സൈക്കിള്‍ ഉപയോഗം; ശൈഖ് ഹംദാന്‍ ഉത്തരവിറക്കി

Posted on: April 27, 2015 9:00 pm | Last updated: April 27, 2015 at 9:41 pm

ദുബൈ: സൈക്കിള്‍ സവാരിക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനായി ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിറക്കി. സൈക്കിളിന്റെ ഉപയോഗം ഇതിനായി പ്രത്യേകം നിര്‍മിച്ച ട്രാക്കുകളിലൂടെ ആയിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ നിലവിലുള്ള രീതികളോട് കിടപിടിക്കുന്ന തരത്തിലാണ് ട്രാക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്. യാത്രക്കും വ്യായാമത്തിനും വിനോദത്തിനുമെല്ലാമായി സൈക്കിളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കുന്ന കാര്യത്തിലും കാത്തുസൂക്ഷിക്കുന്നതിലുമെല്ലാം ആര്‍ ടി എ രാജ്യാന്തര നിലവാരം സൂക്ഷിക്കുന്നുണ്ടെന്ന് ശൈഖ് ഹംദാന്‍ ഓര്‍മിപ്പിച്ചു. സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ട്രാക്കുകള്‍ സംവിധാനം ചെയ്തിരിക്കുന്നത്. സൈക്കിള്‍ ഓടിക്കുന്നവര്‍ മണിക്കൂറില്‍ 60 കിലോമീറ്ററില്‍ അധികം വേഗത്തില്‍ വാഹനങ്ങള്‍ ഓടുന്ന നിരത്തിലും സഞ്ചരിക്കരുത്. സൈക്കിളിനുള്ള പ്രത്യേക ട്രാക്കുകള്‍ ഉപയോഗിക്കണം, കാല്‍നട യാത്രക്കാര്‍ക്കായി മാറ്റിവെച്ച വഴികളിലേക്ക് സൈക്കിളുകള്‍ പ്രവേശിക്കരുത്. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ സുരക്ഷാ നിര്‍വചനത്തില്‍ ഉള്‍പെട്ടവ സൈക്കിള്‍ ഓടിക്കുന്നവര്‍ പാലിച്ചിരിക്കണമെന്നും ശൈഖ് ഹംദാന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ഡെലിവറി ബോയ്കള്‍ ഉള്‍പെടെയുള്ളവര്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലൂടെ അപകടകരമായ രീതിയില്‍ സൈക്കിള്‍ ഓടിക്കുന്നതും ഇത്തരം ഒരു നിര്‍ദേശത്തെ സ്വാധീനിച്ചിരിക്കാന്‍ ഇടയുണ്ട്.