തമിഴ്‌നാട്ടില്‍ പുതിയ സഖ്യത്തിന്റെ സൂചന നല്‍കി വിജയകാന്ത്- കരുണാനിധി കൂടിക്കാഴ്ച

Posted on: April 26, 2015 11:55 pm | Last updated: April 26, 2015 at 11:55 pm

karunanidhi_1113689fചെന്നൈ: തമിഴ് രാഷട്രീയത്തില്‍ പുതിയ ധ്രുവീകരണത്തിന്റെ സൂചന നല്‍കി വിജയകാന്ത്- കരുണാനിധി കൂടിക്കാഴ്ച. കര്‍ണാടകയുടെ മേകാദത്തു അണക്കെട്ട് പദ്ധതിക്കെതിരെ പ്രധാനമന്ത്രിയെ സമീപിക്കുന്നത് സംബന്ധിച്ച് ആലോചിക്കാനാണ് ഡി എം കെ നേതാക്കളെ കണ്ടതെന്നാണ് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡി എം ഡി കെ) മേധാവിയും പ്രമുഖ നടനുമായ വിജയകാന്ത് പറയുന്നത്. എന്നാല്‍ എ ഐ എഡി എം കെ സര്‍ക്കാറിനെതിരെ യോജിച്ച് നീങ്ങുന്നതിനും വിശാല സഖ്യം രൂപപ്പെടുന്നതിനുമുള്ള സൂചനയാണ് കൂടിക്കാഴ്ചയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തമിഴ്‌നാട്ടുകാരായ 20 മരംവെട്ടുകാര്‍ ആന്ധ്രാപ്രദേശില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതും കേരളവുമായുള്ള മുല്ലപ്പെരിയാര്‍ പ്രശ്‌നവും ശ്രീലങ്കന്‍ നാവിക സേന തമിഴ് മീന്‍പിടിത്തക്കാര്‍ക്ക് നേരെ നടത്തുന്ന അതിക്രമവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്ന് വിജയകാന്ത് പറഞ്ഞു. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇന്ന് പ്രധാനമന്ത്രിയെ കാണുന്ന പ്രതിപക്ഷ സംഘത്തില്‍ ഡി എം കെ ട്രഷറര്‍ എം കെ സ്റ്റാലിനും രാജ്യസഭാംഗം കനിമൊഴിയും മറ്റൊരു ഡി എം കെ. എം പിയായ തിരുച്ചി എന്‍ ശിവയും വിജയകാന്തിനൊപ്പമുണ്ടാകും. ഈ യോജിച്ച നീക്കം രാഷ്ട്രീയ സഖ്യമായി വളരുമോ എന്ന് ചോദ്യത്തിന്, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സമാനമനസ്‌കരുമായി യോജിച്ച് നീങ്ങുകയെന്നത് ഡി എം കെയുടെ ശൈലിയാണെന്നായിരുന്നു സ്റ്റാലിന്റെ മറുപടി.