- facebook comment plugin here -----

Latest