തച്ചണ്ണയില്‍ വിഘടിത ഗുണ്ടാവിളയാട്ടം; സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

Posted on: April 27, 2015 8:31 am | Last updated: April 27, 2015 at 8:31 am

മലപ്പുറം: ഊര്‍ങ്ങാട്ടീരി തച്ചണ്ണയില്‍ വിഘടിതരുടെ ഗുണ്ടാവിളയാട്ടം. തച്ചണ്ണ അങ്ങാടിയിലേക്കിറങ്ങുന്ന സുന്നി പ്രവര്‍ത്തകരെ വകവരുത്താന്‍ ഇന്നലെ രാവിലെ മുതല്‍ ആയുധങ്ങളുമായി തക്കം പാര്‍ത്തിരുന്ന വിഘടിത ഗുണ്ടകളുടെ ആക്രമത്തില്‍ മൂന്ന് സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കൊറളിയാടന്‍ മുജീബ്, കെസി അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുതര പരിക്കുകളോടെ മഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ കല്യാണ വീട്ടില്‍ നിന്ന് തിരികെ വീട്ടിലേക്ക് പോകും വഴി മുസ്‌ലിം ലീഗ് ഓഫീസിന് സമീപത്തു വെച്ച് ആയുധമേന്തിയ ഗുണ്ടകള്‍ മുജീബിന് നേരെ ചാടിവീണ് കൊലവിളി നടത്തി തല്ലിച്ചതക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് മുജീബിനെ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് പോലീസ് നിര്‍ദേശപ്രകാരം ആശുപത്രിയിലുമെത്തിച്ചത്. തലനാരിഴക്കാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന് മുജീബ് പറഞ്ഞു.
വൈകുന്നേരം തച്ചണ്ണയില്‍ നിന്ന് കൂട്ടമായി ആലുംചുവട്ടിലെത്തിയ ഗണ്ടകള്‍ റോഡരികിലുണ്ടായിരുന്ന ഗഫൂര്‍ മുസ്‌ലിയാരെ വളഞ്ഞിട്ട് അക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു. പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ഗഫൂര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
ഗഫൂര്‍ മുസ്‌ലിയാരെ കൊലപ്പെടുത്താന്‍ സാധിക്കാത്തിലുള്ള അമര്‍ഷം തീര്‍ത്തത് തൊട്ടടുത്തുള്ള എം പി മുഹമ്മദ് അഷ്‌റഫിന്റെ കട എറിഞ്ഞു തകര്‍ത്തുകൊണ്ടാണ്. ഇതും മതിയാകാഞ്ഞിട്ട് തച്ചണ്ണ അങ്ങാടിയിലുണ്ടായിരുന്ന എം കെ അബ്ദുറഷീദിനെയും അടിച്ചു പരിക്കേല്‍പ്പിച്ചു. സി പി എം ഓഫീസിന് നേരെയും അക്രമികള്‍ കല്ലെറിഞ്ഞു. മൂന്ന് സംഭവത്തിലും നേതൃത്വത്തിന്റെ നിര്‍ദേശം മാനിച്ച് സുന്നികള്‍ സംയമനം പാലിച്ചത് അക്രമികളെ നിരാശപ്പെടുത്തി. പിന്നീട് സംഭവം വഴിതിരിച്ച് വിടാന്‍ വേണ്ടി അക്രമികളില്‍ പെട്ട ഒരാളുടെ ഓട്ടോയുടെ ഗ്ലാസ് തകര്‍ത്ത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടായി.
കഴിഞ്ഞ വെള്ളിയാഴ്ച അനധകൃതമായി വഖ്ഫ് സ്വത്തുക്കളിലെ വരുമാനം കൈക്കലാക്കാന്‍ വിഘടിതര്‍ ശ്രമം നടത്തിയിരുന്നു. നിയപാലകര്‍ ഇടപെട്ട് ലേലം നിര്‍ത്തി വെപ്പിച്ചിരുന്നു. ഇതില്‍ ക്ഷുഭിതരായാണ് വിഘടിതര്‍ അക്രമത്തിനിറങ്ങിപ്പുറപ്പെട്ടത്. പ്രദേശത്ത് വിഘടിതരുടെ അക്രമം ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നിട്ടും പോലീസ് നിസ്സംഗത പാലിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഗുണ്ടതകള്‍ തച്ചണ്ണയിലൂടെ വിലസി നടക്കുന്നുണ്ടെന്ന് വിവരം നല്‍കിയിട്ടും പൊലീസ് പുലര്‍ത്തിയ നിഷ്‌ക്രിയത്വം അക്രമികള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തതിനു തുല്യമായെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.