മാട്ടിറച്ചി നിരോധം: പരിശോധന പൗരാവകാശം ഹനിക്കുന്ന രീതിയിലാകരുതെന്ന് കോടതി

Posted on: April 30, 2015 3:03 am | Last updated: April 29, 2015 at 9:03 pm

court-hammerമുംബൈ: മാട്ടിറച്ചി നിരോധ നിയമം ബോംബേ ഹൈക്കോടതി ശരിവെച്ചു. മഹാരാഷ്ട്ര നിയമസഭ ഈയിടെ പാസ്സാക്കിയ മാട്ടിറച്ചി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ മാട്ടിറച്ചി കൈവശം വെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. മാട്ടിറച്ചി നിരോധത്തിന് ആധാരമായ മഹാരാഷ്ട്ര മൃഗ സംരക്ഷണ ഭേദഗതി നിയമത്തിലെ സെക്ഷന്‍ 5ഡി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ വന്ന ഹരജി. നിയമത്തിലെ ഈ വകുപ്പ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കിയ ബഞ്ച് ഇത് നടപ്പാക്കുന്നത് തിടുക്കപ്പെട്ടാകരുതെന്ന് നിര്‍ദേശിച്ചു. 1976 ല്‍ ഗോവധ നിരോധം വന്നതിന് ശേഷവും മാട്ടിറച്ചി കൈവശം വെക്കുന്നത് നിയമ വിധേയമായിരുന്നു. മുപ്പത് വര്‍ഷത്തെ ശീലം ഒറ്റയടിക്ക് നിര്‍ത്തുന്നതിന്റെ പ്രശ്‌നമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
മാട്ടിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെയോ സംശയത്തിന്റെയോ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്ന പോലീസ് പൗരന്‍മാരുടെ സ്വകാര്യത ഹനിക്കരുതെന്നും കോടതി നിഷ്‌കര്‍ഷിച്ചു. പരിശോധനകളുടെ പേരില്‍ വീടുകളില്‍ കയറിയിറങ്ങാന്‍ പോലീസ് മുതിരരുത്.
കേസ് വീണ്ടും പരിഗണിക്കുന്ന ജൂണ്‍ 25ന് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ബഞ്ച് നിര്‍ദേശിച്ചു.
അഞ്ച് ഡി വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് ജഗതൈനി, ജോഗേശ്വരി സ്വദേശി ആരിഫ് കപാഡിയാ തുടങ്ങിയവരാണ് കോടതിയിലെത്തിയത്. ബീഫ് കൈവശം വെച്ചാല്‍, ഉരുവിനെ കശാപ്പ് ചെയ്തത് സംസ്ഥാനത്തിന് പുറത്താണെന്ന് തെളിഞ്ഞാല്‍ പോലും, ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതാണെന്ന് 5ഡി വകുപ്പ് അനുശാസിക്കുന്നു.