Connect with us

Kasargod

വിദ്യാഭ്യാസ വികസനത്തിന് ദിശാബോധം പകര്‍ന്ന് സെമിനാര്‍

Published

|

Last Updated

കാസര്‍കോട് : ജില്ലയുടെ വിദ്യാഭ്യാസ വികസനത്തിന് പുതിയ ദിശാബോധം പകര്‍ന്ന് വിദ്യാഭ്യാസ വികസന സെമിനാര്‍. പ്രസ്‌ക്ലബും ചേമ്പര്‍ ഓഫ് കൊമേഴ്‌സും ജില്ലാ വിദ്യാഭ്യാസ വികസന സമിതിയും ചേര്‍ന്ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സെമിനാര്‍ വിദ്യാഭ്യാസ വികസനരേഖക്ക് രൂപം നല്‍കി. നിലവിലുള്ള സ്ഥാപനങ്ങളുടെ വികസനവും പുതിയ കോഴ്‌സുകളും സ്ഥാപനങ്ങളും തുടങ്ങേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്ത സെമിനാര്‍ പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് എം ഒ വര്‍ഗീസ് അധ്യക്ഷനായി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ല ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് കേന്ദ്രസര്‍വകലാശാല ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഇവിടെ ആരംഭിക്കാന്‍ കഴിഞ്ഞതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പി കരുണാകരന്‍ എംപി പറഞ്ഞു.
സെമിനാറിന്റെ ഭാഗമായി തയ്യാറാക്കിയ വിദ്യാഭ്യാസ വികസന രേഖ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ അബ്ദുല്‍ ഖാദര്‍ നോര്‍ത്ത്മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുശീല്‍ ആറോണിന് നല്‍കി പ്രകാശനം ചെയ്തു. സര്‍വകലാശാലക്ക് കീഴില്‍ ചെര്‍ക്കള ഇന്ദിരാ നഗറില്‍ സ്വാശ്രയ ലോ കോളജ് ഈ വര്‍ഷം ആരംഭിക്കുമെന്ന് വിസി പറഞ്ഞു. ജില്ലയില്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ തയ്യാറാണെന്നും കേന്ദ്രസര്‍വകലാശാലക്ക് കീഴില്‍ മെഡിക്കല്‍ കോളജ് വരാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. കെ പി ജയരാജന്‍ വിദ്യാഭ്യാസ വികസനരേഖ അവതരിപ്പിച്ച സെമിനാറില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ഡോ. വി പി രാഘവന്‍(കേന്ദ്ര സ്ഥാപനങ്ങളും സാധ്യതകളും), ഡോ. സി ബാലന്‍(പ്രൊഫഷണല്‍ വിദ്യാഭ്യാസ സാധ്യതകളും ആവശ്യകതയും), ഡോ. എ അശോകന്‍(കോളജ് വിദ്യാഭ്യാസത്തിന്റെ നവീകരണവും സാധ്യതയും), പ്രൊഫ. വി ഗോപിനാഥന്‍(കേന്ദ്രസര്‍വകലാശാലയുടെ വികസന സാധ്യതകള്‍) എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍(ഉദുമ), ഡോ. കെ കെ എന്‍ കുറുപ്പ്, അഡ്വ. സി കെ ശ്രീധരന്‍, എം സി ഖമറുദ്ദീന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, മംഗളൂരു സര്‍വകലാശാല സിണ്ടിക്കേറ്റ് അംഗം അഡ്വ. കെ കെ മോഹനചന്ദ്രന്‍ നമ്പ്യാര്‍, അഡ്വ. കെ ശ്രീകാന്ത്, പ്രസ്‌ക്ലബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, മാലിക്ദീനാര്‍ ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ ഡോ. മോളി മാത്യു, സി ശ്രീധരന്‍, സത്താര്‍ ആരിക്കാടി പ്രസംഗിച്ചു.