Connect with us

International

ഇന്തോനേഷ്യയില്‍ മയക്കുമരുന്ന് കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കി

Published

|

Last Updated

ജക്കാര്‍ത്ത/ മെല്‍ബണ്‍: മയക്കുമരുന്ന് കേസില്‍ പ്രതികളായ തങ്ങളുടെ രണ്ട് പൗരന്‍മാരെ ഇന്തേനേഷ്യ വധശിക്ഷക്ക് വിധേയമാക്കിയതിനോട് രൂക്ഷ പ്രതികരണവുമായി ആസ്‌ത്രേലിയ. ഇന്തോനേഷ്യയിലെ ആസ്‌ത്രേലിയന്‍ അംബാസിഡറെ തിരിച്ച് വിളിക്കാനും ആ രാജ്യവുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കാനും തീരുമാനിച്ചതായി പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ ജക്കാര്‍ത്തയുമായുള്ള ബന്ധത്തില്‍ വന്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്തോനേഷ്യയുടെ പരമാധികാരത്തെ ഞങ്ങള്‍ വിലമതിക്കുന്നു. എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇത് പതിവ് കാര്യമല്ല- അബോട്ട് തുറന്നടിച്ചു.
അതേസമയം, മയക്കു മരുന്ന് കള്ളക്കടത്തുകാര്‍ക്കെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വധശിക്ഷയെന്നും അത് ഏതെങ്കിലും രാജ്യത്തിന് എതിരല്ലെന്നും ഇന്തോനേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ കോടതി വിധി നടപ്പാക്കുകയാണ് ചെയ്തത്. അത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കുകയെന്നത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും അറ്റോര്‍ണി ജനറല്‍ മുഹമ്മദ് പ്രാസത്യോ പറഞ്ഞു. ഇന്തോനേഷ്യയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന വിധത്തില്‍ വളര്‍ന്നു കഴിഞ്ഞ മയക്കു മരുന്നു സംഘത്തെ അമര്‍ച്ച ചെയ്യാനുള്ള ദൗത്യത്തിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു. വധശിക്ഷ സന്തോഷകരമായ കാര്യമല്ല. എന്നാല്‍ രാഷ്ട്രത്തിന് വേണ്ടി അത് ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഇന്തോനേഷ്യക്കാരന്‍ അടക്കം ഒന്‍പത് പേര്‍ക്കാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. ഇതില്‍ എട്ട് പേരെ കഴിഞ്ഞ ദിവസം അര്‍ധരാത്രി തോക്കിനിരയാക്കി വധശിക്ഷ നടപ്പാക്കുകയായിരുന്നു. നുസാകാബംഗാന്‍ ദ്വീപിലെ ജയിലിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒന്‍പതാമത്തെയാള്‍ ഫിലിപ്പൈന്‍ വനിതയായിരുന്നു. മനുഷ്യക്കടത്ത് കേസില്‍ മാപ്പു സാക്ഷിയാകാന്‍ സന്നദ്ധയായ അവരുടെ വധശിക്ഷ തത്കാലം നിര്‍ത്തിവെക്കണമെന്ന ആവശ്യം അവസാന നിമിഷം അംഗീകരിക്കപ്പെടുകയായിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ലോക രാഷ്ട്രങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു ഇന്തോനേഷ്യ.