Connect with us

International

അഭയാര്‍ഥിക്യാമ്പിലെ 44 പേര്‍ ഇസ്‌റാഈല്‍ വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം ഗാസക്കു നേരെ ഇസ്‌റാഈല്‍ നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടു. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥിക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ഫലസ്തീനികള്‍ക്ക് നേരെ വ്യത്യസ്ത സമയങ്ങളില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 44 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 227 പേര്‍ക്ക് പരുക്കേറ്റതായും ഐക്യരാഷ്ട്രസഭ അന്വേഷണ സമിതി വ്യക്തമാക്കി. ഇസ്‌റാഈല്‍ 88 പ്രാവശ്യം ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തില്‍ നടന്നിരുന്ന പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ മോര്‍ട്ടാര്‍ ആക്രമണം നടത്തി. ഇക്കാര്യങ്ങളെല്ലാം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കുമെന്ന് ഫലസ്തീന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളെ യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഫലസ്തീനികള്‍ അഭയാര്‍ഥിക്യാമ്പുകളെ ഇസ്‌റാഈലിനെതിരെ ആക്രമിക്കാന്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണവും ഉണ്ട്. ഇതിനെയും ബാന്‍ കി മൂണ്‍ വിമര്‍ശിച്ചു.
2014ല്‍ നടന്ന യുദ്ധം 18 ലക്ഷം ഫലസ്തീനികളെ ബാധിച്ചിരുന്നു. 2,200ലധികം ഫലസ്തീനികളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നത്. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. ഇസ്‌റാഈലിന്റെ ഭാഗത്തുനിന്ന് 66 സൈനികര്‍ ഉള്‍പ്പെടെ 72 പേരും കൊല്ലപ്പെട്ടിരുന്നു.
മൂന്ന് സ്‌കൂളുകള്‍ക്കെതിരെ നിരവധി തവണ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പുറമെ കോളജുകളും ആക്രമണത്തിനിരയായി. ജൂലൈ മുപ്പതിന് ജബലിയ്യ എലമെന്ററി ഗേള്‍സ് സ്‌കൂളിന് നേരെ ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തുമ്പോള്‍ ഇവിടെ മുവായിരത്തിലധികം ഫലസ്തീന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ടായിരുന്നു. ഈ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു യു എന്‍ സ്റ്റാഫും ഇദ്ദേഹത്തിന്റെ രണ്ട് മക്കളും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തിന് മുമ്പ് എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് പോലും ഇസ്‌റാഈല്‍ സൈന്യം നല്‍കിയിരുന്നില്ല. ഇതുപോലെയുള്ള ഏഴ് സംഭവങ്ങളാണ് യു എന്‍ സമിതി അന്വേഷണം നടത്തുന്നത്. ആക്രമണത്തിനിരയായ ഏതെങ്കിലും സ്‌കൂളില്‍ ആയുധങ്ങളുണ്ടായിരുന്നില്ലെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. 207 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സമിതി തയ്യാറാക്കിയിരിക്കുന്നത്.
അന്വേഷണ സമിതി കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഴുവന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി അറിയിച്ചു.

Latest