ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ചാമ്പ്യന്‍മാര്‍

Posted on: May 3, 2015 9:36 pm | Last updated: May 3, 2015 at 11:51 pm

chelseaലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്ക്. ക്രിസ്റ്റല്‍ പാലസിനെ 1-0ത്തിന് തോല്‍പ്പിച്ചാണ് മൂന്ന് മത്സരങ്ങള്‍ ബാക്കി നല്‍ക്കെ ചെല്‍സി കിരീടമുറപ്പിച്ചത്. 2011ന് ശേഷം ഇത് ആദ്യമായാണ് ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് രാജാക്കന്മാരായത്. ലീഗില്‍ തൊട്ടുപിന്നാലെയുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ ബഹുദൂരം പിന്നിലാക്കിയാണ് ചെല്‍സി നാലാം കിരീടമുറപ്പിച്ചത്.
ഏഡന്‍ ഹസാര്‍ഡിന്റെതായിരുന്നു ചെല്‍സിയുടെ വിജയഗോള്‍. ഹസാര്‍ഡ് തൊടുത്ത പെനാല്‍റ്റി കിക്ക് ക്രിസ്റ്റല്‍ പാലസ് ഗോളി കൃത്യമായി തടഞ്ഞിട്ടു. എന്നാല്‍ പന്ത് പൊങ്ങി വന്നപ്പോള്‍ ഹസാര്‍ഡ് ഹെഡ് ചെയ്ത് വലക്കുള്ളിലാക്കുകയായിരുന്നു. ക്രിസ്റ്റല്‍ പാലസിനെതിരെ ചെല്‍സി തോറ്റാല്‍ മാത്രമേ മറ്റ് ടീമുകള്‍ക്ക് സാധ്യതയുണ്ടായിരുന്നുള്ളു. ചെല്‍സിയുടെ കിരീടധാരണം വൈകിപ്പിക്കാനുള്ള ക്രിസ്റ്റല്‍ പാലസിന്റെ ശ്രമം പൊളിയുന്ന കാഴ്ചയാണ് മത്സത്തില്‍ കണ്ടത്.
ഫാമിലുള്ള ലീസസ്റ്ററിനെ ഒന്നിനെതിരെ മൂന്ന് ഗോളിനു തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ചെല്‍സി ഇറങ്ങിയത്. ഹൊസെ മൊറിന്യോയുടെ കീഴില്‍ ഇത് മൂന്നാം തവണയാണ് ചെല്‍സി കിരീടത്തില്‍ മുത്തമിടുന്നത്. പ്രീമിയര്‍ ലീഗില്‍ 35 മത്സരം കളിച്ച ചെല്‍സി 83 പോയിന്റ് നേടിയാണ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 34 മത്സരങ്ങളില്‍ നിന്ന് 67 പോയിന്റാണുള്ളത്. 33 മത്സരങ്ങളില്‍ 67 പോയിന്റുമായി ആഴ്‌സണല്‍ മൂന്നാമതാണ്.