നരേന്ദ്രമോദിയും അഷ്‌റഫ് ഗനിയും കൂടിക്കാഴ്ച നടത്തി

Posted on: April 28, 2015 1:59 pm | Last updated: April 29, 2015 at 12:44 am

narendra modiന്യൂഡല്‍ഹി: ദേശീയ സുരക്ഷ, താലിബാന്‍ തീവ്രവാദം എന്നീ വിഷയങ്ങളിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയും തമ്മിലുള്ള ഒന്നാംവട്ട ഉഭയകക്ഷി ചര്‍ച്ച നടത്തി. ഹൈദരാബാദിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ സെപ്തംബറില്‍ പ്രസിഡന്റ് ആയ ശേഷം പാക്കിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് അശ്‌റഫ് ഗനി ഇന്ത്യയിലെത്തിയത്.
പാക്കിസ്ഥാനുമായുള്ള അടുപ്പം ഹാമിദ് കര്‍സായിയുടെ കാലം തൊട്ടുതന്നെ സ്വീകരിച്ചുവരുന്നതാണെങ്കിലും ഈയടുത്ത കാലത്തു മാത്രമാണ് സൈനിക, ആയുധ സഹായങ്ങള്‍ക്കു വേണ്ടി ഇന്ത്യയെ അഫ്ഗാനിസ്ഥാന്‍ സമീപിക്കുന്നത്. അതിനിടെ, താലിബാനുമായുള്ള സമാധാന ചര്‍ച്ചകളുടെ സാധ്യത ആരായാന്‍ പ്രസിഡന്റ് ഗനി അധികാരമേറ്റ ശേഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കു കയും ചെയ്തു. ഡല്‍ഹി സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ ഗനി പാക്കിസ്ഥാനിലേക്കും ചൈനയിലേക്കുമാണ് ചര്‍ച്ചകള്‍ക്കായി പോകുന്നത് എന്ന കാര്യം ഇന്ത്യ നിസ്സാരമായി കാണുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഫ്ഗാന്റെ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യയുടെ സഹകരണം അവര്‍ എത്രമാത്രം വിലമതിക്കുന്നു എന്ന് നോക്കിക്കാണാനാണ് ഗനിയുടെ സന്ദര്‍ശനവേള പ്രയോജനപ്പെടുത്തുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.