യൂണിയന്‍ മ്യൂസിയം പദ്ധതിക്ക് ശൈഖ് മുഹമ്മദിന്റെ അംഗീകാരം: 50 കോടി ദിര്‍ഹം ചെലവ്

Posted on: April 28, 2015 6:28 pm | Last updated: April 28, 2015 at 6:28 pm

Museumദുബൈ: നഗരസഭ ദുബൈയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന യൂണിയന്‍ മ്യൂസിയത്തിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 50 കോടി ദിര്‍ഹമാണ് പദ്ധതി ചെലവ്.

1971ല്‍ വിവിധ എമിറേറ്റുകള്‍ ഒരുമിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് രൂപീകൃതമാകുന്നതുമായി ബന്ധപ്പെട്ട് നടന്ന കരാര്‍ ഒപ്പിടലിന് സാക്ഷിയായ ദുബൈയിലെ യൂണിയന്‍ ഹൗസിനോട് ചേര്‍ന്നാണ് മ്യൂസിയം നിര്‍മിക്കാന്‍ ദുബൈ നഗരസഭ തീരുമാനിച്ചത്. 25,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മ്യൂസിയം നിര്‍മിക്കുന്നത്.
നഗരസഭ നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ അന്തിമഘടനയും പ്ലാനുകളും ശൈഖ് മുഹമ്മദ് പരിശോധിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാങ്കേതികവിദഗ്ധരുടെ വിശദീകരണങ്ങളും ശ്രദ്ധിച്ച ശേഷമാണ് ശൈഖ് മുഹമ്മദ് പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കിയത്. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും മറ്റു ഉന്നതരും ചടങ്ങില്‍ സംബന്ധിച്ചു. യു എ ഇ രൂപീകരണത്തിന്റെ ചരിത്രങ്ങളിലേക്ക് പുതുതലമുറയേയും രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളേയും കൂട്ടിക്കൊണ്ടുപോകുന്നതായിരിക്കും മ്യൂസിയമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
1971 ഡിസംബര്‍ രണ്ടിനാണ് യു എ ഇ രൂപപ്പെട്ടതെങ്കിലും 1968 മുതല്‍ 1974 വരെയുള്ള വര്‍ഷങ്ങള്‍ രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് ഏറെ പ്രധാനപ്പെട്ടതാണ്. ഈ കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളിലേക്ക് വെളിച്ചം വീശാന്‍ മ്യൂസിയത്തില്‍ പ്രത്യേക ഇടമുണ്ടാകും, അധികൃതര്‍ വെളിപ്പെടുത്തി. മ്യൂസിയം നിര്‍മാണത്തോടൊപ്പം പ്രദേശത്തെ ചരിത്രസ്മാരകങ്ങളായ കെട്ടിടങ്ങളെ പഴമ നഷ്ടപ്പെടാത്ത രീതിയില്‍ മോടിപിടിപ്പിക്കാനുള്ള പദ്ധതിയും നഗരസഭ ആവിഷ്‌കരിച്ചിട്ടുണ്ട്.