ആണ്‍കുട്ടികളുണ്ടാകാന്‍ രാംദേവിന്റെ ‘മരുന്ന്’; രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Posted on: May 1, 2015 10:33 am | Last updated: May 1, 2015 at 10:33 am

puthra packetന്യൂഡല്‍ഹി: ആണ്‍കുട്ടികളുണ്ടാകാനുള്ള സിദ്ധൗഷധമെന്ന നിലയില്‍ ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കിയ ‘പുത്ര ജീവക് ബീജി’ നെച്ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാംദേവിന്റെ ഈ ഔഷധം തട്ടിപ്പാണെന്നും കമ്പനിക്കെതിരെ നടപടി വേണമെന്നും രാജ്യസഭയില്‍ വിഷയം ഉന്നയിച്ച ജനതാദള്‍ യു നേതാവ് കെ സി ത്യാഗി ആവശ്യപ്പെട്ടു. ബേഠി ബച്ചാഓ; ബേഠി പഠാഓ (പെണ്‍കുട്ടികളെ രക്ഷിക്കൂ; പെണ്‍കുട്ടികളെ പഠിപ്പിക്കൂ) എന്ന പദ്ധതി നടപ്പാക്കുന്ന ഹരിയാന സര്‍ക്കാറിന്റെ ബ്രാന്‍ഡ് അംബാസഡറായ രാംദേവിന് ഇത്തരം ഒരു മരുന്ന് വില്‍ക്കാന്‍ കഴിയുന്നത് എങ്ങനെയെന്നും ത്യാഗി രാജ്യസഭയില്‍ ചോദിച്ചു. നരേന്ദ്ര മോദിയെപ്പോലെ ‘ചുറുചുറുക്കുള്ള’ നേതാവ് രാജ്യം ഭരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ നടക്കുന്നത് മഹാകഷ്ടമാണെന്ന് ത്യാഗി പരിഹസിച്ചു. രാജ്യത്ത് പെണ്‍കുട്ടികളുടെ ഉന്നമനത്തിനും സ്ത്രീ- പുരുഷ അനുപാതം ശരിയായി കാത്തു സൂക്ഷിക്കുന്നതിനും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനിടയില്‍ രാംദേവിനെപ്പോലെ ഒരാള്‍ ഇത്തരമൊരു മരുന്ന് വിപണിയിലിറക്കുന്നത് അപമാനകരമാണെന്ന് ത്യാഗിയെ പിന്തുണച്ച് സംസാരിച്ച പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ബഹളം നടക്കുന്നതിനിടെ എസ് പിയിലെ ജയാബച്ചന്‍ ‘ദിവ്യഔഷധ’ത്തിന്റെ ഒരു പാക്കറ്റ് ആരോഗ്യ മന്ത്രി ജെ പി നദ്ദക്ക് നല്‍കി. മരുന്ന് നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ മരുന്ന് ശാസ്ത്രത്തിന് എതിരാണെന്ന് സി പി എമ്മിലെ സീതാറാം യെച്ചൂരി പറഞ്ഞു. മരുന്നിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധനിരയിലേക്ക് കൂടുതല്‍ അംഗങ്ങള്‍ കടന്നു വരുന്നതിനിടെ വിശദീകരണവുമായി മന്ത്രി നദ്ദ എഴുന്നേറ്റു. ഈ വിഷയം ആയുഷ് വകുപ്പുമായി ബന്ധപ്പെട്ടതാണ്. വിഷയം വിശദമായി പഠിച്ച ശേഷം സര്‍ക്കാര്‍ യുക്തമായ നടപടികള്‍ കൈകൊള്ളും. സ്ത്രീ -പുരുഷ അനുപാതത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദിവ്യ ഫാര്‍മസി വിശദീകരണവുമായി രംഗത്തെത്തി. ‘പുത്രജീവക്’ വന്ധ്യതക്കുള്ള മരുന്നാണെന്നും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ഇത് ഏറെ ആശ്വാസകരമാണെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ആണ്‍-പെണ്‍ അനുപാതവുമായി മരുന്നിന് ഒരു ബന്ധവും ഇല്ലെന്ന് പതഞ്ജലി യോഗ പീഠം അവകാശപ്പെട്ടു.
പാക്കറ്റിന് 35 രൂപ വിലയുള്ള മരുന്നിന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത് ഹരിയാനയിലാണ്. ഇവിടെ സ്ത്രീ- പുരുഷ അനുപാതം ദേശീയ ശരാശിരയേക്കാള്‍ താഴെയാണ്. യോഗ പ്രചരിപ്പിക്കാനായി ഈയിടെ ഹരിയാനാ സര്‍ക്കാര്‍ രാംദേവിനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചിരുന്നു.