National
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്നു: യു എസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ മതസ്വാതന്ത്യം കടുത്ത ഭീഷണി നേരിടുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മതപ്രേരിതവും വര്‍ഗീയവുമായ കലാപങ്ങള്‍ വര്‍ധിച്ചതായി യു എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം (യു എസ് സി ഐ ആര്‍ എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഭരണകക്ഷിയായ ബി ജെ പി നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതും ആര്‍ എസ് എസ്, വി എച്ച് പി തുടങ്ങിയ സംഘ് പരിവാര്‍ സംഘടനകള്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനവും വര്‍ധിച്ചുവരുന്ന വര്‍ഗീയ കലാപങ്ങളും നിരത്തിയാണ് രാജ്യത്തെ ഭീതിദമായ അവസ്ഥ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്.
സംഘ് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഘര്‍ വാപസിയെ റിപ്പോര്‍ട്ട് അപലപിച്ചു. മതപരിവര്‍ത്തനത്തിന് വിധേയരാകുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുറമെ ഇത്തരക്കാരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്ന ഹിന്ദുക്കള്‍ക്കും പണം നല്‍കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
യു എസ് വിദേശകാര്യ വകുപ്പിന്റെ കീഴിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ രണ്ടാം പട്ടികയിലാണ് ഇത്തവണയും ഉള്‍പ്പെടുത്തിയത്. 2009 മുതല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രണ്ടാം പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. അതേസമയം, രാജ്യത്തെ ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരെ നടന്ന അ്രകമസംഭവങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ആശാവഹമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമസംഭവങ്ങളെ അപലപിച്ച മോദി, ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്നുമാണ് വ്യക്തമാക്കിയത്. ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വിസ റദ്ദാക്കാന്‍ യു എസ് സി ഐ ആര്‍ എഫ് വിദേശകാര്യ വകുപ്പിനോട് നിര്‍ദേശിച്ചിരുന്നു. എമിഗ്രേഷന്‍ ആന്‍ഡ് നാഷനാലിറ്റി നിയമപ്രകാരം ഏതെങ്കിലും വിദേശ സര്‍ക്കാറിലെ ഉദ്യോഗസ്ഥന്‍ മതസ്വാതന്ത്ര്യം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാണെന്ന് ബോധ്യപ്പെട്ടാല്‍ യു എസ് വിസ ലഭിക്കുന്നതിന് അയോഗ്യരാകും. ഈ വകുപ്പ് പ്രകാരം യു എസ് വിസ നിഷേധിക്കപ്പെട്ട ഏക വ്യക്തിയാണ് മോദി.
ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഒഡീഷ, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മതപ്രേരണയോടെയുള്ള ആക്രമങ്ങളും വര്‍ഗീയ കലാപങ്ങളും വര്‍ധിച്ചതായി യു എസ് സി ഐ ആര്‍ എഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2014ലെ പൊതു തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന പ്രസ്താവനകളും നിര്‍ബന്ധിത മതപരിവര്‍ത്തനവും അക്രമസംഭവങ്ങളും വര്‍ധിച്ചു.
ഘര്‍ വാപസിയെ റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഘര്‍ വാപസിയുടെ ഭാഗമായി ക്രിസ്മസ് ദിനത്തില്‍ ഉത്തര്‍പ്രദേശില്‍ നാലായിരം ക്രിസ്ത്യന്‍ കുടുംബങ്ങളെയും ആയിരം മുസ്‌ലിം കുടുംബങ്ങളെയും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ സംഘ് പരിവാര്‍ സംഘടനകള്‍ അറിയിച്ചിരുന്നു. ഇതിനായി വന്‍ പണപ്പിരിവ് നടത്തുകയും ചെയ്തു. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഒരാളെ മതപരിവര്‍ത്തനം ചെയ്യിക്കുന്നതിന് രണ്ട് ലക്ഷം രൂപയും മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ചെലവ് വരുമെന്നാണ് വി എച്ച് പി അറിയിച്ചത്. എന്നാല്‍, ഇതിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഗ്രയില്‍ കഴിഞ്ഞ ഡിസംബറില്‍ നൂറുകണക്കിന് മുസ്‌ലിംകളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിയമമുണ്ടെങ്കിലും അതെല്ലാം ഏകപക്ഷീയമാണെന്ന് യു എസ് സമിതി ചുണ്ടിക്കാട്ടുന്നു. ഹിന്ദു മതത്തില്‍ നിന്ന് മറ്റ് മതങ്ങളിലേക്കുള്ള പരിവര്‍ത്തനം മാത്രമാണ് അത് തടയുന്നതെന്ന് സമിതി വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രം ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ഏകദേശം 38 ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ പള്ളി തകര്‍ത്തതും ഇതില്‍ ഉള്‍പ്പെടും. സംഘ് പരിവാര്‍ സംഘടനകളും രാഷ്ട്രീയ നേതാക്കളും മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.