നേപ്പാളില്‍ കുടുങ്ങിയവരെ കുറിച്ച് ആശങ്കവേണ്ടെന്ന് മന്ത്രി

Posted on: April 28, 2015 5:57 am | Last updated: April 28, 2015 at 12:57 am

കോട്ടയം: നേപ്പാളള്‍ ഭൂകമ്പത്തില്‍ കുടുങ്ങിയ മലയാളികളെ കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി കെ സി ജോസഫ്. കുടുങ്ങിയവരെ കൊണ്ടു വരാനുള്ള ശ്രമം സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നുണ്ട്. കുടുങ്ങിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് കേരളം കേന്ദ്രസര്‍ക്കാരിന് കൈമാറി. കാഡ്മണ്ടുവില്‍ നിന്നും മടങ്ങിയെത്തിയവര്‍ക്ക് ഡല്‍ഹി കേരളാ ഹൗസില്‍ താമസവും ഭക്ഷണവും അടക്കം എല്ലാവിധ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. മടങ്ങിയെത്തുന്നവരെ കേരളാ ഹൗസില്‍ എത്തിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റിന്റെ സമയം തീര്‍ന്നവര്‍ക്ക് റീ വാലിഡേറ്റ് ചെയ്തു നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം നോര്‍ക്ക ഓഫീസിലും ഡല്‍ഹി കേരളാ ഹൗസിലും കണ്ടട്രോള്‍ റൂമുകള്‍ തുറന്നു. മുഖ്യമന്ത്രിയുടെയും തന്റെയും നേതൃത്വത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാരിന് കൈമാറാനുള്ള സംവിധാനം സജ്ജമാണ്. കോഴിക്കോട് നിന്നും പാക്കേജ് ടൂറിന്റെ ഭാഗമായി നേപ്പാളിലേക്ക് പോയ സംഘം ഡല്‍ഹിയില്‍ മടങ്ങിയെത്തിയതായി മന്ത്രി പറഞ്ഞു. മറ്റൊരു സംഘം ഗോരക്പൂര്‍ വഴി കേരളത്തിലേക്ക് തീവണ്ടിയില്‍ മടക്ക യാത്രയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നു ഡോക്്ടര്‍മാരില്‍ ഒരാളായ ഡോ. എബിന്‍ സൂരി സുരക്ഷിതനാണ്. ഡോ. ഇര്‍ഷാദ്, ഡോ. ദീപക് തോമസ് എന്നിവരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമില്ല. 100 ഓളം മലയാളികളാണ് നേപ്പാളില്‍ കുടുങ്ങിയതെന്നാണ് സര്‍ക്കാരിന് ലഭിച്ച വിവരം. ഇവരില്‍ 35 ലേറെ പേര്‍ മടങ്ങി എത്തിയിട്ടുണ്ട്. 21 പേര്‍ ഒക്രയില്‍ സുരക്ഷിതരാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ എയര്‍ഫോഴ്‌സ് വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പുരോഗമിക്കുകയാണ്. മറ്റ് സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കക്ക് അടിസ്ഥാനമില്ല. റോഡുകളെല്ലാം തകര്‍ന്നതിനാല്‍ ആകാശമാര്‍ഗം മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകൂ. രക്ഷപ്പെടുത്തിയിവരെയുമായി അഞ്ചു വിമാനങ്ങള്‍ ഇന്നു തന്നെ ഡല്‍ഹിയിലെത്തും.