മോഡലിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്ന് പോലീസുകാര്‍ അറസ്റ്റില്‍

Posted on: April 25, 2015 5:42 am | Last updated: April 24, 2015 at 11:44 pm

crimnalമുംബൈ: 29കാരിയായ മോഡലിനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍മാരേയും ഒരു കോണ്‍സ്റ്റബിളിനേയും പോലീസ് അറസ്റ്റ്‌ചെയ്തു.
യുവതിയെ തട്ടിക്കൊണ്ട്‌പോയ മൂന്ന് പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഒരു പോലീസ ്ചൗക്കിയില്‍ വെച്ചാണ് അവരെ ലൈംഗികമായി പീഡിപ്പിച്ചത്. കൈയിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപ പോലീസുകാര്‍ തട്ടിയെടുത്തതായും മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മറിയക്ക് നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ എം ഐ ഡി സി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. എ പി ഐ ഖടാപെ, സൂര്യവന്‍ഷി, കോണ്‍സ്റ്റബിള്‍ കോടെ എന്നിവരണ് യുവതിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയേയും അവരുടെ ആണ്‍ സുഹൃത്തിനേയും നാല് മണിക്കൂറോളം തടഞ്ഞുവെച്ച പോലീസ്, കേസ് ഒഴിവാക്കാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ വേശ്യാവൃത്തിക്ക് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്. ബോംബെ പോലീസ് നിയമപ്രകാരം യുവതിയില്‍ നിന്ന് 1200 രൂപ പിഴയായും ഈടാക്കി.
അഞ്ച് ലക്ഷം രൂപ സംഘടിപ്പിക്കാന്‍ ആണ്‍ സുഹൃത്തിനെ പുറത്ത് വിട്ട പോലീസുകാര്‍, സ്റ്റേഷനില്‍ ഒറ്റക്കായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. തന്നില്‍ നിന്ന് 80,000 രൂപ വിലമതിക്കുന്ന സ്വര്‍ണ മോതിരം, മാല, വളകള്‍ എന്നിവ പോലീസുകാരന്‍ ഊരി വാങ്ങി. അഞ്ച് ലക്ഷം രൂപ സംഘടിപ്പിക്കാന്‍ വിവിധ എ ടി എമ്മുകളില്‍ കയറിയിറങ്ങിയ സുഹൃത്തിന് 4.35 ലക്ഷം രൂപമാത്രമെ സ്വരൂപിക്കാനായുള്ളു. ഇത്രയും പണവും സ്വര്‍ണഭരണങ്ങളും കൈയടക്കിയ ശേഷം യുവതിയേയും ആണ്‍സുഹൃത്തിനേയും വിട്ടയച്ചു.
യുവതി നല്‍കിയ പരാതികള്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് പോലീസ് കമ്മീഷണര്‍ മരിയ പറഞ്ഞു.