ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ഉത്സവമാക്കി നിലമ്പൂര്‍; താരമായി എ സി ലോഫ്‌ളോര്‍ ബസ്

Posted on: April 27, 2015 8:42 am | Last updated: April 27, 2015 at 8:42 am

നിലമ്പൂര്‍: നഗരസഭയുടെ ജവഹര്‍ലാല്‍ നെഹ്‌റു ബസ് ടെര്‍മിനല്‍ ഉദ്ഘാടനം നിലമ്പൂരിന്റെ ഉത്സവമായി. ഉത്സപ്രതീതിയില്‍ നഗരംമുഴുവന്‍ അണിഞ്ഞൊരുങ്ങിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വരവേറ്റത്. സി എന്‍ ജി രോഡില്‍ നിന്നും ബസ്‌ടെര്‍മിനലിലേക്കുള്ള പ്രവേശനകവാടത്തില്‍ മുഖ്യമന്ത്രിയെ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി, പി വി അബ്ദുല്‍വഹാബ് എം പി, നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു.
വനിതകളുടെ ശിങ്കാരിമേളവും കൊമ്പും കുഴല്‍വിളിയുമായി ആയിരങ്ങളാണ് മുഖ്യമന്ത്രിയെ വരവേറ്റത്. ബസ് സ്റ്റാന്റും പരിസരങ്ങളും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമായിരുന്നു. സമീപത്തെ കെട്ടിടത്തിനും വീടുകള്‍ക്കു മുകളിലും വരെ സ്ത്രീകള്‍ അടങ്ങിയെ ജനക്കൂട്ടമുണ്ടായിരുന്നു. ബസ് ടെര്‍മിനലിലേയും പ്രവേശന റോഡിലെയും കടകളെല്ലാം ദീപാലംകൃതമാക്കിയിരുന്നു. ആദ്യമായി ബസ് ടെര്‍മിനലിലേക്കെത്തിയ കെ എസ് ആര്‍ ടി സി. എ സി ലോ ഫ്‌ളോര്‍ ബസാണ് താരമായത്. ബസ് എത്തിയപ്പോഴേക്ക് ജനം ചുറ്റും കൂടി. ബസിനൊപ്പം നിന്നു മൊബൈലില്‍ സെല്‍ഫി എടുക്കാനും ഉള്ളില്‍ കയറാനുമൊക്കെ തിരക്കായിരുന്നു. നിലമ്പൂരു വഴി വഴിക്കടവ്- കോഴിക്കോട് റൂട്ടിലോടുന്ന എ സി ലോ ഫ്‌ളോര്‍ ബസ് സര്‍വീസിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫഌഗ് ഓഫ് ചെയ്തു.
രണ്ട് ലോ ഫ്‌ളോര്‍ ബസുകളാണ് നിലമ്പൂര്‍ വഴി ലഭിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിന് ശേഷം 10 മിനുറ്റ് നീളുന്ന കരിമരുന്നു പ്രകടനവും ഉണ്ടായിരുന്നു. ഏറെക്കാലത്തെ സ്വപ്‌നമായ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം അവിസ്മരണീയമാക്കിയാണ് നാട്ടുകാര്‍ മടങ്ങിയത്.