Connect with us

Kerala

കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോയും പരിഗണനയില്‍

Published

|

Last Updated

തിരുവനന്തപുരം: ലൈറ്റ് മെട്രോയെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ പൂര്‍ണ മെട്രോ പദ്ധതി നടപ്പാക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നു. ലൈറ്റ് മെട്രോ മതിയെന്നാണ് ഡി എം ആര്‍ സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്റെ നിലപാടെങ്കിലും കൊച്ചിയില്‍ നടപ്പാക്കുന്നതിന് സമാനമായ മെട്രോ തന്നെ പരിഗണിക്കണമെന്ന ജനപ്രതിനിധികളുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും നിലപാടാണ് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നത്.
ഇരു നഗരങ്ങളിലും റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം നടപ്പാക്കാനാണ് നിലവില്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. ലൈറ്റ് മെട്രോ നടപ്പാക്കുന്നതിനുള്ള ഡി പി ആര്‍ ആണ് ഡി എം ആര്‍ സി തയ്യാറാക്കിയിരിക്കുന്നതും. എന്നാല്‍, വലിയ വ്യത്യാസങ്ങളില്ലാത്ത സാഹചര്യത്തില്‍ മെട്രോ തന്നെ നടപ്പാക്കി കൂടെയെന്നാണ് ആലോചന. മെട്രോ നടപ്പാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലൈറ്റ് മെട്രോ പദ്ധതി മതിയെന്നാണ് ഇ ശ്രീധരന്റെ ശക്തമായ കാഴ്ചപ്പാട്. ഇതിനിടെയാണ് ജനപ്രതിനിധികളുടെ ചില നിര്‍ദേശങ്ങള്‍ വന്നത്. കൊച്ചിയിലേതുപോലെ കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ റെയില്‍ ആയിക്കൂടെന്നാണ് ജനപ്രതിനിധികളുടെ ചോദ്യം. ഈ രണ്ട് പദ്ധതികള്‍ക്കും വേണ്ടി നിര്‍മിക്കുന്ന ട്രാക്കുകള്‍ തമ്മില്‍ കേവലം ദശാശം രണ്ട് മീറ്റര്‍ വ്യത്യാസം മാത്രമേയുള്ളൂ. ലൈറ്റ് മെട്രോക്ക് 2.7 മീറ്റര്‍ വീതിയില്‍ ട്രാക്ക് വേണ്ടിടത്ത് മെട്രോക്ക് 2.9 മീറ്റര്‍ വീതിയുള്ള ട്രാക്ക് വേണമെന്നത് മാത്രമാണ് വ്യത്യാസം. ഈ പശ്ചാത്തലത്തില്‍ ഏതാണോ ഏറ്റവും അനുയോജ്യം അത് തിരഞ്ഞെടുക്കുന്നതിനാണ് മുന്‍ഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി എം ആര്‍ സിയുടെ ചുമതലയില്‍ ഇ ശ്രീധരന്‍ തുടരുന്നിടത്തോളം അദ്ദേഹത്തിന്റെ സഹായം സര്‍ക്കാര്‍ തേടും. ലൈറ്റ് മെട്രോ നടപ്പാക്കുന്നത് സംബന്ധിച്ച് ധനമന്ത്രി കെ എം മാണി, വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ്, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച രാത്രി ഇ ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഈ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാനായില്ല.
റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം സമയബന്ധിതമായും സംസ്ഥാനത്തിന് അധിക ചെലവ് വരാതെയും നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യങ്ങളില്‍ എല്ലാവര്‍ക്കും യോജിപ്പ് ഉണ്ടെങ്കിലും പദ്ധതി നടപ്പാക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗത്തെക്കുറിച്ച് അന്തിമ രൂപം ആയിട്ടില്ല. ആദ്യം മോണോ റെയില്‍ പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. അതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും ആവശ്യത്തിനുള്ള പ്രതികരണം ലഭിച്ചില്ല. അപ്പോള്‍ ആ പദ്ധതി നടപ്പാകുമോയെന്ന സംശയമുണ്ടായി. പിന്നീടാണ് ഇ ശ്രീധരന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ലൈറ്റ് മെട്രോ പദ്ധതി തീരുമാനിച്ചത്. അതേസമയം ഏത് പദ്ധതിയായാലും കാലതാമസം ഉണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.
മോണോ റെയിലിന് വേണ്ടി തയാറാക്കിയ പഠനരേഖ ഉണ്ടായിരുന്നതിനാല്‍ ലൈറ്റ് മെട്രോയുടെ പ്രാരംഭ നടപടികള്‍ വേഗത്തിലാണ് നീങ്ങിയത്. ഇതിനിടെ ജനപ്രതിനിധികളും മറ്റും പദ്ധതിയെക്കുറിച്ച് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഏത് പദ്ധതിയായാലും പരിശോധിക്കാതെ നടപ്പാക്കുക സാധ്യമല്ല. സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച് ശ്രീധരന് എതിര്‍പ്പില്ല. എന്നാല്‍ സ്വകാര്യ പങ്കാളികളെ കിട്ടുമോയെന്ന സംശയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അങ്ങനെയെങ്കില്‍ പിന്നെയെന്ത് വേണമെന്നുള്ളതില്‍ അദ്ദേഹത്തിന്റെ അഭിപ്രായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ ആദ്യം ഘട്ടം നടപ്പാക്കുന്ന വൈറ്റില-പേട്ട റീച്ചിലെ റോഡിന്റെ വീതി കൂട്ടുന്നതിനായി 104 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.