ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം

Posted on: April 27, 2015 12:01 am | Last updated: April 27, 2015 at 12:01 am

prv_94e88_1430064956ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിന് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ 18.2 ഓവറില്‍ 95 റണ്‍സിലൊതുക്കിയ ബാഗ്ലൂര്‍ 10.3 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. ബാംഗ്ലൂരിനായി ക്രിസ് ഗെയില്‍ 62ഉം കോഹ്‌ലി 35ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ ബാഗ്ലൂരിന്റെ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ചും വരുണ്‍ ആരോണും ഡേവിഡ് വീസും ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുട്ടിടിച്ചു. ആദ്യ ഓവറില്‍ തന്നെ ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ നേരിട്ട ആദ്യപന്തില്‍ ഓപ്പണര്‍ ശ്രേയസ് അയ്യറാണ് പുറത്തായത്. സ്റ്റാര്‍ചിന്റെ പന്തില്‍ എല്‍ ബി ഡബ്ല്യു. മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ ഡുമിനിയും സ്‌കോര്‍ മുന്നോട്ട് ചലിപ്പിച്ചെങ്കിലും ഡുമിനി (13)യെ വീസ് വീഴ്ത്തി. യുവരാജ് സിംഗ് (2) പതിവ് പോലെ വന്നതും പോയതുമറിഞ്ഞില്ല. ആരോണിന്റെ പന്തില്‍ കാര്‍ത്തിക്കിന് ക്യാച്ച്. തൊട്ടുപിന്നാലെ എയ്ഞ്ചലോ മാത്യുസും നേരിട്ട ആദ്യ പന്തില്‍ പുറത്ത്. ഡല്‍ഹി വന്‍ തകര്‍ച്ചയെ നേരിട്ട നിമിഷങ്ങള്‍. കേദാര്‍ ജാദവി (33) നൊഴികെ മറ്റാര്‍ക്കും ഒന്നും ചെയ്യാനായില്ല.
ഡല്‍ഹിയുടെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ ഒഴികെ ആര്‍ക്കും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല. ബാംഗ്ലൂരിനായി സ്റ്റാര്‍ച് മൂന്നും ആരോണും വീസും രണ്ട് വിതവും വിക്കറ്റുകള്‍ വീഴ്ത്തി. ഇഖ്ബാല്‍ അബ്ദുല്ല ഒരുവിക്കറ്റെടുത്തു. വരുണ്‍ ആരോണാണ് മാന്‍ ഓഫ് ദ മാച്ച്.