Connect with us

Kerala

ആറന്മുള വിമാനത്താവളം: പ്രക്ഷോഭം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള പ്രക്ഷോഭം രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കാന്‍ ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപനസമിതി തീരുമാനിച്ചു.
തിരുവനന്തപുരം ഗാന്ധിഭവനില്‍ കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടത്. ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകാണും. പ്രതിഷേധം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കും. പദ്ധതി പ്രദേശത്ത് നെല്‍കൃഷി തുടങ്ങാനും ആറന്മുള അമ്പലത്തിലേക്കാവശ്യമായ താമരപ്പൂക്കള്‍ ഉത്പാദിപ്പിക്കാന്‍ പ്രദേശത്തെ വെള്ളക്കെട്ടില്‍ താമര നടാനും യോഗം തീരുമാനിച്ചു.
ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണയോടെ ശക്തമായ സമരം തുടങ്ങാനാണ് തീരുമാനം. അടുത്തമാസം ആറിന് വിമാനത്താവള പദ്ധതിക്കെതിരെ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ നിയമ സഹായ സമിതി യോഗം ചേരും. തുടര്‍ന്ന് 20ന് ആറന്മുളയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയോടെ വന്‍ പ്രതിഷേധയോഗം ചേരും.
ആറന്മുളയില്‍ നെല്‍വയലുകള്‍ മണ്ണിട്ട് നികത്തിയത് പൂര്‍വസ്ഥിതിയിലാക്കാത്ത കലക്ടറുടെ നടപടിക്കെതിരെ പത്തനംതിട്ട കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. ഡല്‍ഹിയില്‍ കര്‍ഷകര്‍ക്കുവേണ്ടി സമരം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ കേരളത്തില്‍ ആറന്മുളയിലെ കര്‍ഷകര്‍ക്കെതിരെ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയക്കും. കെ ജി എസ് നടത്തുന്ന പരിസ്ഥിതി പഠനം നിരീക്ഷിച്ച് സമാന്തരമായി ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി പരിസ്ഥിതി പഠനം നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അഖിലകക്ഷി സംഘം ഡല്‍ഹിക്ക് പോകും.
സി പി എം നേതാവ് എം എ ബേബി, എം എല്‍ എമാരായ മാത്യു ടി തോമസ്, മുല്ലക്കര രത്‌നാകരന്‍, ഗാന്ധിയന്‍ പി ഗോപിനാഥന്‍നായര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഹരിദാസ്, ആറന്മുള പൈതൃക ഗ്രാമസമിതി ഭാരവാഹികളായ ഇന്ദുചൂഡന്‍, ഹരി, ആറന്മുളയിലെ കോണ്‍ഗ്രസ് പ്രതിനിധികളായ മാലേത്ത് സരളാദേവി, അഡ്വ. ഫിലിപ്പോസ് തോമസ്, റോയിച്ചന്‍ യോഗത്തില്‍ പങ്കെടുത്തു.