Connect with us

Ongoing News

കുക്കിന് സെഞ്ച്വറി; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

Published

|

Last Updated

ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 240/7 എന്ന നിലയിലാണ്. ദീര്‍ഘകാലത്തിന് ശേഷം ഫോമിലേക്ക് തിരികെയെത്തിയ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറിയാണ് ആദ്യ ദിനത്തില്‍ ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 105 റണ്‍സ് നേടിയ കുക്ക് സാമുവല്‍സിന്റെ പന്തില്‍ രാംദിന്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. 12 ബൗണ്ടറികള്‍ അടങ്ങിയതായിരുന്നു കുക്കിന്റെ ഇന്നിംഗ്‌സ്. ടെസ്റ്റില്‍ കുക്കിന്റെ 26-ാം സെഞ്ച്വറിയാണിത്. മേയ് 2013ന് ശേഷം നേടുന്ന ആദ്യ സെഞ്ചുറിയും.
സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഷാനൊണ്‍ ഗബ്രിയേലിന്റെ പന്തില്‍ പെര്‍മോലിന് ക്യാച്ച് നല്‍കി ജൊനാദന്‍ ട്രോട്ട് പുറത്ത്. സ്‌കോര്‍ 38ല്‍ നില്‍ക്കെ ഗാരി ബാലന്‍സും (18), ഇയാന്‍ ബെല്ലും (പൂജ്യം) പുറത്തായതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങി. കുക്കിന് പുറമേ 58 റണ്‍സ് നേടിയ മൊയിന്‍ അലി മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പൊരുതിയത്. ജോ റൂട്ട് (33), ബെന്‍ സ്റ്റോക്‌സ് (22) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. വെസ്റ്റിന്‍ഡീസിനായി വേണ്ടി ഷാനൊണ്‍ ഗബ്രിയേല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Latest