കരയിലും കടലിലുമില്ലാത്ത മനുഷ്യര്‍

Posted on: April 29, 2015 6:17 pm | Last updated: April 29, 2015 at 6:17 pm

arrived at maltaരാഷ്ട്രത്തിന്റെ ഘടകങ്ങള്‍ എന്തൊക്കെ എന്ന ചോദ്യത്തിന് ഉരുവിട്ട് പഠിക്കുന്ന ഉത്തരം പരമാധികാരം, ജനത, ഭരണകൂടം, ഭൂമിശാസ്ത്രപരമായ അതിര്‍ത്തി എന്നൊക്കെയാകും. ഇതില്‍ അതിര്‍ത്തിയാണ് രാഷ്ട്രത്തിന്റെ ഏറ്റവും പ്രത്യക്ഷവും വൈകാരികവുമായ ഘടകം. അത് കാത്തു സൂക്ഷിക്കാനാണ് ഭരണകൂടങ്ങള്‍ പാടുപെടുന്നത്. ആള്‍പ്പാര്‍പ്പില്ലെങ്കിലും വെറും മഞ്ഞുഭൂമിയായിരുന്നാലും മരുപ്പറമ്പാണെങ്കിലും അതിര്‍ത്തിയിലെ ഓരോ ഇഞ്ചും തങ്ങളുടെ അധീനതയിലാണെന്ന് ഉറപ്പ് വരുത്താനും അന്യാധീനങ്ങള്‍ സദാ തടഞ്ഞുനിര്‍ത്താനും ശതകോടികള്‍ ഇടിച്ചു തള്ളുന്നു. പട്ടാളക്കാരെ കുരുതി കൊടുക്കുന്നു. എന്നാല്‍, രാഷ്ട്രങ്ങളെ സൃഷ്ടിച്ചത് അതിര്‍ത്തികളല്ല. അതിര്‍ത്തികള്‍ കീറിമുറിച്ചുള്ള സഞ്ചാരങ്ങളാണ് ജനപഥങ്ങളും സംസ്‌കാരങ്ങളും പ്രത്യയശാസ്ത്രങ്ങളും ചരിത്രവും സൃഷ്ടിച്ചിട്ടുള്ളത്. രേഖാംശ അക്ഷാംശങ്ങളെ ഉല്ലംഘിച്ച പലായനങ്ങള്‍, പ്രവാസങ്ങള്‍, പര്യവേക്ഷണങ്ങള്‍. അവക്കൊപ്പം സംഭവിച്ച പിരിയലുകളും കൂടിച്ചേരലുകളും കൂടിക്കുഴയലും മുഴച്ചുനില്‍ക്കലുകളുമാണ് മനുഷ്യ സമൂഹത്തില്‍ മാറ്റങ്ങള്‍ക്ക് എക്കാലത്തും തിരികൊളുത്തിയിട്ടുള്ളത്. പലായനങ്ങള്‍ പലതും നില്‍ക്കള്ളിയില്ലായ്മയില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. ദാരിദ്ര്യം, രോഗം, യുദ്ധം, പ്രകൃതി ക്ഷോഭങ്ങള്‍ തുടങ്ങിയവ കൊടുമ്പിരി കൊള്ളുമ്പോള്‍ നിലവില്‍ കഴിഞ്ഞുകൂടുന്നിടത്ത് അതിജീവനം അസാധ്യമാകുന്നു. ഒന്നുകില്‍ അവിടെ തന്നെ നിന്ന് അസ്തമിക്കാം. അല്ലെങ്കില്‍ തികച്ചും അപരിചിതമായ മറ്റൊരിടത്ത് ഉദിക്കാം. അവിടെ ജീവിതം കരുപ്പിടിപ്പിക്കാം. തന്റെ സിരകളിലോടുന്ന രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ബോധ്യങ്ങളെയും ആദര്‍ശത്തെയും സംരക്ഷിക്കാനായി മനുഷ്യര്‍ നടത്തിയ പലായനങ്ങള്‍ ചരിത്രത്തില്‍ എത്ര വലിയ വിസ്‌ഫോടനങ്ങളാണ് സൃഷ്ടിച്ചത്. ഇവിടെ സ്വന്തത്തേക്കാള്‍ അവര്‍ ആദര്‍ശത്തിന്റെ അതിജീവനത്തിനാണ് പ്രാമുഖ്യം നല്‍കിയത്. അവയാണ് മഹത്തായ പലായനങ്ങള്‍.
കുടിയേറ്റത്തിന് വിധേയമാകാത്ത ഒരു രാഷ്ട്രവും ഇന്ന് ഭൂമുഖത്തില്ല. കുടിയേറ്റങ്ങളുടെ കുത്തൊഴുക്കില്‍ ഒരു രാഷ്ട്രത്തിനും അതിര്‍ത്തിയടച്ച് ഉത്കൃഷ്ടതാവാദത്തില്‍ ഉറച്ച് നില്‍ക്കാനുമാകില്ല. ദേശരാഷ്ട്രങ്ങള്‍ അത്യന്തം ബലവത്തായിക്കഴിഞ്ഞ ഈ ആധുനിക കാലത്തും തുടരുന്ന കുടിയേറ്റങ്ങള്‍ തന്നെയാണ് ഇതിന് തെളിവ്. ഈ പുറപ്പാടുകള്‍ അത്യന്തം സാഹസികമാണ്. ചെന്നെത്തുമെന്ന് ഉറപ്പില്ലാത്ത യാത്രകളാണ് അവ. സ്വന്തം മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ട് മാത്രമാണ് അവര്‍ പുറപ്പെടുന്നത്. ഇത്തരം യാത്രകള്‍ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ അവ ദുരന്തങ്ങളില്‍ ഒടുങ്ങുമ്പോള്‍ മാത്രമാണ് വാര്‍ത്തയാകുന്നത്. അത്തരമൊരു ദുരന്തമാണ് കഴിഞ്ഞ വരാദ്യത്തില്‍ മെഡിറ്ററേനിയന്‍ കടലില്‍ സംഭവിച്ചത്. ഇറ്റലിയിലേക്കുള്ള യാത്രാമധ്യേ മധ്യധരണ്യാഴിയില്‍ ബോട്ട് മുങ്ങി മരിച്ചത് 950 പേരാണ്. തൊട്ടു മുമ്പത്തെ ആഴ്ച ഇതേ കടലില്‍ അസ്തമിച്ചുപോയത് 400 പേര്‍. പലായനക്കാര്‍ക്ക് മെഡിറ്ററേനിയന്‍ കടല്‍ ഇന്ന് മരണത്തിന്റെ പര്യായമാണ്. കഴിഞ്ഞ വര്‍ഷം ഇവിടെ മരണത്തിലേക്ക് മുങ്ങിപ്പോയത് 4868 പേരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ഇതുവരെ 1600 പേര്‍ മരിച്ചു കഴിഞ്ഞു. ലിബിയ, സോമാലിയ, നൈജീരിയ, സെനഗല്‍, മാലി, ഘാന തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഈ അപകടകരമായ പലായനങ്ങള്‍ മിക്കതും നടക്കുന്നത്. മരിക്കുന്നവരില്‍ നല്ലൊരു ശതമാനം കുട്ടികളും സ്ത്രീകളുമാണ്. വൃദ്ധരും കുട്ടികളും സ്ത്രീകളുമടക്കം കുടുംബം ഒന്നാകെയാണ് സാഹസികമായ യാത്രകള്‍ക്ക് മുതിരുന്നത്. ചില കുട്ടികള്‍ കൂടെ മുതിര്‍ന്നവരാരുമില്ലാതെ പലായനം ചെയ്യുന്നുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവ് ചില്‍ഡ്രന്‍ ചൂണ്ടിക്കാണിക്കുന്നു. തീവ്രവാദി ആക്രമണങ്ങളിലും മറ്റും ഉറ്റവരെ നഷ്ടപ്പെടുന്നതോടെ ഇറങ്ങിത്തിരിക്കുന്നവരാണ് ഇവര്‍. ഇറാഖിലും സിറിയയിലും സംഘര്‍ഷം രൂക്ഷമായതോടെ ഈ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കാനാളുകള്‍ പലായനം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പലായനങ്ങള്‍ മുമ്പേയുളളതാണെങ്കില്‍ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള പ്രവാഹങ്ങള്‍ ഏറ്റവും പുതിയ പ്രവണതയാണ്. ഏറ്റവും ഭീകരവും ഇവ തന്നെ.
ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായി യു എന്നും യൂറോപ്യന്‍ യൂനിയനും ഈ അഭയാര്‍ഥി പ്രവാഹത്തെ വിലയിരുത്തിയിരിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ദക്ഷിണ യൂറോപ്യന്‍ രാജ്യങ്ങള്‍ സത്യത്തില്‍ വല്ലാത്ത ആശയക്കുഴപ്പത്തിലാണ്. രണ്ട് ധ്രുവങ്ങളില്‍ നിന്ന് ഇവിടുത്തെ ഭരണകൂടങ്ങളെ വലിക്കുകയാണ്. തീവ്ര വലതുപക്ഷ വാദികളും തീവ്ര ദേശീയ വാദികളും കുടിയേറ്റത്തെ അക്രമാസക്തമായി നേരിടാന്‍ സര്‍ക്കാറുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ പങ്ക് പറ്റാന്‍ വരുന്ന ദുരാഗ്രഹികളാണ് കുടിയേറ്റക്കാരെന്ന് അവര്‍ അധിക്ഷേപിക്കുന്നു. സ്വസ്ഥത തകര്‍ക്കാന്‍ വരുന്ന സംസ്‌കാരമില്ലാത്തവര്‍, തീവ്രവാദികള്‍, വിദ്യാവിഹീനര്‍, സ്ത്രീലമ്പടന്‍മാര്‍ തുടങ്ങി കിട്ടാവുന്ന ശകാരങ്ങളെല്ലാം കുടിയേറ്റക്കാര്‍ക്ക് മേല്‍ ചൊരിയുകയാണ് കണ്ണില്‍ ചോരയില്ലാത്തവര്‍. എന്നാല്‍ മാനുഷികമായ പരിഗണന ഈ അഭയാര്‍ഥികള്‍ക്ക് നല്‍കണമെന്ന വാദമാണ് സര്‍ക്കാര്‍ തലത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. യു എന്നിന്റെ പിന്തുണയോടെ ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മാരേ നോസ്ട്രം (നമ്മുടെ കടല്‍) പദ്ധതി അങ്ങേയറ്റം ഫലപ്രദമായിരുന്നു. മധ്യധരണ്യാഴി വഴി വരുന്ന അഭയാര്‍ഥികളാരും തന്നെ സാമ്പത്തിക കുടിയേറ്റത്തിന്റെ പരിധിയില്‍ വരില്ല എന്നതാണ് സത്യം. മെച്ചപ്പെട്ട ജോലി തേടിയും സമ്പന്നരാകുകയെന്ന ലക്ഷ്യത്തോടെയും വരുന്നവരല്ല ഇവര്‍. മറിച്ച് കലാപ കലുഷിതമായ സ്വന്തം മണ്ണില്‍ ജീവിക്കാന്‍ ഒരു പഴുതുമില്ലാത്തത് കൊണ്ട് മാത്രം ഇറങ്ങിപ്പുറപ്പെടുകയാണ്. സംഘര്‍ഷം തന്നെയാണ് ആധുനിക കുടിയേറ്റങ്ങളുടെ അടിസ്ഥാനപരമായ കാരണം. എല്ലാ അപകട സാധ്യതകളും അറിഞ്ഞു കൊണ്ടു തന്നെയാണ് ഇവര്‍ സാഹസികതക്ക് മുതിരുന്നത്. ഇത് തിരിച്ചറിയുന്ന അന്താരാഷ്ട്ര സംഘടനകളും സര്‍ക്കാറുകളും മാനുഷിക മുഖത്തോടെയാണ് പെരുമാറുന്നത്. എന്നാല്‍ ഈ പ്രവാഹങ്ങള്‍ ഉയര്‍ത്തുന്ന സ്വാഭാവിക സുരക്ഷാ പ്രശ്‌നങ്ങള്‍ കാണാതിരിക്കാനും അധികാരികള്‍ക്കാകില്ല. അത് ശക്തമായ പോലീസിംഗിന് വഴിവെക്കുന്നു. കുടിയേറ്റത്തിന് വിധേയമാകുന്ന രാജ്യത്ത് ചില താളപ്പിഴകളും സാംസ്‌കാരിക പ്രശ്‌നങ്ങളും സംഭവിക്കുന്നുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. തുര്‍ക്കി അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇറാഖിലെയും സിറിയയിലെയും പ്രശ്‌നങ്ങള്‍ തുര്‍ക്കിയിലേക്ക് വന്‍ അഭയാര്‍ഥി പ്രവാഹത്തിനാണ് വഴിവെക്കുന്നത്.
മനുഷ്യക്കടത്തുകാരുടെ ചൂഷണമാണ് ഈ കുടിയേറ്റങ്ങള്‍ക്കൊപ്പം സംഭവിക്കുന്ന മറ്റൊരു ദുരന്തം. സിറിയയില്‍ നിന്ന് പുറപ്പെട്ട് ഇറ്റലിയില്‍ എത്തിച്ചേര്‍ന്ന മഹ്മൂദ് ശുബത്ത് എന്നയാളുടെ അനുഭവസാക്ഷ്യം നോക്കൂ. സിറിയയിലെ അതിര്‍ത്തി ഗ്രാമത്തില്‍ ഇസില്‍ തീവ്രവാദികളും സര്‍ക്കാര്‍ സൈന്യവും ഏറ്റുമുട്ടിയപ്പോള്‍ തന്റെ വീടും കച്ചവട സാമഗ്രികളുമെല്ലാം നശിച്ചു. ശുബത്ത് തീരുമാനിച്ചു, ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. പുറപ്പെടുക തന്നെ. എങ്ങനെയെന്ന അന്വേഷണം അയാളെ എത്തിച്ചത് മനുഷ്യക്കടത്ത് സംഘത്തിലാണ്. അയാളുടെ കൈയില്‍ അവശേഷിച്ചതെല്ലാം അവര്‍ കൈക്കലാക്കി. ആദ്യം കാറില്‍ തുര്‍ക്കിയില്‍. അവിടെ നിന്ന് ബോട്ടില്‍ ലിബിയയില്‍. പിന്നെ ഇറ്റലിയിലേക്ക്. ലിബിയന്‍ തീരത്ത് കൊള്ളക്കാരുടെ വിളയാട്ടമാണ്. കുടിയേറ്റക്കാരെ അവര്‍ നിര്‍ബാധം കൊള്ളയടിക്കുന്നു. പിച്ചച്ചട്ടിയില്‍ നിന്ന് കൈയിട്ടു വാരുന്നവര്‍. ബോട്ടില്‍ ആളുകളെ കുത്തിനിറക്കുകയാണ് ചെയ്യുക. ഇതാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. ഒരു സുരക്ഷാ മുന്‍കരുതലുമില്ല ബോട്ടുകളില്‍. പലതും യാത്രാ ബോട്ടുകളേ അല്ല.
ദേശാന്തര ഗമനങ്ങളെക്കുറിച്ചുള്ള അക്കാദമിക പഠനങ്ങളിലെല്ലാം ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ് പുഷ് ഫാക്‌ടേഴ്‌സും പുള്‍ ഫാക്‌ടേഴ്‌സും. സ്വന്തം മണ്ണില്‍ നിന്ന് മനുഷ്യരെ ആട്ടിയോടിക്കുന്ന ഘടകങ്ങാണ് തള്ളല്‍ ഘടകങ്ങള്‍. അന്യദേശങ്ങളിലെ ആകര്‍ഷണീയതകളാണ് വലിക്കും ഘടകങ്ങള്‍. ഇപ്പോള്‍ നടക്കുന്ന ഒരു പലായനവും അപ്പുറത്തെ ആകര്‍ഷണീയതകള്‍ കണ്ടു കൊണ്ടുള്ളതല്ല. മറിച്ച് ആട്ടിയോടിക്കപ്പെടുകയാണ്. ആഭ്യന്തരവും രാജ്യാന്തരവുമായ ഏത് പലായനവും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഒരു കാര്യം വ്യക്തമാകും. ഇടപെടലുകളും അധിനിവേശവും അധീശത്വവും അവഹേളനവുമാണ് പലായനങ്ങള്‍ക്ക് മനുഷ്യരെ നിര്‍ബന്ധിതരാക്കുന്നത്. മ്യാന്‍മറിലെ റോഹിംഗ്യ മുസ്‌ലിംകള്‍ ഇത്തിരിപ്പോന്ന തോണിയില്‍ കടലിലേക്ക് ഇറങ്ങുന്നത് ബുദ്ധ തീവ്രവാദികളെ ഭയന്നാണ്. ശ്രീലങ്കയിലെ തമിഴ് വംശജര്‍ പലായനം ചെയ്യുന്നത് സിംഹള അധീശത്വങ്ങള്‍ക്ക് നടുവില്‍ നിന്നാണ്. കൃഷിക്കാരെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിച്ചും ഖനികള്‍ കീഴടക്കിയും പരമ്പരാഗത ഉത്പാദന സംവിധാനങ്ങള്‍ തകര്‍ത്തും ആധുനിക അധിനിവേശം നടത്തിയ ബഹുരാഷ്ട്ര കമ്പനികളും അവരെ നയിക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ എല്ലാ സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍. എല്ലാ തീവ്രവാദികളും പാശ്ചാത്യ ശക്തികള്‍ വില്‍ക്കുന്ന ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ജനാധിപത്യ പ്രക്ഷോഭങ്ങളെപ്പോലും ആഭ്യന്തര സംഘര്‍ഷമാക്കുന്നതില്‍ ആധുനിക കൊളോണിയലിസത്തിന് മിടുക്കുണ്ട്. സിറിയ, ഇറാഖ്, ലിബിയ, യമന്‍, അഫ്ഗാന്‍, പാക്കിസ്ഥാന്‍… എവിടെയൊക്കെ സംഘര്‍ഷമുണ്ടോ അവിടെയൊക്കെ ക്രൂരമായ ഇടപെടലുകള്‍ നടന്നിട്ടുണ്ട്. നടക്കുന്നുണ്ട്. അതുകൊണ്ട് കടലില്‍ ഒടുങ്ങിപ്പോകുന്ന ഈ മനുഷ്യരുടെ മരണവും നെറികെട്ട അധിനിവേശത്തോടാണ് കലഹിക്കുന്നത്.