നിലമ്പൂരിലേത് ന്യൂജനറേഷന്‍ വികസനം: മുഖ്യമന്ത്രി

Posted on: April 27, 2015 8:43 am | Last updated: April 27, 2015 at 8:43 am

നിലമ്പൂര്‍: വികസനത്തില്‍ ന്യൂജനറേഷന്‍ ട്രന്റാണ് നിലമ്പൂരിലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനത്തിന്റെ നിലമ്പൂര്‍ മോഡല്‍ വികസനം കേരളത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജവഹര്‍ലാല്‍ നെഹ്‌റു നിലമ്പൂര്‍ മുനിസിപ്പല്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒന്നിന് പിറകെ ഒന്നായി പുതിയ പദ്ധതികളാണ് നിലമ്പൂരില്‍ നഗരസഭാ ചെയര്‍മാന്‍ നടപ്പാക്കുന്നത്. വികസനത്തിന് സ്ഥലം കിട്ടാത്തതാണ് കേരളത്തിലെ വലിയ പ്രശ്‌നം. ഒരു റോഡോ, പാലമോ നിര്‍മിക്കാന്‍ 12 കോടി രൂപ ചെലവ് വരുമ്പോള്‍ അതിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് അതിന്റെ പത്തിരട്ടി വരെയാണ് ചെലവുവരുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ ഒരു രൂപ പോലും ചെലവിടാതെ സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്ത് ബസ് ടെര്‍മിനല്‍ നിര്‍മിച്ച് നിലമ്പൂര്‍ നഗരസഭ മാതൃകകാട്ടിയിരിക്കുകയാണ്. സ്ഥലമേറ്റെടുത്ത് ബസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ കാത്തിരുന്നാല്‍ ഇപ്പോഴൊന്നും ഇത് പൂര്‍ത്തീകരിക്കാനാകില്ല. അവിടെയാണ് നിലമ്പൂരിലെ വികസന ശൈലി വിജയിച്ചത്. ഈ വികസന ശൈലി മറ്റു നഗരസഭകളും മാകൃകയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഡ്ജറ്റ് തുക കൊണ്ടുമാത്രം അടിസ്ഥാന വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. പൊതു സ്വകാര്യ പങ്കാളിത്തം, ബി ഒ ടി, ടോള്‍പിരിവ് അടക്കമുള്ള മാര്‍ഗങ്ങളില്‍ക്കൂടിയും വികസന പദ്ധതികള്‍ നടപ്പാക്കണം. വികസന പദ്ധതികള്‍ക്ക് സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് ചെറിയ ഇളവുകള്‍ ചെയ്തു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റോഡിന് സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് അവരുടെ സ്ഥലത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കും.
വയലുകളില്‍ ബൈപാസ് റോഡിനും മറ്റും സ്ഥലം നല്‍കുന്നവര്‍ക്ക് കൃഷിയോഗ്യമല്ലാത്ത സ്ഥലത്ത് അല്‍പം നിലം നികത്താനും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലമ്പൂര്‍ നെഹ്‌റു ബസ് ടെര്‍മിനലില്‍ നിന്നും ആരംഭിച്ച കെ എസ് ആര്‍ ടി സി ലോ ഫ്‌ളോര്‍ എ സി ബസ് സര്‍വീസിന് മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയ്തു. ചടങ്ങില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ആധ്യക്ഷത വഹിച്ചു. മന്ത്രി മഞ്ഞളാംകുഴി അലി സമ്മേളനം ഉദ്ഘാടനം ചെയ്തു. മറ്റു നഗരസഭകള്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കുമ്പോള്‍ നിലമ്പൂര്‍ അതു പൂര്‍ത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.
ബസ് ടെര്‍മിനലിനായി 65 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ തൃപ്പനച്ചി സ്വദേശി കറളിക്കാട്ട് അബൂബക്കറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപഹാരം നല്‍കി. മുഖ്യമന്ത്രിക്ക് നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തും മന്ത്രി ആര്യാടന്‍ മുഹമ്മദിന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബാബുമോഹനക്കുറുപ്പ്, മഞ്ഞളാംകുഴി അലിക്ക് വൈസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബു, പി വി അബ്ദുല്‍വഹാബ് എം പിക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാലോളി മെഹബൂബ്, ഉദ്ഘാടന പ്രചരണത്തിന് സൗജന്യ പരസ്യവീഡിയോ നിര്‍മിച്ച ബി പ്ലസിന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ബസ് ടെര്‍മിനലില്‍ സ്ഥാപിക്കാന്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ടവര്‍ ക്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് ദേവശേരി ഏറ്റുവാങ്ങി. നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് സ്വാഗതവും മുനിസിപ്പല്‍ സെക്രട്ടറി കെ. പ്രമോദ് നന്ദിയും പറഞ്ഞു.