യെച്ചൂരിക്ക് സി പി എമ്മിനെ രക്ഷിക്കാനാകുമോ?

Posted on: May 4, 2015 5:40 am | Last updated: May 3, 2015 at 9:42 pm

yechuri1സി പി എം 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് സ്വാഭാവികം മാത്രം. ഇന്നും കേരളത്തിലെ ഏറ്റവും പ്രബല കക്ഷിയാണ് സി പി എം. തന്നെയുമല്ല, ഇന്ത്യാ രാജ്യത്തെ പ്രധാനപ്പെട്ട ഒരു ഇടതുപക്ഷ കക്ഷിയുമാണ്. അതിന്റെ സമ്മേളനം ഏറെ ചിട്ടയോടെ നടന്ന ഒന്നാണ്. ആ സമ്മേളനത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തത് പുതിയ ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച തീരുമാനമായതിലും അത്ഭുതമില്ല. പത്ത് വര്‍ഷം മുമ്പ് പ്രകാശ് കാരാട്ട് ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് വന്നതോടെ ഒരു പുതിയ യുഗം പാര്‍ട്ടിയിലുണ്ടായി. പിളര്‍പ്പിന്റെ കാലത്ത് പാര്‍ട്ടിയില്‍ ഇല്ലാതിരുന്ന ഒരംഗം സി പി എം ജനറല്‍ സെക്രട്ടറിയായി എന്ന മാറ്റമായിരുന്നു അത്. ഇത്തവണത്തേതു പോലെ അന്ന് നാടകീയമായ ഒന്നും സംഭവിച്ചില്ല. തീര്‍ത്തും പ്രതീക്ഷിതമായിരുന്നു പ്രകാശ് കാരാട്ടിന്റെ അധികാരമേല്‍ക്കല്‍.
എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ അതുപോലെയായിരുന്നില്ലെന്ന് മാധ്യമങ്ങളിലൂടെ നാമറിയുന്നു. പുത്തന്‍ തലമുറയുടെ സ്വാഭാവിക തുടര്‍ച്ചയായി സീതാറാം യെച്ചൂരി അധികാരത്തിലെത്തുന്നതിനെതിരെ ശക്തമായ ഒരു വെല്ലുവിളി ഉയര്‍ന്നു. അതു സംബന്ധിച്ച മാധ്യമ വാര്‍ത്തകളെല്ലാം ‘ഭാവനാ സൃഷ്ടി’ മാത്രമാണെന്ന (ചില) നേതാക്കളുടെ നിലപാട് എറെ അപഹാസ്യമായിപ്പോയി. ഇതിനു മുമ്പ് നടന്ന പല കാര്യങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സത്യമായിരുന്നുവെന്ന് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. എന്തായാലും ‘ഹിന്ദു’ പോലെ ഇടതുപക്ഷത്തെ ശക്തമായി പിന്തുണക്കുന്ന ഒരു പത്രത്തിന്റെ റിപ്പോര്‍ട്ട് മാത്രമല്ല, എഡിറ്റോറിയലും വന്നു, ഈ തര്‍ക്കം സംബന്ധിച്ച് എന്ന വസ്തുത സി പി എം നിലപാടിനെ തുറന്നുകാട്ടുന്നു. ഒരു സുഹൃത്ത് പറഞ്ഞ പോലെ, വിശാഖപട്ടണത്തു നിന്നുമടങ്ങുമ്പോള്‍ പിണറായിയുടെയും കൂട്ടരുടെയും മുഖം കടന്നല്‍ കുത്തിയതുപോലെയായിരുന്നു. മറിച്ച് വി എസ് അച്യുതാനന്ദന്‍ ആനന്ദതുങ്കിലനായിരുന്നു. തിരിച്ചടിക്കുന്ന ഒരു യോദ്ധാവിനെ പോലെ സംസാരിക്കുകയും ചെയ്തു.
ഒരു നേതൃസ്ഥാനത്തേക്ക് മത്സരം വരുന്നുവെന്നത് അത്ര വലിയ തെറ്റല്ല. അങ്ങനെയൊന്നുണ്ടായില്ലെന്ന് വാദിക്കുന്നത് പാര്‍ട്ടിയുടെ ‘ശീല’വും ആണ്. എന്നാല്‍, അത്തരം ഒരു തര്‍ക്കത്തിന്റെ പിന്നിലെ ചല വസ്തുതകള്‍ പ്രധാനമാണ്, കേവലം പാര്‍ട്ടിയുടെ ആഭ്യന്തര തര്‍ക്കമെന്ന നിലയിലല്ല, രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന ഒരു വിഷയമെന്ന രീതിയിലാണ്. ‘വളരെ നന്നായി സമാപിക്കുന്നതെല്ലാം നല്ലത്’ എന്ന ഇംഗ്ലീഷ് പഴമൊഴി വെച്ചു പറഞ്ഞാല്‍, ഈ തീരുമാനം വരെ കൊണ്ടെത്തിച്ച സംഭവങ്ങള്‍ ‘നല്ലതിന്’ ആയിരുന്നുവെന്ന് പറയാം.
സീതാറാം യെച്ചൂരിയുടെ സ്ഥാനാരോഹണം വഴി സി പി എമ്മില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അതിന്റെ തെറ്റായ രാഷ്ട്രീയ, സംഘടനാ രീതികള്‍ ഉപേക്ഷിക്കുമെന്നും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമെന്നും മറ്റും ചിന്തിക്കാന്‍ നമ്മളൊന്നും അത്ര മൂഢന്മാരല്ലല്ലോ. ആര് സെക്രട്ടറിയാണ് എന്നതല്ല, എന്താണ് നയപരിപാടികളെന്നും എന്താണ് ഭരണകക്ഷിയെന്ന രീതിയില്‍ ചെയ്യുന്നതെന്നതുമാണ് പ്രധാനം.
അത്തരത്തിലൊരു മാറ്റത്തിന്റെ സൂചനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. തന്നെയുമല്ല, കേരളത്തില്‍ ഈ വിഷയത്തെ കേവലം പിണറായി- വി എസ് ഗ്രൂപ്പ് തര്‍ക്കത്തിന്റെ നിലവാരത്തില്‍ അവതരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. അതില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. വി എസിന്റെ ചിറകുകള്‍ ഒന്നൊന്നായി അരിയുന്ന സംസ്ഥാന നേതൃത്വത്തിന്റെ ആക്രമണങ്ങളില്‍ പലപ്പോഴും ഒരു രക്ഷാകവചമായി പ്രവര്‍ത്തിക്കാന്‍ സീതാറാം യെച്ചൂരി തയ്യാറായിട്ടുണ്ടെന്നത് സത്യം. പക്ഷേ, അത് കേവലം വ്യക്തി ഗ്രൂപ്പ് തല പിന്തുണയായിരുന്നില്ലെന്നും പ്രശ്‌നാധിഷ്ഠിത പിന്തുണയായിരുന്നുവെന്നും യെച്ചൂരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യം മറ്റു ചില സാധ്യതകള്‍ മുന്നോട്ട് വെക്കുന്നുവെന്നും പറയാം. കമ്മിറ്റികളില്‍ ഏതെങ്കിലുമൊരു വിഭാഗത്തിനോ നേതാവിനോ നിലപാടിനോ ശക്തമായ പിന്തുണയുണ്ടെങ്കിലും ജനറല്‍ സെക്രട്ടറി മാറുന്നതോടെ ഈ ഗണിത ശാസ്ത്രത്തില്‍ മാറ്റം വരികയെന്നതാണ് ആ സ്വഭാവം. കേരള സംസ്ഥാന സമിതിയില്‍ ഇപ്പോള്‍ ‘ഔദ്യോഗിക’ വിഭാഗത്തിനുള്ള മൃഗീയമായ ഭൂരിപക്ഷം പെട്ടെന്ന് തന്നെ കുറഞ്ഞാലും അത്ഭുതമില്ലെന്ന് അര്‍ഥം.
പ്രശ്‌നം ഇതിനെല്ലാം അപ്പുറത്താണ്. ഇടതുപക്ഷം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലെത്തി നില്‍ക്കുന്ന കാലമാണിത്. സി പി എം രൂപവത്കരിച്ചതിന് ശേഷം അതിന്റെ ഏറ്റവും മോശപ്പെട്ട കാലവുമാണിത്. പ്രകാശ് കാരാട്ട് ഒരു ദശകത്തിന് മുമ്പ് അധികാരമേല്‍ക്കുമ്പോള്‍ മൂന്ന് സംസ്ഥാനത്ത് (കേരളത്തില്‍ 2006ല്‍) ഭരണം ഉണ്ടായിരുന്നു. പാര്‍ലിമെന്റില്‍ സി പി എമ്മിന് 50ഓളം അംഗങ്ങളുണ്ടായിരുന്നു. ഇടതുപക്ഷത്തിന് അറുപതിലധികവും. അദ്ദേഹം സ്ഥാനമൊഴിയുമ്പോള്‍ ഈ പതനത്തിലെത്തിയതെങ്ങനെയെന്ന ചോദ്യം പാര്‍ട്ടി കോണ്‍ഗ്രസ് വേണ്ടവിധം ചര്‍ച്ച ചെയ്‌തോ? അത് മറി കടക്കാന്‍ പരിപാടികള്‍ ആവിഷ്‌കരിച്ചോ? 1996 മുതല്‍ സി പി എം സമ്മേളനങ്ങളില്‍ കേള്‍ക്കുന്ന ‘തെറ്റു തിരുത്തല്‍’ ഇന്നെവിടെയെത്തി നില്‍ക്കുന്നു? പാര്‍ട്ടിയുടെ രാഷ്ട്രീയ- സംഘടനാ റിപ്പോര്‍ട്ടുകളില്‍ തന്നെ അംഗീകരിക്കുന്ന കാര്യങ്ങള്‍ മുന്‍കാലങ്ങളില്‍ വിമര്‍ശപരമായി ഉന്നയിച്ചവരെ ‘ശത്രുക്കള്‍’ ആയല്ലേ കണ്ടിരുന്നത്? യുവാക്കളൊന്നും പാര്‍ട്ടിയിലേക്ക് വരുന്നില്ലെന്നു വിലപിക്കുമ്പോള്‍, ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് അവര്‍ കടന്നുവന്നത് എന്തുകൊണ്ടെന്ന് പാര്‍ട്ടി തിരിച്ചറിയുന്നുവോ?
കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയടക്കം ഒട്ടനവധി സാമൂഹികവിരുദ്ധ സംഘങ്ങള്‍ പാര്‍ട്ടിയില്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്നത് കോണ്‍ഗ്രസ് റിപ്പോര്‍ട്ടില്‍ പറയുമ്പോഴാണോ പാര്‍ട്ടിക്കാര്‍ അറിയുന്നത്? കേരളത്തിലെ നാട്ടിന്‍പുറത്തും നഗരവീഥികളിലുമുള്ള ഏത് മനുഷ്യനും അറിയാവുന്ന സത്യമല്ലേ അത്? പാറമടയും കുന്നിടിക്കലും പാടം നികത്തലും മണല്‍ വാരലും തുടങ്ങി എല്ലാവിധ ഇടപാടുകളുടെയും സംരക്ഷകരോ നടത്തിപ്പുകാരോ ആയി സി പി എമ്മുകാരുണ്ടാകുമെന്നതല്ലേ സത്യം? ഭരിച്ചിരുന്ന കാലത്ത് ബംഗാളിലെ വകസന മാതൃക സിംഗൂരം നന്ദിഗ്രാമുമായിരുന്നെങ്കില്‍ കേരളത്തിലേത് മൂലമ്പിള്ളി, ചെങ്ങറ, വിളപ്പില്‍ശാല, കിനാലൂര്‍ തുടങ്ങിയവയായിരുന്നില്ലേ? എല്ലാവിധി മൂലധന ശക്തികളുമായും കൈ കോര്‍ത്ത് ജനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്താന്‍ തയ്യാറായ ബുദ്ധദേവ് ഭട്ടാചാര്യ മുതല്‍ എളമരം കരീം വരെയുള്ളവരെ തുറന്നുകാട്ടാന്‍ പാര്‍ട്ടിക്ക് കഴിയാതിരുന്നത് എന്തുകൊണ്ട്? ദേശീയ പാതകള്‍ കോര്‍പറേറ്റുകള്‍ക്ക് വിറ്റ് ടോള്‍ കൊള്ള നടത്താന്‍ കൂട്ടുനില്‍ക്കുന്ന ഇടതുപക്ഷത്തെ തിരുത്താന്‍ കഴിയുന്ന എന്തെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഭവിച്ചുവോ? പാര്‍ട്ടി നേതാക്കളുടെ ധനസമ്പാദനം, ജീവിത ശൈലി, ശരീര ഭാഷ തുടങ്ങിയവയില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നു തോന്നുന്നുവോ?
ഇന്ത്യാ രാജ്യത്തിന്റെ സ്ഥിതി അത്യന്തം ശോചനീയമാണ്. ഒരുവശത്ത് വര്‍ഗീയ ധ്രുവീകണത്തിനായി സംഘ്പരിവാര്‍ ശക്തികളെ അഴിച്ചുവിട്ടിരിക്കുന്നു. മറുവശത്ത് കോര്‍പറേറ്റ് മോദി ഇന്ത്യാ രാജ്യം മുറിച്ചുവിറ്റുകൊണ്ടിരിക്കുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമം, പരിസ്ഥിതിക നിയമങ്ങള്‍, ദരിദ്രര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ എല്ലാം നമ്മുടെ മുന്നിലുണ്ട്. ആറ് മാസം കൊണ്ട് അദാനിയുടെ ആസ്തിയിലുള്ള വര്‍ധനവ് മാത്രം 25,000 കോടി രൂപ. ഭൂനിയമത്തിനെതിരെ കോണ്‍ഗ്രസ് ഗതികെട്ട് രംഗത്തിറങ്ങിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ശ്രമമാണത്. പക്ഷേ, ഭരണകര്‍ത്താവായ ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമല്ല, മോദിക്കൊപ്പമാണ്. ഭൂമി ഏറ്റെടുക്കാന്‍ പഴയ നിയമം (ബ്രിട്ടീഷ് കാലത്തെ നിയമം) തന്നെ ഉപയോഗിക്കാന്‍ കലക്ടര്‍മാര്‍ക്ക് ഉത്തരവ് നല്‍കുന്ന തീരുമാനം കേരള മന്ത്രിസഭയെടുത്തത് രാഹുല്‍ ഗാന്ധി സരമം നടത്തുമ്പോള്‍ തന്നെയാണല്ലോ.
ഇടതുപക്ഷത്തിന് പശ്ചിമ ബംഗാളില്‍ തല്‍ക്കാലമൊന്നും അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് തീര്‍ച്ച. ഏങ്കിലും രാജ്യമാകെ ഒരു വിശാല സമരമുന്നണിയും കേരളം പോലെയുള്ള സംസ്ഥാനങ്ങളിലെങ്കിലും തിരഞ്ഞെടുപ്പ് സഖ്യങ്ങളും ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിയുമോ? ഇടതുപക്ഷ ഐക്യം എന്നത് കേവലം വായ്ത്താരി മാത്രമാണെന്ന് അനുഭവം കൊണ്ട് തെളിയിച്ചവരാണ് കേരളത്തിലെ പാര്‍ട്ടി നേതൃത്വം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കാലം ഒരുമിച്ചുനിന്നവരെ ചവിട്ടിപ്പുറത്താക്കാനും നീചമായ ഭാഷയില്‍ ഭര്‍ത്സിക്കാനും തയ്യാറായത് തെറ്റായിരുന്നുവെന്നെങ്കിലും കരുതുന്നുവോ? ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലെ ജനകീയവും ശാസ്ത്രീയവുമായ വിഷയത്തില്‍ ‘താത്കാലിക ലാഭം’ മാത്രം നോക്കിയെടുത്ത നിലപാട് തിരുത്താനാകുമോ? കേരളത്തില്‍ നടന്നുവരുന്ന ജനകീയ സമരങ്ങളോട് മുഖം തിരിക്കുന്ന രീതികളെങ്കിലും മാറ്റാനാകുമോ? ഡല്‍ഹിയില്‍ സമരം നടക്കുമ്പോള്‍ പാരിസ്ഥിതിക സാമൂഹിക സമര പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്ന നേതാവാണ് യെച്ചൂരി. കേരളത്തിലും ഈ നയം വേണമെന്നദ്ദേഹം പറയാന്‍ തയ്യാറാകുമോ? കാത്തിരുന്നുകാണാം. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി സി പി എമ്മിന്റെ ഭാവി തീരുമാനിക്കുന്നവയാണ്.
സീതാറാം യെച്ചൂരിക്ക് മാധ്യമസൗഹൃദ മുഖമുണ്ടെന്നതോ ഹിന്ദി അറിയാമെന്നതോ ഒന്നുമല്ല എസ് രാമചന്ദ്രന്‍ പിള്ളയെക്കാള്‍ സ്വീകാര്യനാക്കുന്നത്. മുമ്പ് പറഞ്ഞ ആധുനിക സാമൂഹത്തിന്റെ ചലനങ്ങള്‍ കണ്ടറിയാനും തൊട്ടറിയാനും അദ്ദേഹത്തിന് കഴിയുമെന്ന പ്രതീക്ഷയാണ്. ഇതൊരു ചെറിയ കടമയല്ല. ഒറ്റയടിക്ക് നടക്കാവുന്നതുമല്ല. ഇതൊന്നും ചെയ്യാനായില്ലെങ്കില്‍ ആര് സെക്രട്ടറിയായാലും ഒരു മാറ്റവും വരാനും പോകുന്നില്ല.
വാല്‍കഷണം- ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു ‘സി പി എമ്മിലെ ടോം വടക്കനാണ് എസ് രാമചന്ദ്രന്‍ പിള്ള’യെന്ന്. ഈ പരാമര്‍ശം ആര്‍ക്കാണ് ദോഷകരം, ടോം വടക്കനോ എസ് രാമചന്ദ്രന്‍ പിള്ളക്കോ?