Connect with us

Kerala

ആലുവ കൂട്ടക്കൊല: ആന്റണിയുടെ വധശിക്ഷ നടപ്പാക്കല്‍ അനിശ്ചിതത്വത്തില്‍

Published

|

Last Updated

തിരുവനന്തപുരം: 2001ലെ ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആലുവ സ്വദേശി ആന്റപ്പനെന്ന ആന്റണിയുടെ വധശിക്ഷ നടപ്പാക്കല്‍ വീണ്ടും അനിശ്ചിതത്വത്തില്‍. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ആന്റണിയുടെ ദയാഹരജി തള്ളിയതോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇയാളുടെ വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.

വധശിക്ഷ ഇന്നോ നാളെയോ നടപ്പാക്കുമെന്ന നിലയില്‍ കാര്യങ്ങള്‍ പുരോഗമിക്കവേയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തിരിക്കുന്നത്.
വധശിക്ഷ സംബന്ധിച്ചുള്ള പുതിയ നിയമമാണ് ആന്റണിയുടെ ആയുസ്സിന് ബലമേകിയിരിക്കുന്നത്. സുപ്രീകോടതിയില്‍ മുന്ന് ജഡ്ജിമാരടങ്ങുന്ന ബഞ്ച് വാദം കേട്ടശേഷമേ വധശിക്ഷക്ക് വിധിക്കാവൂവെന്ന നിയമത്തിന്റെ ആനുകൂല്യത്തിന് ആന്റണിക്കും അര്‍ഹതയുണ്ടെന്ന് കാണിച്ച് ആന്റണിയുടെ അഭിഭാഷകന്‍ അഡ്വ. രാജീവ് നമ്പീശന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ ആന്റണിയുടെ കേസ് മുമ്പ് പരിഗണിച്ചത് രണ്ട് ജഡ്ജിമാരടങ്ങുന്ന ഡിവിഷന്‍ ബഞ്ചായിരുന്നു. ഇതിനു പുറമെ ആന്റണിയുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ജമ്മ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിക്ക് ദയാഹരജി നല്‍കിയിട്ടുണ്ട്.
രാഷ്ട്രപതി ഒരിക്കല്‍ ദയാഹരജി തള്ളിയ കേസില്‍ വീണ്ടും ദയാഹരജി സമര്‍പ്പിക്കുന്നത് അപൂര്‍വമാണ്. ഈ രണ്ട് ഹരജികളും പരിഗണിച്ച ശേഷമേ ഇനി ആന്റണിയുടെ വധശിക്ഷ ഒരുപക്ഷേ നടപ്പാക്കൂ. അടുത്ത മാസമേ ഇതുണ്ടാകൂ. അതുവരെ ജയിലിലെ സെല്ലില്‍ നാളുകളെണ്ണി കഴിയുന്ന ആന്റണിക്ക് ആയുസ്സ് നീട്ടികിട്ടിയേക്കും.
അതേസമയം, ആന്റണി നടത്തിയെന്ന് പറയുന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള ദുരൂഹ പൂര്‍ണമായി നീങ്ങിയിട്ടില്ലെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. ലോക്കല്‍ പോലീസും െ്രെകംബ്രാഞ്ചും പിന്നീട് സി ബി ഐയും അന്വേഷിച്ച കേസില്‍ സി ബി ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന കമാല്‍പാഷയാണ് ആന്റണിയെ വധശിക്ഷക്ക് വിധിച്ചത്. ആലുവ മാഞ്ഞൂരാന്‍ കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലാണ് ആന്റണിക്ക് വധശിക്ഷ ലഭിച്ചത്.
കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ആന്റണിക്ക് വിദേശത്തേക്ക് വിസ ലഭിച്ചപ്പോള്‍ ഇവര്‍ സഹായിച്ചില്ലെന്നും ഇത് ആന്റണിയില്‍ വൈരാഗ്യം ഉണ്ടാക്കിയെന്നും കൂട്ടക്കൊലക്ക് ഇതാണ് വഴിവച്ചതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
മാഞ്ഞൂരാന്‍ വീട്ടിലെത്തിയ ആന്റണി ആദ്യം ഗൃഹനാഥന്‍ അഗസ്റ്റിയന്റെ അമ്മ ക്ലാരയെയും സഹോദരി കൊച്ചുറാണിയെയും പിന്നീട് തെളിവ് നശിപ്പിക്കാന്‍ അഗസ്റ്റിയനെയും ഭാര്യയെയും മക്കളെയും വകവരുത്തുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകത്തിനു ശേഷം മുംബൈയിലേക്കും അവിടെ നിന്ന് ദമാമിലേക്കും കടന്ന ആന്റണിയെ പോലീസ് തന്ത്രപൂര്‍വ്വം കേരളത്തിച്ച് പിടികൂടുകയായിരുന്നു.