സര്‍വ മേഖലകളിലും നികുതി, ഫീസ് നിരക്ക് വര്‍ധന ചെറുകിട കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു

Posted on: April 27, 2015 4:35 am | Last updated: April 26, 2015 at 10:36 pm

കല്‍പ്പറ്റ: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഭൂമി, കെട്ടിട നികുതികളും മറ്റ് കരങ്ങളും വര്‍ധിപ്പിച്ചതിനൊപ്പം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസും കുത്തനെ വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച നിരക്കിലുള്ള നികുതി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഈടാക്കിയിരുന്നില്ല.
തന്‍മൂലം ഇപ്രാവശ്യം കഴിഞ്ഞ പ്രാവശ്യത്തെ കുടിശികയും ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലുള്ള നികുതിയും നല്‍കണം. എല്ലാം കൂടിയാകുമ്പോള്‍ മൂന്നും നാലും ഇരട്ടി തുകയാണ് ജനങ്ങള്‍ നല്‍കേണ്ടത്. വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളിലും സര്‍ക്കാരിനു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലും നല്‍കേണ്ടിയിരുന്നത് 100 രൂപയുടെ മുദ്രപത്രമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം മുതല്‍ 500 രൂപയുടെ മുദ്രപത്രം നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.
മുന്‍വര്‍ഷങ്ങളില്‍ ഭൂനികുതി ഏക്കറിന് 82 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 202 രൂപയാണ് നികുതി. പഞ്ചായത്തിലെ ഭൂനികുതിയുടെ ഇരട്ടിയാണ് നഗരസഭാ പരിധിയിലുള്ള പ്രദേശങ്ങളിലുള്ള ഭൂമിയുടെ നികുതി.
ഭൂ നികുതി നിയമം ഭേദഗതി ചെയ്ത് 2014 സെപ്തംബര്‍ 22ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പക്ഷെ ആ വര്‍ഷം പഴയ നിരക്കിലാണ് നികുതി ഈടാക്കിയത്.
തന്‍മൂലം ഇപ്രാവശ്യം നികുതി അടക്കാന്‍ ചെല്ലുമ്പോള്‍ 2014 ഏപ്രില്‍ ഒന്നു മുതല്‍ കണക്കാക്കി മുന്‍കാല പ്രാബല്യത്തോടെ വര്‍ധിച്ച നിരക്കിലുള്ള നികുതിയാണ് നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം കുടിശികയായ വര്‍ധിപ്പിച്ച നികുതിയും ഈ വര്‍ഷത്തെ വര്‍ധിച്ച നിരക്കിലുള്ള നികുതിയുമാകുമ്പോള്‍ വന്‍ തുകയാണ് ഭൂ ഉടമകള്‍ നല്‍കേണ്ടത്. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കാണ് സര്‍ക്കാരിന്റെ നികുതി വര്‍ധന കനത്ത തിരിച്ചടിയായിരിക്കുന്നത്. റവന്യൂ വകുപ്പില്‍ നിന്നുള്ള എല്ലാ വിധ സേവനങ്ങള്‍ക്കുമുള്ള
നിരക്ക് വര്‍ധിപ്പിച്ചതും ജനങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.338 രൂപ അടച്ചാല്‍ ലഭിക്കുമായിരുന്ന സ്ഥലത്തിന്റെ സ്‌കെച്ചിന് പുതിയ നിരക്ക് പ്രകാരം 506 രൂപ അടക്കണം. ഭൂമി പോക്ക് വരവു ചെയ്തുകിട്ടാനുള്ള ഫീസും വര്‍ധിപ്പിച്ചു. അഞ്ച് സെന്റ് വരെയുള്ള ഭൂമിയുടെ പോക്കുവരവിന് 25 രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഫീസ്. ഇപ്പോഴത് 38 രൂപയാക്കി.
കെ.എസ്.എഫ്.ഇ. പോലുള്ള സ്ഥാപനങ്ങളില്‍ വായ്പാ ഇടപാട് നടത്തണമെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ 100 രൂപയുടെ മുദ്രപത്രം നല്‍കിയാല്‍ മതിയായിരുന്നു. ഇപ്രാവശ്യം അത് 500 രൂപയുടെ മുദ്രപത്രമാക്കിയത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കെ.എസ്.എഫ്.ഇയില്‍ നിന്ന് 5000 രൂപയുടെ വായ്പ എടുക്കുന്ന ആളും നല്‍കേണ്ടത് 500 രൂപയുടെ മുദ്രപത്രമാണ്. ഇതുപോലെ മറ്റ് ഓഫീസുകളിലും ഇടപാടുകള്‍ക്കായി നല്‍കേണ്ട മുദ്രപത്രവും കൂടിയ വിലയുടേതാണ്. നികുതി വര്‍ധനവിന്റെ പേരില്‍ വില്ലേജ് ഓഫീസുകളില്‍ ഒച്ചപ്പാടും ബഹളവും പതിവാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് നികുതി വര്‍ധിച്ചതെന്നും തങ്ങള്‍ നിസഹായരാണെന്നുമുള്ള ജീവനക്കാരുടെ പ്രതികരണങ്ങളില്‍ പലപ്പോഴും ജനം ശാന്തരാകുന്നില്ല. ബാങ്കുകളില്‍ നിന്ന് വായ്പകള്‍ ലഭിക്കാനും വായ്പകള്‍ പുതുക്കാനും തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കാനും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ഭൂ, വീട്ടു നികുതി അടച്ചതിന്റെ രസീത് വേണം. അതുകൊണ്ടു തന്നെ വര്‍ധിച്ച നിരക്കിലുള്ള നികുതിഭാരം പേറാന്‍ നിര്‍ബന്ധിതരാവുകയാണ് ജനം.