ജുഡീഷ്യല്‍ അപ്പോയന്റ്‌മെന്റ്‌സ് കമ്മീഷന്‍; മൂന്നംഗ പാനലില്‍ അംഗമാകാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു

Posted on: April 28, 2015 4:57 am | Last updated: April 27, 2015 at 11:58 pm

ന്യൂഡല്‍ഹി: ആറംഗ ജുഡീഷ്യല്‍ അപ്പോയന്റ്‌മെന്റ്‌സ് കമ്മീഷനിലേക്ക് (എന്‍ ജെ എ സി) രണ്ട് പ്രമുഖ വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ പാനലില്‍ അംഗമാകാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു വിസമ്മതിച്ചു. അതേസമയം, എന്‍ ജെ എ സിയുടെ സാധുത സംബന്ധിച്ച് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കല്‍ ആരംഭിച്ചിട്ടുണ്ട്.
ജുഡീഷ്യറിയിലെ ഉന്നത സ്ഥാനങ്ങളിലേക്ക് ജഡ്ജിമാരെ നിയമിക്കാനുള്ള പുതിയ നിയമത്തിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കുന്നത് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ്. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, മദന്‍ ബി ലൊക്കുര്‍, കുര്യന്‍ ജോസഫ്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റംഗങ്ങള്‍. അതിലേക്ക് രണ്ട് പ്രമുഖ വ്യക്തികളെ കണ്ടെത്താനുള്ള മൂന്നംഗ പാനലില്‍ അംഗമാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദത്തുവിന്റെ തീരുമാനം അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹാത്ഗിയാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിനെ അറിയിച്ചത്. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദത്തു, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ മൂന്നംഗ പാനലാണ് രണ്ട് പ്രമുഖ വ്യക്തികളെ ആറംഗ എന്‍ ജെ എസിലേക്ക് കണ്ടെത്തി നിയമിക്കേണ്ടത്.
മൂന്നംഗ പാനലിന്റെ സാധുതയില്‍ സുപ്രീം കോടതി തീരുമാനമെടുക്കും വരെ അതിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
ഹൈക്കോടതികളിലെ അഡീഷനല്‍ ജഡ്ജിമാരില്‍ പലരും വിരമിക്കാനിരിക്കെ, സമീപ ഭാവിയില്‍ തന്നെ പുതിയ ജഡ്ജിമാരെ നിയമിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ വിരമിക്കാനിരിക്കുന്ന ജഡ്ജിമാര്‍ അവരുടെ ചേമ്പറില്‍ പതിനഞ്ച് മിനുട്ട് നേരം കൂടിയാലോചിച്ചിരുന്നു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരുമായും വിഷയം ചര്‍ച്ച ചെയ്തിരുന്നു.
കേസിന്റെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ജഡ്ജിമാര്‍ വിചാരണ തുടരട്ടെ എന്ന ഒരു ധാരണയുണ്ടാക്കിയതായി ജസ്റ്റിസ് ഖെഹാര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.