പ്രതിഷേധത്തിനിടെ ചരക്ക് സേവന നികുതി ബില്‍ ലോക്‌സഭയില്‍

Posted on: April 25, 2015 5:49 am | Last updated: April 24, 2015 at 11:51 pm

indian parliamentന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ ചരക്ക് സേവന നികുതി ബില്ല് (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്) ലോക്‌സഭയില്‍ അവതരിപ്പിച്ചു. ജി എസ് ടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനും ഒരു പോലെ ഗുണകരമാണെന്നും ഒരു സംസ്ഥാനത്തിനും ആശങ്ക വേണ്ടെന്നും ബില്‍ അവതരിപ്പിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഭരണഘടനാ ഭേദഗതി ഉള്‍ക്കൊള്ളുന്ന ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടി, എന്‍ സി പി അംഗങ്ങളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എ ഐ എ ഡി എം കെ അംഗങ്ങളും ബി ജെ ഡി അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നത് ശ്രദ്ധേയമായി. എന്നാല്‍ ഇവര്‍ വാക്കൗട്ടില്‍ പങ്കെടുത്തില്ല.
ചട്ടങ്ങളും വ്യവസ്ഥകളും ഇടിച്ചു നിരത്തുകയാണ് സര്‍ക്കാറെന്നും സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴി വെക്കുന്ന ബില്‍ കൂടുതല്‍ ആലോചനക്കും പഠനത്തിനും ശേഷം കൊണ്ടുവരികയാണ് വേണ്ടതെന്നും പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഒരു മണിക്കൂറോളം നീണ്ട വാഗ്വാദത്തിനൊടുവില്‍ ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ക്ഷണിച്ചു. വളരെ പ്രധാനപ്പെട്ട ബില്ലാണ് ഇതെന്നും വൈകിപ്പിക്കാന്‍ സാധ്യമല്ലെന്നും അവര്‍ പറഞ്ഞു. മന്ത്രി ഇന്ന് ആമുഖഭാഷണം നടത്തട്ടെയെന്നും സൗകര്യപ്രദമായ മറ്റൊരു ദിവസം വിശദമായ ചര്‍ച്ച ആകാമെന്നും അവര്‍ പറഞ്ഞു. ‘ഈ ബില്‍ വരുമ്പോള്‍ ആര്‍ക്കും നഷ്ടമുണ്ടാകില്ല. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വരുമാന വര്‍ധനവുണ്ടാകും. രാജ്യത്തിന്റെ മൊത്തം റവന്യൂ വര്‍ധിക്കും. അതിനാല്‍ ജി എസ് ടി ഭരണഘടനാ ഭേദഗതി ബില്‍ സഭയുടെ പരിണനക്ക് വെക്കുന്നു’- അരുണ്‍ ജെയ്റ്റ്‌ലി ആമുഖമായി പറഞ്ഞു. മൂല്യവര്‍ധിത നികുതി വരുമ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് നഷ്ട പരിഹാരം വേണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആറാം വര്‍ഷത്തേക്ക് ആരും ആവശ്യപ്പെട്ടിട്ടില്ല. അതിനര്‍ഥം ആശങ്കകള്‍ അത്ര ഗൗരവമുള്ളതല്ല എന്നാണെന്നും ധനമന്ത്രി പറഞ്ഞു.
ഈ ബില്ലിനെ മാറ്റാരേക്കാളും പിന്തുണക്കേണ്ടത് കോണ്‍ഗ്രസാണ്. കഴിഞ്ഞ യു പി എ സര്‍ക്കാറാണ് ബില്‍ യഥാര്‍ഥത്തില്‍ തയ്യാറാക്കിയത്. ഇതിന്റെ ആദ്യ രൂപം തയ്യാറാക്കിയത് 2003ല്‍ എന്‍ ഡി എ കാലത്തും. തങ്ങള്‍ കൊണ്ടു വന്ന ഒരു നിയമം ഇനിയും വൈകാതിരിക്കാന്‍ കോണ്‍ഗ്രസ് സഹകരിക്കുകയാണ് വേണ്ടെതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ജി എസ് ടി ബില്‍ പാസ്സാകുന്നതോടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിനാണ് നാന്ദിയാകുക. ജി എസ് ടി വരുന്നതോടെ, കേന്ദ്ര ഏക്‌സൈസ് തീരുവ, സംസ്ഥാനങ്ങള്‍ ചുമത്തുന്ന വാറ്റ്, വിനോദ നികുതി, നഗരാതിര്‍ത്തി കടക്കുമ്പോള്‍ ചുമത്തുന്ന ഒക്‌ട്രോയി, ആഡംബര നികുതി, വാങ്ങല്‍ നികുതി തുടങ്ങിയവയെല്ലാം അപ്രത്യക്ഷമാകും. ജി എസ് ടിയുടെ പരിധിയില്‍ ഏതൊക്കെ വസ്തുക്കള്‍ വരണമെന്ന് നിശ്ചയിക്കുന്നത് ജി എസ് ടി കൗണ്‍സില്‍ ആയിരിക്കും. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെന്നും പകുതി സംസ്ഥാനങ്ങള്‍ ഒരുമിച്ച് നിന്നാല്‍ തന്നെ വീറ്റോ ചെയ്യാനാകും.