Gulf
ഭക്ഷണശാലകളില്‍ വെള്ളത്തിന് അമിത വില ഈടാക്കുന്നെന്ന് ഉപഭോക്താക്കള്‍

അബുദാബി: കഫേകളും റെസ്റ്റോറന്റുകളും ഉള്‍പെട്ട തലസ്ഥാനത്തെ ഭക്ഷണശാലകളില്‍ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതായി ഉപഭോക്താക്കള്‍. ഗ്രോസറികളിലും മറ്റും ഒരു ദിര്‍ഹം മാത്രം വിലയുള്ള കുപ്പിവെള്ളത്തിന് 25 ഇരട്ടി വരെ വില ഈടാക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് ദ നാഷ്‌നല്‍ ദിനപത്രം നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. ഇത്തരം ഭക്ഷണശാലകളില്‍ കയറിയാല്‍ അവര്‍ പറയുന്ന വിലക്ക് വെള്ളം വാങ്ങേണ്ടി വരുന്നതായി സൗത്ത് ആഫ്രിക്കന്‍ സ്വദേശിയായ ജിനവെഉവെ വ്യക്തമാക്കി. ഒരു കുപ്പി വെള്ളത്തിന് 30 ദിര്‍ഹം വരെ ഈടാക്കുന്നത് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണെന്ന് ബാക് അഭിപ്രായപ്പെട്ടു. മിക്കവരും ആരോഗ്യത്തിന് ഹാനികരമാവുമെന്ന് കരുതി ഭക്ഷണം കഴിക്കാനായി പുറത്തു പോയാല്‍ ടാപ്പിലെ വെള്ളം കുടിക്കാന്‍ ഇഷ്ടപ്പെടാറില്ല. ഇതാണ് ഇത്തരം സ്ഥാപനങ്ങള്‍ ചൂഷണം ചെയ്യുന്നത്. യാസ് വാട്ടര്‍ വേള്‍ഡില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് 30 ദിര്‍ഹത്തിന് ഒരു കുപ്പി വെള്ളം വാങ്ങേണ്ടി വന്നത്. ഇവിടെ സന്ദര്‍ശകകര്‍ക്ക് സ്വന്തമായി വെള്ളം പോലും കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. വെള്ളത്തിന് എത്ര ദിര്‍ഹത്തിന് വില്‍ക്കാമെന്നത് സംബന്ധിച്ച് നിയമമില്ലെന്ന് സാമ്പത്തിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃസംരക്ഷണ വിഭാഗം തലവന്‍ ഡോ. ഹാഷിം അല്‍ നുഐമി പ്രതികരിച്ചു.