Kerala
സെസ്സ് തിരിച്ചടിയായി; കെ എസ് ആര്‍ ടി സിയെ യാത്രക്കാര്‍ ഉപേക്ഷിക്കുന്നു

പാലക്കാട് :സെസ് സംവിധാനവും ബസുകളുടെ ക്ഷാമവും കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാകുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ക്ക് പകരം കെ എസ് ആര്‍ ടി സി ആ റൂട്ടുകള്‍ ഏറ്റെടുത്തതോടെ ദേശസാത്കൃത റൂട്ടുകള്‍ ഉള്‍പ്പെടെയുള്ള ലാഭകരമായ സര്‍വീസുകള്‍ റദ്ദാക്കാന്‍ കെ എസ് ആര്‍ ടി സി നിര്‍ബന്ധിതമായിരിക്കയാണ്.
സ്‌പെയര്‍പാര്‍ട്‌സുകളുടെ ക്ഷാമവും ടയറുകള്‍ ഇല്ലാത്തതും സര്‍വീസുകള്‍ റദ്ദാക്കാന്‍ മറ്റൊരു കാരണമാകുന്നു. കോഴിക്കോട്- തൃശൂര്‍, പാലക്കാട്- തൃശൂര്‍ തുടങ്ങിയ ലാഭകരമായ റൂട്ടുകളില്‍ പോലും ബസുകള്‍ ഓടിക്കാന്‍ കഴിയുന്നില്ല. കണ്ടക്ടര്‍ ഡ്രൈവര്‍ പോസ്റ്റുകളിലേക്ക് നിയമനം നടക്കാത്തത് മൂലം ജീവനക്കാരുടെ ക്ഷാമവും സര്‍വീസുകളെ ബാധിക്കുന്നുണ്ട്. ഡീസല്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ പോലും ചാര്‍ജ് കുറവ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സിയെ യാത്രക്കാര്‍ ഉപേക്ഷിച്ച മട്ടാണ്. ഏറെ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ മള്‍ട്ടി ആക്‌സില്‍ എസി ബസുകള്‍ വേണ്ടത്ര വിജയം കണ്ടതുമില്ല.
കെ എസ് ആര്‍ ടി സി പല റൂട്ടുകളില്‍ നിന്നും പിന്മാറിയതോടെ സമാന്തര സര്‍വീസുകളും സജീവമായി. ഇതിന് പുറമെയാണ് കെ എസ് ആര്‍ ടി സി ബസുകളില്‍ ഏര്‍പ്പെടുത്തിയ ടിക്കറ്റ് സെസ്സ് സംവിധാനം തികഞ്ഞ പരാജയമെന്ന് വിലയിരുത്തല്‍. സെസ്സ് ഈടാക്കാന്‍ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടയതായി ജീവനക്കാര്‍ സമ്മതിക്കുന്നു. യാത്രാക്കാര്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് നല്‍കാന്‍ ഈ മാസം മുതലാണ് കെ എസ് ആര്‍ ടി സിയില്‍ സെസ്സ് ഏര്‍പ്പെടുത്തിയത്. കെ എസ് ആര്‍ ടി സി കണ്ടക്ടര്‍മാര്‍ക്ക് ഇപ്പോള്‍ ഇരട്ടിപ്പണിയാണ്. യാത്രാടിക്കറ്റിന് പുറമെ സെസ്സ് ടിക്കറ്റ് കൂടി എണ്ണി തിട്ടപ്പെടുത്തണം. ബസിനുള്ളില്‍ സെസ്സിനായുള്ള ടിക്കറ്റ് പ്രത്യേകം കീറി നല്‍കുക എന്നതും കണ്ടക്ടര്‍മാരെ വലക്കുന്നു.
കഴിഞ്ഞ മാസം ഒന്ന് മുതലാണ് കെ എസ് ആര്‍ ടി സി ബസ്സുകളില്‍ യാത്രക്കാരുടെ അപകട ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി സെസ്സ് ഏര്‍പ്പെടുത്തിയത്. 14 മുതല്‍ 23 വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപയും 24 മുതല്‍ 48 വരെ രണ്ട് രൂപയും 49 മുതല്‍ 73 വരെ മൂന്ന് രൂപയും 74 മുതല്‍ 98 രൂപ ടിക്കറ്റ് വരെ നാല് രൂപയുമാണ് അധികമായി ഈടാക്കുന്നത്. 99 രൂപ ടിക്കറ്റിന് മുകളിലേക്ക് അഞ്ച് മുതല്‍ പത്ത് രൂപ വരെയാണ് സെസ്സ് പിരിവ്. ഈ തുക സ്വരൂപിച്ച് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയിലേക്ക് നിക്ഷേപിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. യാത്രക്കിടെ അപകടം സംഭവിച്ച് നിസ്സാര പരുക്ക് പറ്റിയാല്‍ ഉടനടി 3000 രൂപ ഇന്‍ഷ്വറന്‍സ് തുക നല്‍കുമെന്നും പറയുന്നു. വലിയ അപകടം സംഭവിച്ചാല്‍ മോട്ടോര്‍ ആക്‌സിഡെന്റ് ക്ലെയിം ട്രൈബ്യൂണലിനെ സമീപിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കെ എസ് ആര്‍ ടി സി അവകാശപ്പെടുന്നത്. പദ്ധതി സംബന്ധിച്ച് ഇതുവരെ വിലയിരുത്തലുകള്‍ ഒന്നും തന്നെ നടന്നിട്ടില്ലന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു.