കയറെടുക്കുന്ന കര്‍ഷകന്‍

Posted on: April 30, 2015 4:46 am | Last updated: April 29, 2015 at 6:48 pm

farmer suicideഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതിക്കെതിരെ ആംആദ്മി പാര്‍ട്ടി നടത്തിയ റാലിക്കിടയില്‍ ഗജേന്ദ്രസിംഗ് ആത്മഹത്യ ചെയ്തത് വിവാദമായിരിക്കുകയാണല്ലോ. കോണ്‍ഗ്രസും ബിജെ പിയും ആംആദ്മി പാര്‍ട്ടിക്കാരെ കുറ്റപ്പെടുത്തുകയാണ്. ഡല്‍ഹി പോലീസ് ആ പാര്‍ട്ടിക്കെതിരെ കേസെടുക്കാനും തീരുമാനിച്ചിരിക്കുന്നു. മഴയില്‍ കൃഷി നശിച്ച് ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് താനീ കടുംകൈ ചെയ്യുന്നതെന്ന് എഴുതിവെച്ച ശേഷമാണ് ജന്തര്‍മന്ദറിലെ മരത്തിന്റെ മുകള്‍ക്കൊമ്പില്‍ കയറി ഗജേന്ദ്രസിംഗ് ജീവിതം അവസാനിപ്പിച്ചത്. വിളനാശം മൂലം ഉണ്ടായ നഷ്ടവും അരക്ഷിതബോധവുമാണ് ‘തന്റെ കുഞ്ഞുങ്ങള്‍ക്ക് ഞാനെങ്ങനെ ഇനി ആഹാരം വാങ്ങിച്ചുകൊടുക്കു’മെന്ന് കുറിച്ചുവെച്ച് സ്വയം മരണം വരിക്കുന്നതിലേക്ക് ഈ കര്‍ഷകനെ എത്തിച്ചത്. രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള കര്‍ഷകനാണ് ഗജേന്ദ്ര സിംഗ്.
സ്വാതന്ത്ര്യത്തിന്റെ 68 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കണ്ണീര്‍ക്കയത്തില്‍ കഴിയുന്ന ഇന്ത്യന്‍ കര്‍ഷക സമൂഹത്തിന്റെ പ്രതിനിധിയും പ്രതീകവുമാണ് ഗജേന്ദ്ര സിംഗ്. മഹാരാഷ്ട്രയിലെ വിദര്‍ഭയിലും പഞ്ചാബിലെ ഭട്ടിന്‍ഡയിലും ആന്ധ്രയിലെ വാറങ്കലിലും കേരളത്തിലെ വയനാട്ടിലും കടക്കെണിയും വിലത്തകര്‍ച്ചയും മൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന കര്‍ഷക സമൂഹത്തിലെ ഒരംഗം. ആഗോളവത്കരണ നയങ്ങള്‍ ആറര ലക്ഷത്തിലേറെ കര്‍ഷകരുടെ ആത്മഹത്യാമരണങ്ങളാണ് ഇന്ത്യയില്‍ സൃഷ്ടിച്ചതെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അര മണിക്കൂറില്‍ ഒരു കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്ന നാടാണ് ഇന്ന് ഇന്ത്യ. കൃഷി പ്രയോഗത്തില്‍ വരുത്തിയ ആദ്യപ്രദേശങ്ങളിലൊന്നായി ആധുനിക സസ്യശാസ്ത്രം പരിഗണിക്കുന്ന രാജ്യമാണ് നമ്മുടേത്. ലോകസംസ്‌കൃതിയുടെ കളിത്തട്ടിലുകളിലൊന്നായിട്ടാണല്ലോ സിന്ധുനദീതട സംസ്‌കാരത്തിന്റെ ഉടമകളുടെ നാടായ ഇന്ത്യയെ ആധുനിക ചരിത്രം കാണുന്നത്.
കാര്‍ഷികവൃത്തി പിറന്നുവീണ ഇന്ത്യയുടെ മണ്ണില്‍ കൃഷിചെയ്യാന്‍ പറ്റാത്ത ഭക്ഷ്യധാന്യങ്ങളൊന്നുമില്ല. ഈ മണ്ണില്‍ കായ്ക്കാത്ത കായ്കനികള്‍ ഒന്നുമില്ല. ഇന്ത്യയുടെ മണ്ണിലില്ലാത്ത ലോഹധാതുക്കളൊന്നുമില്ല. ഇന്ത്യയുടെ വനമേഖലയില്‍ കാണാത്ത പക്ഷി മൃഗാദികളും സൂക്ഷ്മജീവികളുമില്ല. അത്യന്തം ജൈവവൈവിധ്യം നിറഞ്ഞതും ഫലഭൂയിഷ്ഠവുമാണ് ഈ മണ്ണ്. ഈ സമ്പന്നമായ കര്‍ഷകന്റെ മണ്ണ് ഇന്ന് കര്‍ഷകന്റെ തന്നെ ചാവുനിലമാകുകയാണ്. ഉയര്‍ന്ന വളര്‍ച്ചാനിരക്കിനെ കുറിച്ച് മോദിയും അരുണ്‍ജയ്റ്റ്‌ലിയും വാചകമടികള്‍ തുടരുമ്പോഴാണ് പിറന്നമണ്ണില്‍ കൃഷി ചെയ്ത് ജീവിക്കാനാകാതെ കര്‍ഷകജനത കയറെടുത്തും കീടനാശിനി കഴിച്ചും ജീവിതം അവസാനിപ്പിക്കുന്നത്. ജയ്റ്റ്‌ലിയുടെ ബജറ്റില്‍ ഇന്ത്യയുടെ കാര്‍ഷിക വളര്‍ച്ചാനിരക്ക് 1.3 ശതമാനമാണ്! കഴിഞ്ഞ ബജറ്റില്‍ കൃഷിക്ക് 19,000 കോടി രൂപ നീക്കിവെച്ചെങ്കില്‍ ഈ വര്‍ഷത്തെ ബജറ്റില്‍ അത് 17,000 കോടിരൂപയായി വെട്ടിക്കുറച്ചിരിക്കുന്നു. നമ്മുടെ ജി ഡി പി വിഹിതത്തിന്റെ 15 ശതമാനത്തില്‍ താഴെയാണ് കൃഷിയുടെ വിഹിതം.
യൂറോപ്യന്‍ പര്യടനത്തിനിടയില്‍ നരേന്ദ്ര മോദി വീമ്പിളക്കിയത് ചൈനയെയും മറികടന്ന് ഇന്ത്യ ലോകസാമ്പത്തികശക്തിയായി മുന്നേറുകയാണെന്നാണ്. അന്ധമായ പാരമ്പര്യത്തിലും കപടമായ ആത്മാഭിമാനത്തിലും അഭിരമിക്കുന്ന നരേന്ദ്ര മോദിയും കൂട്ടരും കൃഷിചെയ്തും പണിയെടുത്തും ജിവിക്കാനാകാതെ മരണം വരിക്കുന്ന ഇന്ത്യന്‍ ജനതയെക്കുറിച്ച് ലോകസമൂഹത്തിനു മുമ്പില്‍ മൗനം പാലിക്കുകയാണ്. ഭക്ഷണത്തെ അഗ്രിബിസിനസ്സാക്കുകയും കൃഷിയെ കോര്‍പ്പറേറ്റുവത്കരിക്കുകയും ചെയ്ത നവലിബറല്‍ നയങ്ങളാണ് കാര്‍ഷിക മേഖലയെ പാപ്പരീകരിച്ചത്. ഭക്ഷ്യസുരക്ഷക്കായ് സ്വാതന്ത്ര്യാനന്തരം ഇന്ത്യ സ്വീകരിച്ച നയങ്ങളെ പാടെ നിരാകരിച്ചുകൊണ്ടാണ് ആഗോളവത്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. നിധി-ബാങ്ക്-ഡബ്ലിയു ടി ഒ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ഘടനാപരിഷ്‌കാരങ്ങളാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ത്തത്. കടക്കെണിയിലേക്കും സ്വതന്ത്ര വ്യാപാരക്കരാറുകളുടെ ഫലമായ വിലത്തകര്‍ച്ചയിലേക്കും ഇന്ത്യന്‍ കര്‍ഷകരെ തള്ളിവിട്ടത് ഉദാരവത്കരണ നയങ്ങളാണ്. വളം, ജലസേചനം എന്നിവക്കുള്ള സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്ന നയങ്ങളാണ് നരസിംഹ റാവു മുതല്‍ മോദിവരെയുള്ളവര്‍ തുടരുന്നത്. കൃഷിക്ക് മുന്‍ഗണനാമേഖലയെന്ന നിലക്കുള്ള വായ്പാസഹായങ്ങള്‍ നിഷേധിച്ചതാണ് വിശാല ഭൂപ്രദേശങ്ങളില്‍ കര്‍ഷകരെ കടക്കെണിയുടെ നീര്‍ച്ചുഴിയിലേക്ക് തള്ളിയിട്ടത്.
ആഭ്യന്തരവിലകളെ ലോകവിലകള്‍ക്ക് സമാനമാക്കുന്നതിനായി കാര്‍ഷികോത്പന്നങ്ങളുടെ വിലനിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും ഭക്ഷ്യധാന്യങ്ങള്‍ക്കും കാര്‍ഷികചരക്കുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ മാറ്റിയതും ആഗോള അഗ്രിബിസിനസ് കുത്തകകളുടെ താല്പര്യാനുസരണമായിരുന്നു. എന്തുത്പാദിപ്പിക്കണം എവിടെ വില്‍ക്കണം എന്നീ കാര്യങ്ങളിലുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് കമ്പോള നീതിയുടെ കരാളഹസ്തങ്ങളിലേക്ക് ഇന്ത്യന്‍ കര്‍ഷകരെ എറിഞ്ഞുകൊടുക്കുകയാണ് കോണ്‍ഗ്രസും ബി ജെ പിയും ചെയ്തത്. അഗ്രിബിസിനസ് കുത്തകകളുടെ അധിനിവേശത്തിനാവശ്യമായ രീതിയില്‍ ഭൂപരിഷ്‌കരണനിയമം അനുശാസിക്കുന്ന ഭൂപരിധി വ്യവസ്ഥ പോലും എടുത്തുകളയാനാണ് 1990കള്‍ മുതല്‍ ഇന്ത്യ മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ ശ്രമിച്ചത്. നരസിംഹ റാവുവിന്റെയും മന്‍മോഹന്‍ സിംഗിന്റെയും സര്‍ക്കാറുകള്‍ കൃഷിഭൂമിയില്‍ നിന്ന് യഥാര്‍ഥ കര്‍ഷകരെ ഒഴിപ്പിച്ചെടുക്കാനായി ഡബ്ലിയു ടി ഒ നിര്‍ദേശിക്കുന്ന രീതിയില്‍ ‘പ്രൊഡൂസേഴ്‌സ് റിട്ടയര്‍മെന്റ് സ്‌കീം’ വരെ ആവിഷ്‌കരിച്ചു. വ്യവസായ-തൊഴില്‍ മേഖലകളില്‍ നിന്ന് പിരിഞ്ഞുപോകാന്‍ ഗോള്‍ഡന്‍ഷെയ്ക്ക്ഹാന്റ് പോലുള്ള റിട്ടയര്‍മെന്റ് സ്‌കീമുകള്‍ നടപ്പിലാക്കിയതു പോലെ കര്‍ഷകരെ അവരുടെ മണ്ണില്‍ നിന്നും ഒഴിപ്പിക്കാനാണ് പ്രൊഡ്യൂസേഴ്‌സ്‌റിട്ടയര്‍മെന്റ്‌സ്‌കീം രൂപപ്പെടുത്തിയത്. കൃഷിയെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കാനുള്ള നടപടികളായിരുന്നു ഇതെല്ലാം.
ഐ എം എഫ് നിര്‍ദേശമനുസരിച്ച് കോണ്‍്രഗസ്-ബി ജെ പി സര്‍ക്കാറുകള്‍ അടിച്ചേല്‍പ്പിച്ച സബ്‌സിഡി നയം കര്‍ഷകനെ കൃഷി ഭൂമിയില്‍ നിന്ന് നിര്‍ദാക്ഷിണ്യം ആട്ടിയോടിക്കുന്നതായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത മുതലാളിത്തരാജ്യങ്ങള്‍ കര്‍ഷകര്‍ക്ക് കോടിക്കണക്കിന് ഡോളറുകള്‍ സബ്‌സിഡി നല്‍കുമ്പോഴാണ് അമേരിക്കന്‍ ഫൈനാന്‍സ് മൂലധന താത്പര്യങ്ങള്‍ക്ക് കീഴടങ്ങിയ ഇന്ത്യന്‍ ഭരണാധികാരികള്‍ സബ്‌സിഡി വെട്ടിക്കുറക്കാന്‍ നടപടികളെടുത്തത്. 2008-ലെ ഫാംആക്ട് പ്രകാരം അമേരിക്കന്‍ ഭരണകൂടം ആ വര്‍ഷം 30,700 കോടി ഡോളറിന്റെ സബ്‌സിഡിയാണ് കാര്‍ഷികമേഖലക്ക് അനുവദിച്ചത്. നിര്‍ദയമായി ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സബ്‌സിഡികളും സഹായങ്ങളും നിഷേധിച്ച് വിപണിവ്യവസ്ഥയുടെ കിരാതനിയമങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ് ഭരണാധികാരികള്‍ ചെയ്തത്. താങ്ങുവില എടുത്തുകളയുകയും ഇറക്കുമതിയില്‍ ഉണ്ടായിരുന്ന ചുങ്കം പരിമിതപ്പെടുത്തുകയും ചെയ്തതോടെയാണ് തദ്ദേശീയമായ കാര്‍ഷികഉത്പന്നങ്ങളുടെ വിലയിടിഞ്ഞത്. കാപ്പിയും തേയിലയും പ്രതിസന്ധിയിലായത്. പൗരാണികകാലം മുതല്‍ വിദേശ മാര്‍ക്കറ്റുകള്‍ വന്‍ ഡിമാന്റുണ്ടായിരുന്ന നമ്മുടെ കുരുമുളകും ഏലവും ഇഞ്ചിയുമെല്ലാം വിലകിട്ടാത്ത ചരക്കുകളായി.
ഇറക്കുമതി ഉദാരവത്കരണ നയം പരുത്തിയുടെയും കരിമ്പിന്റെയും ഗോതമ്പിന്റേതുമൊക്കെ വിലകുറച്ചപ്പോഴാണ് വാറങ്കലിലും വിദര്‍ഭയിലും ഭട്ടിന്‍ഡയിലുമെല്ലാം കൃഷിക്കാരുടെ കൂട്ട ആത്മഹത്യയുണ്ടായത്. മോണ്‍സാന്റോവിന്റെയും കാര്‍ഗിലിന്‍ കോര്‍പ്പറേറ്റിന്റെയും അന്തകവിത്തുകളുടെ പരീക്ഷണഭൂമിയായി ഇന്ത്യന്‍ കാര്‍ഷികമേഖല മാറിയപ്പോള്‍ രാസവളത്തിന്റെയും കീടനാശിനിയുടെയും ചെലവു വര്‍ധിച്ചു. ഇതെല്ലാം കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ജനസമൂഹത്തിന്റെ ജീവിതത്തെ ദുസ്സഹമാക്കി. അവധിവ്യാപാരം കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാനുള്ള സാധ്യതയെതന്നെ ഇല്ലാതാക്കി. ഉത്പാദകനും ഉപഭോക്താവും എന്ന നിലയില്‍ കൃഷിക്കാര്‍ ഇരട്ടചൂഷണത്തിന് വിധേയരായി. തങ്ങളുടെ ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും തങ്ങള്‍ക്കാവശ്യമുള്ള വസ്തുക്കളുടെ വിലവര്‍ധനവും ഇന്ത്യന്‍ കര്‍ഷകനെ പ്രതിസന്ധിയുടെ നിലമില്ലാകയങ്ങളിലേക്ക് തള്ളിവിട്ടു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കാവശ്യമായ വ്യവസായവിളകളുടെ തോട്ടങ്ങളാക്കി കാര്‍ഷിക മേഖലയെ പരിവര്‍ത്തനപ്പെടുത്തുന്ന നയങ്ങളാണ് നിയോലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചത്.
ആസൂത്രണം ആരംഭിച്ച 1950കളില്‍ ഭക്ഷണമായിരുന്നു കൃഷിയുടെ ലക്ഷ്യം. ഉദാരവത്കരണനയം ഭക്ഷ്യസ്വയംപര്യാപ്തതക്കു പകരം കയറ്റുമതിഉന്മുഖമായ നയമാണ് കാര്‍ഷികമേഖലയില്‍ അടിച്ചേല്‍പ്പിച്ചത്. രാജീവ് ഗാന്ധി മുതലുള്ള കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി വിപണി ലക്ഷ്യമാക്കി കാര്‍ഷികോത്പാദനം സവിശേഷീകരിക്കാനുള്ള ഘടനാക്രമീകരണ പരിപാടികളാണ് ആവിഷ്‌കരിച്ചത്. 19-ാം നൂറ്റാണ്ടിലെ കൊളോണിയല്‍ ഇന്ത്യയില്‍ ധാന്യവിള കൃഷി ചെയ്തിരുന്ന പാടങ്ങള്‍ നീലം കൃഷിക്കായി സവിശേഷീകരിച്ചപ്പോള്‍ ഉണ്ടായ വന്‍ കെടുതികള്‍ സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികള്‍ വിസ്മരിക്കുകയായിരുന്നു. ഇന്ന് സംഘപരിവാറിന്റെ വര്‍ഗീയവത്കരണവും മാവോയിസവും അരങ്ങുതകര്‍ത്താടുന്ന ഛത്തീസ്ഗഢ് പട്ടിണിയുടെ വിളനിലമാണ്. ആഗോളവത്കരണനയങ്ങള്‍ ഛത്തീസ്ഗഢിലെ നെല്‍കൃഷിയാകെ തകര്‍ക്കുകയായിരുന്നു. ഛത്തീസ്ഗഢ് ആയിരത്തിലേറെ അരിയിനങ്ങള്‍ കൃഷി ചെയ്തിരുന്ന ഭൂപ്രദേശമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അരിക്കുത്ത് മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നതും ഛത്തീസ്ഗഢ് മേഖലയിലാണ്. എന്നാലിതെല്ലാം പഴങ്കഥയാണ്. ഛത്തീസ്ഗഢിലെ നെല്‍പ്പാടങ്ങളെല്ലാം അമേരിക്കന്‍ സോയാബീന്‍ കമ്പനികള്‍ കരാര്‍ കൃഷിനടത്തുകയാണ്. പരമ്പരാഗത കര്‍ഷകരും ആദിവാസി ജനതയും ധാന്യപാടങ്ങളില്‍ നിന്ന് അന്യവത്കരിക്കപ്പെട്ടു. സോയാബീന്‍ കൃഷിയോടെ ഈ പ്രദേശങ്ങളില്‍ പട്ടിണി പെരുകുകയാണുണ്ടായത്. ഇപ്പോള്‍ പട്ടിണിയും മാവോയിസവും ഛത്തീസ്ഗഢിലെ ദരിദ്രമേഖലകളില്‍ ഒരു സാംക്രമികരോഗം പോലെ പടര്‍ന്നുപിടിക്കുകയാണ്.
ഇന്ത്യയിലെ പട്ടിണി മരണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളുടെ പര്യായപദമായിട്ടാണ് ഒറീസയിലെ കാളഹന്തി വ്യവഹരിക്കപ്പെടുന്നത്. 1960കളില്‍ 1.18 ലക്ഷം ടണ്‍ മിച്ചധാന്യമുണ്ടായിരുന്ന കാര്‍ഷിക മേഖലയായിരുന്നു കാളഹന്തി. വരള്‍ച്ചയും പരമ്പരാഗതമായി കൃഷിചെയ്തിരുന്ന റാഗിക്കുപകരം എണ്ണവിത്തുകളും പയറുവര്‍ഗങ്ങളും വ്യാപകമായതോടെയാണ് കാളഹന്തി പട്ടിണിമരണങ്ങളുടെ കേളീനിലമായത്. ബലാങ്കീറിലും കോരാപുട്ടിലും കോര്‍പ്പറേറ്റ് കൃഷിയാണ് പരമ്പരാഗത കര്‍ഷകസമൂഹങ്ങളെ പട്ടിണിയിലേക്ക് തള്ളിയിട്ടത്. ഡബ്ലിയു ടി ഒ വ്യവസ്ഥകള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയെയും ഭക്ഷ്യസുരക്ഷയെയും തകര്‍ക്കുകയാണ്. ബാലിവട്ടം ചര്‍ച്ചകളില്‍ ഇന്ത്യ കൃഷിസംബന്ധമായ ഡബ്ലിയു ടി ഒ വ്യവസ്ഥകള്‍ക്ക് കീഴടങ്ങിക്കൊടുക്കുകയായിരുന്നു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോടെ ഇന്ത്യന്‍ കൃഷിയെയും ഭക്ഷ്യസുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന ഡബ്ലിയു ടി ഒ കരാറുകള്‍ പൂര്‍ണമായി അംഗീകരിക്കുകയാണ് ഉണ്ടായത്.
വിത്തുനയത്തിലും പാറ്റന്റ്‌നിയമത്തിലും താങ്ങുവിലയിലും ഇറക്കുമതി നയത്തിലും ഉണ്ടായ മാറ്റങ്ങള്‍ കാര്‍ഷികമേഖലയെ അക്ഷരാര്‍ഥത്തില്‍ മരണം വിളയിക്കുന്ന ഭൂമിയാക്കി തീര്‍ത്തിരിക്കുകയാണ്. വിലകൂടിയ രാസവളത്തിനും വിത്തിനും വേണ്ടി ആഗോളവിപണിയിലേക്ക് കര്‍ഷകരെ വലിച്ചിഴക്കുകയാണ്. ഇതിന്റെ അനിവാര്യവും ഒഴിവാക്കാനാവാത്തതുമായ ഫലമെന്ന നിലയിലാണ് കര്‍ഷകജനത അനുഭവിക്കുന്ന കടക്കെണിയെയും ദുരന്തങ്ങളെയും കാണേണ്ടത്. കയറ്റുമതി ലക്ഷ്യം വെച്ചുള്ള നാണ്യവിളകൃഷി ഭക്ഷ്യസുരക്ഷയെയും കര്‍ഷകന്റെ വിത്തിന്‍മേലുമുള്ള അവകാശത്തെയുമാണ് ഇല്ലാതാക്കുന്നത്. സങ്കരയിനം വിത്തുകള്‍ ഓരോ വിളക്കും വിലകൊടുത്തു വാങ്ങേണ്ടിവരുന്നു. കൂടിയ രാസവളവും കീടനാശിനിയും ഉപയോഗിക്കേണ്ടിവരുന്നു. ഈയൊരു ദുര്‍ഗതിയാണ് പഞ്ചാബിലും ആന്ധ്രയിലും കര്‍ഷക ആത്മഹത്യകള്‍ വര്‍ധിതമാകാന്‍ കാരണമായത്.
ഇന്നും ഇന്ത്യന്‍ കൃഷി കാലവര്‍ഷംകൊണ്ടുള്ള ഒരു ചൂതാട്ടമാണെന്ന് പറയേണ്ടിവരുന്നു. വരള്‍ച്ചയും പ്രളയവും ഒരുപോലെ വിളനാശമുണ്ടാക്കുന്നു. കടം വാങ്ങി കൃഷിക്കുമുടക്കിയ കൃഷിക്കാരന് ബേങ്കുകള്‍ക്കും സ്വകാര്യ പണമിടപാടകാര്‍ക്കും ഗഡുക്കളും പലിശയുമടക്കാന്‍ കഴിയാത്ത വിഷമാവസ്ഥയാണ് വിളനാശം മൂലമുണ്ടാകുന്നത്. ഇന്ത്യയെ 25 മെട്രോളജിക്കല്‍ ഡിവിഷനുകളായി തിരിച്ച് വരള്‍ച്ചയെയും പ്രളയത്തെയും മുന്‍കൂട്ടി അറിയാനുള്ള സംവിധനങ്ങളൊക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഭരണാധികാരികള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഗജേന്ദ്രസിംഗുമാര്‍ക്ക് വിളനാശം മൂലം ജീവനൊടുക്കേണ്ടിവരുന്ന അവസ്ഥയാണ് ഇന്ത്യയിലെങ്ങും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കൃഷിയെ കോര്‍പ്പറേറ്റുവത്കരിക്കുന്ന നയങ്ങളാണ് കര്‍ഷകന് കയറെടുക്കേണ്ട ദുരവസ്ഥയുണ്ടാക്കുന്നതെന്ന കാര്യമാണ് നാടിനെ സ്‌നേഹിക്കുന്ന എല്ലാവരെയും ഗജേന്ദ്രസിംഗുമാരുടെ ആത്മഹത്യകള്‍ ഓര്‍മിപ്പിക്കുന്നത്. കര്‍ഷകജനസമൂഹത്തെ സ്വന്തം മണ്ണില്‍ നിന്ന് അടിച്ചിറക്കി കോര്‍പ്പറേറ്റ് വികസനത്തിന് രാജപാത ഒരുക്കുകയാണ് മോദിസര്‍ക്കാര്‍ ഇപ്പോള്‍ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലൂടെ. ജനിച്ചുപോയതുകൊണ്ടുമാത്രം ജീവിക്കേണ്ടിവരുന്ന അവസ്ഥയില്‍ നിന്നും ഇന്ത്യന്‍ കൃഷിക്കാരന് ഭൂമിയും ജീവിതവും അവകാശപ്പെട്ടതാണെന്നകാര്യമാണ് നിയോലിബറല്‍ ഭരണാധികാരികളെ ഓര്‍മിപ്പിക്കേണ്ടത്. അതിനായിട്ടുളള പോരാട്ടങ്ങളാണ് ഗജേന്ദ്രസിംഗുമാരുടെ ദാരുണമായ മരണങ്ങള്‍ മനുഷ്യസ്‌നേഹികളില്‍ നിന്നും ആവശ്യപ്പെടുന്നത്. കൃഷിചെയ്ത് ജീവിക്കാനും കൃഷിക്കാവശ്യമായ ഭൂമി സംരക്ഷിക്കാനും ആവശ്യമായ നയരൂപീകരണവും നടപടികളുമാണ് ഇന്ത്യന്‍ കര്‍ഷകന് ഇന്നാവശ്യം.