Connect with us

International

സഊദി ആക്രമണം: യമനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 115 കുട്ടികള്‍

Published

|

Last Updated

ജനീവ: കഴിഞ്ഞ മാസം 26ന് സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ആക്രമണം ആരംഭിച്ചതിനു ശേഷം യമനില്‍ ഇതുവരെയായി 115 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമിതിയായ യൂനിസെഫ് അറിയിച്ചു. ഇക്കാലയളവിലെ ആക്രമണങ്ങളില്‍ 172 കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇത് കൃത്യമായ കണക്കല്ലെന്നും മരണസംഖ്യ ഇനിയും അധികമായിരിക്കുമെന്നും അറിയിച്ച യൂനിസെഫ് മാര്‍ച്ച് 26 മുതല്‍ ഈ മാസം 20 വരെ മാത്രം 20 കുട്ടികള്‍ സഊദിയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായും വ്യക്തമാക്കി. 26 കുരുന്നുകള്‍ മൈനുകള്‍ പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടത്. 19 കുട്ടികള്‍ വെടിയേറ്റും മൂന്ന് പേര്‍ ഷെല്ലാക്രമണത്തിലും മറ്റ് മൂന്ന് കുട്ടികള്‍ അജ്ഞാതമായ കാരണങ്ങളാലും കൊല ചെയ്യപ്പെട്ടതായി യൂനിസെഫ് അറിയിച്ചു. മരിച്ച കുട്ടികളില്‍ 71 പേരും വടക്കന്‍ യമനില്‍ ഉള്ളവരാണെന്നും ഐക്യരാഷ്ട്രസഭയുടെ ശിശു ക്ഷേമ സമിതി അറിയിച്ചു.
മാര്‍ച്ച് 26ന് ശേഷം കുറഞ്ഞത് 140 കുട്ടികളെങ്കിലും സൈനികവിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് യമന്‍ കുരുന്നുകള്‍ ഇപ്പോഴും അപകടകരമായി സാഹചര്യങ്ങളിലാണ് കഴിയുന്നത്. വെടിയൊച്ചയും ബോംബ് സ്‌ഫോടന ശബ്ദവും കേട്ട് ഭയന്ന് കുട്ടികള്‍ രാത്രിയിലുടനീളം ഉറക്കമില്ലാതെ കഴിയുകയാണെന്നും യമനിലെ യൂനിസെഫ് പ്രതിനിധി ജൂലിയന്‍ ഹാര്‍ണിസ് ചൂണ്ടിക്കാട്ടി.
അതേസമയം, സഊദി ആക്രമണത്തില്‍ ഇതുവരെയായി ആയിരത്തിലധികം യമനികള്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയും മരിച്ചവരില്‍ 551 പേര്‍ സാധാരണ പൗരന്‍മാരാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഏജന്‍സിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Latest