നേപ്പാള്‍ ഭൂമികുലുക്കം: യു എ ഇയില്‍ നിന്നുള്ള ആറംഗ സംഘത്തെക്കുറിച്ച് വിവരമില്ല

Posted on: April 27, 2015 9:37 pm | Last updated: April 27, 2015 at 9:37 pm
SHARE
1308401115
നേപ്പാള്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ട ആറംഗ സംഘം

ദുബൈ; നേപ്പാള്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ട ആറംഗ സംഘത്തെക്കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കള്‍, ഭൂമികുലുക്കം ഉണ്ടാവുന്നതിന് മുമ്പ് കാഠ്മണ്ഡുവില്‍ എത്തിയവരെയാണ് കാണാതായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഘം കാഠ്മണ്ഡുവില്‍ എത്തിയത്. ഒരാഴ്ചത്തെ താമസത്തിനായിരുന്നു സംഘം പുറപ്പെട്ടതെന്ന് സംഘാംഗമായ തന്‍വീര്‍ റാവുത്തറുടെ സഹോദരി തന്‍സീം റാവുത്തര്‍ വ്യക്തമാക്കി.
യുവാക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സോഷ്യല്‍ മീഡിയ ഉള്‍പെടെയുള്ളവ ഉപയോഗപ്പെടുത്തി ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കയാണ്. കഴിഞ്ഞ 24 മണിക്കൂറിലധികമായി സംഘത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
സഹോദരന്‍ ഉള്‍പെടെയുള്ളവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്ന് തന്‍സീം പറഞ്ഞു. ഞങ്ങള്‍ അവര്‍ സുരക്ഷിതരായി തിരിച്ചുവരാനായി പ്രാര്‍ഥനയുമായി കഴിയുകയാണ്. ഭൂമി കുലുക്കത്തെ തുടര്‍ന്ന് അവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് കാഠ്മണ്ഡുവില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ആരും വീട്ടുകാരുമായി ബന്ധപ്പെടാത്തതിനാല്‍ ഉത്കണ്ഠ അവശേഷിക്കുന്നതായും തന്‍സി പറഞ്ഞു. സുരക്ഷിതസ്ഥാനത്തേക് മാറ്റിയവരില്‍ ഇവര്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ചും വ്യക്തത ലഭിച്ചിട്ടില്ല. 23നും 26നും ഇടയില്‍ പ്രായമുള്ളവരാണ് ഈ സംഘത്തിലുള്ളവരെല്ലാം. ഹാദി ഹനീഫ്, മുഹമ്മദ് അസ്ഹര്‍ അലി, മസര്‍ മൊഹിദീന്‍, സുനില്‍ ഗാന്ധി, നിഹാദ് അഹ്മദ് എന്നിവരാണ് നേപ്പാളിലേക്ക് പറന്ന സംഘത്തില്‍ ഉണ്ടായിരുന്നത്. നേപ്പാളിലെ മൂന്നു പ്രാദേശിക നമ്പറുകള്‍ ബന്ധപ്പെടാനായി നല്‍കിയിരുന്നെങ്കിലും അവയും പ്രവര്‍ത്തിക്കുന്നില്ലെന്നും സഹോദരി പറഞ്ഞു.