Connect with us

Eranakulam

രാജ്യാന്തര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഐ എന്‍ എസ് തരംഗിണി യാത്ര തുടങ്ങി

Published

|

Last Updated

കൊച്ചി: എട്ട് മാസത്തെ ലോക പര്യടനത്തിനായി ഇന്ത്യന്‍ നേവിയുടെ അഭിമാനമായ പായ്്കപ്പല്‍ ഐ എന്‍ എസ് തരംഗിണി കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടു. സെയില്‍ ട്രെയിനിംഗ് ഇന്റര്‍നാഷനല്‍ വര്‍ഷം തോറും നടത്താറുള്ള പായ്ക്കപ്പല്‍ മത്സരങ്ങളില്‍ പങ്കെടുക്കുക, യുവനാവികര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം നല്‍കുക, രാജ്യാന്തര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക എന്നീ ദൗത്യങ്ങളുമായാണ് തരംഗിണിയുടെ യാത്ര. ലോകയാന്‍- 15 എന്നാണ് ഐ എന്‍ എസ് തരംഗിണിയുടെ ഈ അന്താരാഷ്ട്ര പര്യടനത്തിന്റെ പേര്.
എട്ട് മാസം കൊണ്ട് 17,000 മൈല്‍ കപ്പല്‍ യാത്ര ചെയ്യും. യൂറോപ്പിലെ ടാള്‍ഷിപ്പ് റേസ് കൂടാതെ ഇതാദ്യമായി ഒമാന്‍ നേവിയുടെ പരിശീലന കപ്പലായ ഷബാബ് അല്‍ ഒമാനുമായി ചേര്‍ന്ന് മസ്‌കറ്റില്‍ നിന്നാരംഭിച്ച് കൊച്ചിയില്‍ അവസാനിക്കുന്ന പായ്ക്കപ്പലോട്ടവും തരംഗിണിയുടെ യാത്രാപദ്ധതിയിലുണ്ട്.
ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലമ്പ തരംഗിണിയുടെ യാത്ര ഫഌഗ് ഓഫ് ചെയ്തു. യാത്രയില്‍ ലഭിക്കുന്ന പരിശീലനം നാവികരില്‍ കടലിനെക്കുറിച്ചുള്ള കൂടുതല്‍ ഉയര്‍ന്ന അവബോധവും കടലിലെ വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാനുള്ള കഴിവും നല്‍കുമെന്ന് വൈസ് അഡ്മിറല്‍ സുനില്‍ ലാബ പറഞ്ഞു. നാവിക സേനാ ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങില്‍ മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥരും ഐ എന്‍ എസ് തരംഗിണിയിലെ നാവികരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ദക്ഷിണനാവികാസ്ഥാനത്തു നിന്നും നിരവധി ചെറു ബോട്ടുകളും കുറച്ചു ദൂരം തരംഗിണിയെ അനുഗമിച്ചു.യു കെ, നോര്‍വെ, ഡെന്‍മാര്‍ക്ക്, ജര്‍മനി, നെതര്‍ലാന്‍ഡ്് എന്നീ രാജ്യങ്ങളുടെ തീരങ്ങളിലാണ് ഈ വര്‍ഷത്തെ രാജ്യാന്തര പായക്കപ്പല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വവിധ വലിപ്പത്തിലുള്ള 300 ഓളം സെയില്‍ ഷിപ്പുകള്‍ റേസില്‍ പങ്കെടുക്കും. ക്ലാസ് എ സെയില്‍ ഷിപ്പുകളുടെ നിരയിലാണ് തരംഗിണിയുടെ സ്ഥാനം. ഏറ്റവും വലിയ സെയില്‍ ഫഌറ്റാണിത്. തംരംഗിണിയിലെ ട്രെയിനികള്‍ക്ക് വിദേശ കപ്പലുകളില്‍ പരിശീലനം നടത്താനുള്ള അവസരവും ഇതിന്റെ ഭാഗമായി ഉണ്ടാകും. യൂറോപ്യന്‍ ടോള്‍ഷിപ്പ് മത്സരത്തില്‍ ഇതിനു മുമ്പും തരംഗിണി പങ്കെടുത്തിട്ടുണ്ട്. 2005ല്‍ യൂറോപ്പിലെ റോയല്‍തീംസിന്റെ യാഷ് ക്ലബ് ചലഞ്ച് ട്രോഫിയും സ്വന്തമാക്കിയിരുന്നു.
2007ല്‍ യു എസ് എയില്‍ നടന്ന യൂത്ത് സെയ്‌ലിംഗ് ഡിവിഷനില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ ഈ പായ്ക്കപ്പല്‍. ജര്‍മനിയിലെ സെയില്‍ റോസ്റ്റോക്ക്, സെയില്‍ ബെര്‍മെര്‍ഹാവെന്‍, നെതര്‍ലാന്‍ഡിലെ സെയില്‍ ആംസ്റ്റര്‍ഡാം എന്നീ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
പതിനേഴായിരം നോട്ടിക്കല്‍ മൈലുകള്‍ യാത്രസംഘത്തില്‍ ഒരു മാറ്റവും ഇല്ലാതെയായിരിക്കും പായ്ക്കപ്പല്‍ യാത്ര നടത്തുകയെന്ന് ഓഫിസര്‍ ഗൗരവ് ഗൗതം പറഞ്ഞു. നാല്‍പ്പത് നാവികരും എട്ട് ഓഫിസര്‍മാരും മുപ്പതു കേഡറ്റുമാരും ലോകയാന്‍-15 എന്ന പര്യടനത്തിന്റെ ഭാഗമാകുന്നത്. ഇതില്‍ കെഡറ്റുമാരൊഴികെയുള്ളവരില്‍ ആരും എട്ടു മാസത്തിനുള്ളില്‍ ഒരിക്കല്‍ പോലും മാറില്ല. കെഡറ്റുമാരെ മാത്രം പല തുറമുഖങ്ങളില്‍ നിന്നായി മാറി മാറി യാത്രയുടെ ഭാഗമാക്കും. തരംഗിണി പണ്ടും ഇത്തരം പര്യടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവസാനം വരെ യാത്രാ സംഘത്തെ മാറ്റാത്ത ആദ്യത്തെ പര്യടനമാണ് ലോകയാന്‍ 15.
യാത്രയില്‍ 14 രാജ്യങ്ങളിലെ 17 തുറമുഖങ്ങള്‍ തരംഗിണി സന്ദര്‍ശിക്കും. രാജ്യാന്തര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഗുഡ്‌വില്‍ അംബാസഡറുടെ റോളാണ് തരംഗിണിക്കുള്ളത്. മറ്റു രാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യയുടെ സൈനിക ശക്തി പ്രകടിപ്പിക്കുക എന്നതും പര്യടനത്തിന്റെ ലക്ഷ്യമാണ്. മെഡിറ്ററേനിയന്‍ കടല്‍ വഴിയാണ് തരംഗിണി യാത്രയാകുന്നത്. പര്യടനം പൂര്‍ത്തിയാക്കി ഡിസംബര്‍ മൂന്നാം തീയതിയോടെ കൊച്ചിയില്‍ തിരിച്ചെത്തും. ഗോവയില്‍ നിര്‍മിച്ച് 1997ലാണ് ഐ എന്‍എസ് തരംഗിണി കമ്മീഷന്‍ ചെയ്തത്. മൂന്ന് പായ്മരങ്ങളോടു കൂടിയ കപ്പല്‍ ഇതിനിടെ 20ല്‍ പരം യാത്രകള്‍ ചെയ്തു കഴിഞ്ഞു. കമ്മീഷന്‍ ചെയ്തതിനു ശേഷം ലക്ഷക്കണക്കിന് നോട്ടിക്കല്‍ മൈലുകള്‍ തരംഗിണി പിന്നിട്ടിട്ടുണ്ട്.