പാലക്കാട് തോല്‍വി: നാല് പേര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

Posted on: April 29, 2015 3:08 am | Last updated: April 29, 2015 at 12:11 am

veerendrakumarതിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ എം പി വീരേന്ദ്രകുമാറിന്റെ തോല്‍വിയില്‍ ഡി സി സി പ്രസിഡന്റ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ നടപടി വേണമെന്ന് യു ഡി എഫ് ഉപസമിതിയുടെ ശിപാര്‍ശ. ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, ഡി സി സി സെക്രട്ടറി പി ബാലഗോപാല്‍, തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ സി ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് വി സി ബേബി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ. ജെ ഡി യു നിലപാട് കടുപ്പിച്ചതോടെയാണ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് ഉപസമിതി നടപടിക്ക് ശിപാര്‍ശ ചെയ്തത്. നേതാക്കളുടെ പേര് പറയാതെ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നാണ് പി പി തങ്കച്ചന്‍ നേരത്തെ നിലപാട് സ്വീകരിച്ചതെങ്കിലും എം പി വീരേന്ദ്രകുമാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് പൊടുന്നനെ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കിയത്. റിപ്പോര്‍ട്ട് തയ്യാറായെന്നും ഉടന്‍ തന്നെ ഇത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറുമെന്നും സമിതിയുടെ യോഗത്തിനു ശേഷം കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ യു ഡി എഫ് ഏകോപനസമിതി തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഡി സി സി പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറുടെയും ഭാഗത്തുനിന്ന് ഉത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനം ഉണ്ടായില്ല. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം. എം പി വീരേന്ദ്രകുമാറിനെപ്പോലൊരു പ്രമുഖ ഘടകകക്ഷി നേതാവ് സ്ഥാനാര്‍ഥിയായിട്ടും കോണ്‍ഗ്രസ് സജീവമായി തിരഞ്ഞെടുപ്പ് രംഗത്തുണ്ടായില്ല. ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉത്തരവാദിത്വമുള്ളതും ഗൗരവത്തിലുള്ളതുമായ പ്രവര്‍ത്തനം നടന്നില്ല. പാലക്കാട് ഡി സി സി അധ്യക്ഷന്‍ സി വി ബാലചന്ദ്രനും തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ സി ചന്ദ്രനും പ്രചാരണത്തില്‍ തികഞ്ഞ പരാജയമായി.
താഴെത്തട്ടില്‍ പലയിടത്തും തിരഞ്ഞെടുപ്പു കമ്മിറ്റികള്‍ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പണം താഴെത്തട്ടില്‍ എത്തിയതുമില്ല. അഞ്ചും ആറും കമ്മിറ്റികള്‍ക്കുള്ള പണം വ്യത്യസ്ത പേരുകളില്‍ ഒരാള്‍ തന്നെ വാങ്ങിയ സംഭവം ഉണ്ടായി. അട്ടപ്പാടി ആദിവാസി മേഖലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ പാളിച്ച സംഭവിച്ചു.
ഊരുകളിലെ വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ എത്തിക്കാന്‍ നല്‍കിയ പണം പോലും ചെലവഴിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ആര്‍ ബാലകൃഷ്ണപിള്ള ചെയര്‍മാനായാണ് സമിതിയെ നിയോഗിച്ചിരുന്നത്. പിള്ള യു ഡി എഫ് വിട്ടതോടെ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കിയത്. ഷേഖ് പി ഹാരിസ്, ജോയ് എബ്രഹാം, കെ പി എ മജീദ്, ജോണി നെല്ലൂര്‍, എ എ അസീസ് എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.