പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ ഫിറോസിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു

Posted on: April 29, 2015 12:25 am | Last updated: April 29, 2015 at 12:25 am

firoz 2തിരുവനന്തപുരം: എ ഡി ബി വായ്പാ തട്ടിപ്പ് കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന മുന്‍ പി ആര്‍ ഡി ഡയറക്ടര്‍ എ ഫിറോസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അധ്യക്ഷനായ സമിതിയാണ് ഫിറോസിനെ തിരിച്ചെടുക്കാന്‍ തീരുമാനമെടുത്തത്. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഫിറോസിന് സസ്‌പെന്‍ഷന്‍ റദ്ദാക്കുന്ന കാര്യം പുനഃപരിശോധനാ സമിതി പരിഗണിച്ചതെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. ഏഷ്യന്‍ വികസന ബേങ്കിന്റെ (എ ഡി ബി) ദക്ഷിണേന്ത്യന്‍ മേധാവി ചമഞ്ഞ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഫിറോസും ചേര്‍ന്ന് തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയായ സലിം കബീറില്‍ നിന്ന് 2009ല്‍ 40.09 ലക്ഷം തട്ടിയെന്ന കേസിലാണ് ഫിറോസ് പ്രതിയായിട്ടുള്ളത്.
2009 ഡിസംബറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരിലാണ് നടപടി എടുത്തത്. സലീമിന് 25 കോടി രൂപ തരപ്പെടുത്തി കൊടുക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. സോളാര്‍ തട്ടിപ്പ് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസാണെങ്കിലും ഫിറോസിന്റെ സ്വാധീനത്താല്‍ കേസ് മരവിപ്പിക്കുകയായിരുന്നു. സോളാര്‍ കേസ് ചൂടുപിടിച്ചതോടെയാണ് ഫിറോസിനെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്. 2013 ജൂലൈയിലായിരുന്നു ഫിറോസിന്റെ സസ്‌പെന്‍ഷന്‍. ഒളിവില്‍ പോയ ഫിറോസ് മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖേന കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് സി ഐ മുമ്പാകെ കീഴടങ്ങി. ഫിറോസിനെതിരായ വകുപ്പുതല അന്വേഷണവും വിജിലന്‍സ് അന്വേഷണം ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.