Connect with us

Business

കുരുമുളക് വില നേട്ടത്തില്‍; റബ്ബര്‍ വിപണിയിലെ പ്രതിസന്ധി തുടരുന്നു

Published

|

Last Updated

കൊച്ചി: ഉത്തരേന്ത്യന്‍ ആവശ്യം വര്‍ധിച്ചത് കുരുമുളകിന് നേട്ടമായി. നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു. പുതിയ കൊപ്ര വില്‍പ്പനക്ക് ഇറങ്ങി. ടയര്‍ കമ്പനികളുടെ അഭാവം റബ്ബര്‍ ഷീറ്റിന്റെ വിലക്കറ്റത്തിന് തടസ്സമായി.
കുരുമുളക് വില 2000 രൂപ ഉയര്‍ന്നു. ഉല്‍പാദകര്‍ ചരക്ക് നീക്കം നിയന്ത്രിച്ചത് വിപണി നേട്ടമാക്കി. അന്തര്‍സംസ്ഥാന വ്യാപാരികള്‍ ഉല്‍പ്പന്നത്തില്‍ താല്‍പര്യം കാണിച്ചു. വിദേശ ഓര്‍ഡറുകളില്‍ കയറ്റുമതിക്കാര്‍ പ്രതീക്ഷ നിലനിര്‍ത്തി. രൂപയുടെ വിനിമയ നിരക്കിലെ ഇടിവ് മൂലം അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വിലയില്‍ കാര്യമായ മാറ്റമില്ല. ഗാര്‍ബിള്‍ഡ് കുരുമുളക് 59,000 രൂപയില്‍ നിന്ന് വാരാന്ത്യം 61,000 ലേക്ക് കയറി.
നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് വിപണിയിലേക്കുള്ള പുതിയ പച്ചതേങ്ങയുടെ വരവ് ഇതോടെ ഉയര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചരക്കും വില്‍പ്പനക്ക് ഇറങ്ങി.
തമിഴ്‌നാട്ടിലെ വന്‍കിട എണ്ണയാട്ട് വ്യവസായികള്‍ കൊപ്ര സംഭരണം ഇതിനിടയില്‍ കുറച്ചു. നേരത്തെ 10,100 ല്‍ നീങ്ങിയ കൊപ്ര വാരാന്ത്യം 9,400 ലാണ്. കോഴിക്കോട് കൊപ്രയ്ക്ക് പതിനായിരം രൂപയുടെ താങ്ങ് നഷ്ടമായി. കൊച്ചിയില്‍ വെളിച്ചെണ്ണ വാരാന്ത്യം 13,900-14,400 ലാണ്. കൊപ്ര 9,395 ലും.
റബ്ബര്‍ വിപണിയിലെ പ്രതിസന്ധി തുടരുന്നു. ടയര്‍ വ്യവസായികളില്‍ നിന്നുള്ള ആവശ്യം ഉയര്‍ന്നില്ല. കമ്പനികളുടെ അഭാവം മൂലം ആര്‍ എസ് എസ് നാലാം ഗ്രേഡ് റബ്ബര്‍ 12,000 ലും അഞ്ചാം ഗ്രേഡ് 11,600 രൂപയിലുമാണ്. മഴ കണക്കിലെടുത്താല്‍ അടുത്ത മാസം റബ്ബര്‍ വെട്ട് പുനരാരംഭിക്കാനാവും.
വേനല്‍ മഴ കനത്തതോടെ ഹൈറേഞ്ചിലെ കര്‍ഷകര്‍ സ്‌റ്റോക്കുള്ള ഏലക്ക വില്‍പ്പനയ്ക്ക് ഇറക്കി. ലേല കേന്ദ്രങ്ങളില്‍ ചരക്ക് വരവ് ഉയര്‍ന്നതോടെ നിരക്ക് താഴ്ന്നു. മികച്ചയിനം ഏലക്ക കിലോ ഗ്രാമിന് 908 രൂപ വരെ താഴ്ന്നു. തൊട്ട് മുന്‍വാരത്തില്‍ 1,028 വരെ ഉയര്‍ന്നിരുന്നു.
ആഭരണ വിപണികളില്‍ പവന്‍ 20,120 ല്‍ നിന്ന് 20,000 ലേക്ക് താഴ്‌ന്നെങ്കിലും വെള്ളിയാഴ്ച്ച 20,200 രൂപയായി കയറി. ശനിയാഴ്ച ക്ലോസിംഗ് നടക്കുമ്പോള്‍ പവന്‍ 20,120 ലാണ്. രാജ്യാന്തര വിപണികയില്‍ സ്വര്‍ണ വില ഔണ്‍സിന് 1,182 ഡോളര്‍.

Latest