Connect with us

National

ശോഭാ ഡെക്കെതിരായ അവകാശലംഘന പ്രമേയം സുപ്രീം കോടതി സ്റ്റേ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: എഴുത്തുകാരി ശോഭാ ഡെക്കെതിരെ മഹാരാഷ്ട്ര നിയമസഭ കൊണ്ടുവന്ന അവകാശലംഘന പ്രമേയം സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
സംസ്ഥാനത്തെ സിനിമാ ശാലകളില്‍ പ്രധാന സമയങ്ങളില്‍ മറാത്താ സിനിമ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിനെതിരെ ശോഭാ ഡെ നടത്തിയ ട്വീറ്റ് ആണ് അവകാശലംഘന പ്രമേയത്തിന് ആധാരം. നിയമസഭയുടെ നടപടിയില്‍ വിശദീകരണം തേടി അധികൃതര്‍ക്ക് ജസ്റ്റിസുമാരായ ദീപക് മിശ്രയും പ്രഫുല്ല സി പാന്തും അടങ്ങിയ ബഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ശോഭാ ഡെയുടെ പരാതിയിലാണ് കോടതി നടപടി. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തെ പൗരന്മാര്‍ക്കുണ്ട്. സര്‍ക്കാറിന്റെ തെറ്റായ തീരുമാനത്തിനെതിരായാണ് ശോഭാ ഡെ പ്രതികരിച്ചത്.
എന്നാല്‍, നിയമസഭയുടെ പ്രത്യേകാവകാശത്തെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി എ സുന്ദരം വാദിച്ചു. ശോഭാ ഡെയുടെ ട്വീറ്റുകള്‍ നിയമസഭയെയും മറാത്തി സംസാരിക്കുന്നവരെയും അവഹേളിക്കുന്നതാണെന്ന് കാണിച്ച് ശിവസേനാ അംഗം നല്‍കിയ പരാതിയിലായിരുന്നു സ്പീക്കര്‍ അവകാശ ലംഘന പ്രമേയത്തിന് അനുമതി നല്‍കിയത്.
മള്‍ട്ടിപ്ലക്‌സുകളില്‍ മറാത്തി സിനിമാ പ്രദര്‍ശനം നിര്‍ബന്ധമാക്കിയതിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ കളിയാക്കുന്നതായിരുന്നു ശോഭയുടെ ട്വീറ്റ്. മറാത്തികളെയും മുഖ്യമന്ത്രിയെയും ശോഭാ ഡെ പരിഹസിച്ചെന്നാരോപിച്ച് ഏപ്രില്‍ എട്ടിനാണ് ശിവസേനാ എം എല്‍ എ പ്രതാപ് സര്‍നായിക്ക് പ്രമേയം കൊണ്ടുവന്നത്. മുഖ്യ പ്രദര്‍ശന സമയമായ വൈകീട്ട് ആറിന് മള്‍ട്ടിപ്ലക്‌സുകളിലെ സ്‌ക്രീനുകളിലൊന്നില്‍ മറാത്തി സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ് ഏപ്രില്‍ എഴിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ശോഭയുടെ ട്വീറ്റ് വിവാദമായപ്പോള്‍ അവരോട് വിശദീകരണം തേടി പ്രന്‍സിപ്പല്‍ സെക്രട്ടറി അനന്ത് കല്‍സേ നോട്ടീസ് അയച്ചിരുന്നു. “ദേവേന്ദ്രാ കുഴപ്പക്കാരാ, ഫട്‌നാവിസ് ഇതാ വീണ്ടും. ബീഫ് മുതല്‍ സിനിമവരെ. ഇതല്ല ഞങ്ങള്‍ സ്‌നേഹിച്ച മഹാരാഷ്ട്ര. അല്ലാ അല്ലാ. ഇതൊക്കെ മതിയാക്കൂ” എന്നാണ് ശോഭാ ഡെ പ്രതികരിച്ചത്. ഇതു തെമ്മാടിത്തമല്ലാതെ മറ്റൊന്നുമല്ലെന്നും ഗുണ്ടായിസമാണെന്നും അവര്‍ വിമര്‍ശിച്ചിരുന്നു.
“ഞാന്‍ മറാത്തി സിനിമകളെ സ്‌നേഹിക്കുന്നു. എന്നാല്‍ അവ എപ്പോള്‍ കാണണമെന്ന് ഞാന്‍ തീരുമാനിക്കും. പകരം അവ എപ്പോള്‍ പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് ദാദാഗിരിയാണ്” – ശോഭ ട്വീറ്റ് ചെയ്തു. ഇതിനെതിരെ ഏപ്രില്‍ ഒമ്പതിന് പാര്‍ട്ടി മുഖപത്രത്തില്‍ ശോഭാ ആന്റി എന്ന് പരിഹസിച്ച് ശിവസേന മുഖപ്രസംഗം എഴുതുകയും ചെയ്തു. ദക്ഷിണ മുംബൈയിലെ അവരുടെ വീടിന് പുറത്ത് ശിവസേനക്കാര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു.

Latest