മനോഹര ചിത്രങ്ങളുമായി ദുബൈ മെട്രോ

Posted on: April 29, 2015 5:23 pm | Last updated: April 29, 2015 at 5:23 pm

metro1ദുബൈ: മനോഹരമായ ചിത്രങ്ങളുമായി ദുബൈ മെട്രോ. ആര്‍ ടി എയും ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി (ദുബൈ കള്‍ച്ചര്‍)യും ചേര്‍ന്നാണ് മെട്രോ തീവണ്ടികളുടെ ബോഗികള്‍ക്ക് പുറത്ത് മനോഹരമായ ചിത്രങ്ങള്‍ പെയ്ന്റ്‌ചെയ്യുന്നത്. യു എ ഇയിലെയും രാജ്യാന്തര കലാകാരന്മാരുടെയും പെയിന്റിംഗുകള്‍ മെട്രോക്ക് പുറത്ത് സ്ഥാനംപിടിക്കും.

ഇതിന്റെ ആദ്യപടിയായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മെട്രോ കോച്ചുകള്‍ക്ക് പുറത്ത് പതിച്ചിരുന്നു. പ്രശസ്ത ചിത്രകാരന്മാരായ അബ്ദുല്‍ ഖാദര്‍ അല്‍ റൈസ്, റാച്ചിദ് കൊറൈച്ചി, സഫ്‌വാന്‍ ദഹൂല്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ആദ്യഘട്ടത്തില്‍ മെട്രോയെ അലങ്കരിക്കുക.
കലയെ മാധ്യമമാക്കി രാജ്യത്തെയും രാജ്യാന്തര രംഗത്തെയും കലാകാരന്മാരെ ഒന്നിച്ച് ചേര്‍ത്ത് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സഈദ് അല്‍ നബൂദ വ്യക്തമാക്കി. ദുബൈ ഓപ്പണ്‍ എയര്‍ മ്യൂസിയം നിര്‍മിക്കാനുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കലയോടുള്ള അതിരറ്റ താല്‍പര്യമാണ് പുതിയ മെട്രോ ബോഗികളെ ചിത്രങ്ങളാല്‍ അലംകൃതമാക്കുന്നതിലും പ്രകടമാവുന്നത്.
ദുബൈയുടെ കലാപരമായ ഔന്നിത്യം ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയിലെ ജനങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതിന്റെ ഭാഗമാണ് ഇത്തരം ഒരു പദ്ധതിയെന്ന് ആര്‍ ടി എ റെയില്‍ ഏജന്‍സി വിഭാഗം സി ഇ ഒ അബ്ദുല്ല യൂസുഫ് അല്‍ അലി വ്യക്തമാക്കി.