ഇറാനുമായി ആണവ കരാറിനടുത്തെത്തിയെന്ന് കെറി

Posted on: April 29, 2015 5:18 am | Last updated: April 28, 2015 at 11:12 pm

john kerryവാഷിംഗ്ടണ്‍: ആണവ കരാര്‍ വിഷയത്തില്‍ ഇറാനും ലോകശക്തി രാജ്യങ്ങളും എന്നത്തേക്കാളുമധികം കരാറിനോടടുത്തെത്തിയെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. എന്നാല്‍ സുപ്രധാനമായ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍നിന്നും ഇറാനെ തടയുന്നതാണ് കരാര്‍. അമേരിക്കയുള്‍പ്പെടെയുള്ള ലോകശക്തിരാജ്യങ്ങള്‍ ഇറാനുമായി നടത്തിയ ചര്‍ച്ചാ പരമ്പരകള്‍ അതിന്റെ അതിര്‍ത്തിയിലെത്തിയിരിക്കുകയാണ്. ഇനി അതിന് അന്തിമരൂപം കൊടുത്ത് നടപ്പിലാക്കിയാല്‍ ഇറാന് ആണവായുധം നിര്‍മിക്കാനുള്ള ആണവ വസ്തുക്കള്‍ ലഭിക്കുന്നതിനുള്ള എല്ലാ വഴികളും അടയും. ഇത് ഇറാന്റെ ആണവപദ്ധതി സമാധാന ആവശ്യത്തിനാണെന്നുള്ളത് സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹത്തിന് ആത്മവിശ്വാസമുണ്ടാക്കുമെന്നും ആണവായുധങ്ങള്‍ കൈവശം വെക്കുന്നത് തടയുന്നത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ കെറി പറഞ്ഞു. ആണവായുധങ്ങള്‍ കൈവശം വെക്കുന്നത് തടയുന്ന എന്‍ പി ടി കരാറിലേക്ക് ഇറാനെ കൊണ്ടുവരികയാണ് ലോകരാഷ്ട്രങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്നും ചര്‍ച്ചകള്‍ പരിപൂര്‍ണമായും വിജയമാണെന്നും യോഗത്തിന്റെ ഒന്നാം ദിവസം കെറി പറഞ്ഞിരുന്നു.