Wayanad
ജില്ലയിലെ 123 ആദിവാസി കോളനികള്‍ക്ക് സാമൂഹിക അവകാശ രേഖ

കല്‍പ്പറ്റ: ജില്ലയിലെ 123 ആദിവാസി കോളനികള്‍ക്ക് വനാവകാശ നിയമ പ്രകാരമുള്ള സാമൂഹിക അവകാശ രേഖ മെയ് നാലിന് ജനസമ്പര്‍ക്ക വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും. ഇത് വനത്തില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വഴിയൊരുക്കും. ജി.പി.എസ് സംവിധാനം ഉപയോഗിച്ചാണ് കോളനികളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ചിട്ടുള്ളത്. ജില്ലയില്‍ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ അപേക്ഷകളും തീര്‍പ്പാക്കിയതായി ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. 4455 വ്യക്തിഗത അവകാശ രേഖകളും 102 വികസന അവകാശ രേഖകളും ജില്ലയില്‍ വിതരണം ചെയ്യും.
സാമൂഹിക അവകാശ രേഖ ലഭിക്കുന്നതോടെ ഉപജീവനത്തിനായി വന വിഭവങ്ങള്‍ ശേഖരിക്കുന്നതിനും കന്ന്കാലികളെ മേക്കുന്നതുനും മത്സ്യ വിഭവങ്ങള്‍ ശേഖരിക്കുന്നതിനും ഗോത്ര വര്‍ഗ വിഭാഗക്കാര്‍ക്ക് അവകാശം ലഭിക്കും. ജി.പി.എസ്. സംവിധാനത്തോടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് അവകാശ രേഖ നല്‍കുന്ന രണ്ടാമത്തെ ജില്ലയാണ് വയനാട്.