ജാമിഅഃ ഹസനിയ്യഃ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

Posted on: April 25, 2015 5:32 am | Last updated: April 24, 2015 at 11:33 pm

ഹസനിയ്യനഗര്‍: സുന്നിപ്രസ്ഥാനത്തിന്റെ കരുത്തും മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് ടിപ്പുവിന്റെ പടയോട്ട ഭൂമികയില്‍ ചരിത്രഗാഥ രചിക്കുകയും ചെയ്ത ജാമിഅ ഹസനിയ്യ ഇസ് ലാമിയ്യ ഇരുപതാം വാര്‍ഷിക, ഒന്‍പതാം സനദ് ദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം.
വിശുദ്ധ ഇസ് ലാമിന്റെ സൗന്ദര്യാത്മകമായ ആദര്‍ശ പാതയില്‍ അദ്വീതിയ സൂര്യ തേജസ്സ് ഇ കെ ഹസ്സന്‍ മുസ് ലിയാരും പണ്ഡിത ജ്യോതിസ്സായിരുന്ന ബാപ്പുമുസ് ലിയാരുടെ സ്മരണ നില്‍ക്കുന്ന ഹസനിയ്യ ക്യാംപ്‌സില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഇനി മൂന്ന് നാള്‍ നെല്ലറയുടെ കണ്ണും കാതും ഹസനിയ്യസമ്മേളന നഗരിയിലായരിക്കും സംഗമിക്കുക.
നന്മയുടെ സ്‌നേഹചിരാതുക്കളുമായി വിദ്യാഭ്യാസ രംഗത്ത് സംസ്‌കാരിക ഇടവും വേറിട്ട പാത സൃഷ്ടിച്ചാണ് ജാമിഅ പ്രവര്‍ത്തന വീഥിയില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നെല്ലറയുടെ ചരിത്രത്തിലേക്ക് പുതിയൊരു ചരിത്രം രചിക്കുകയാണ്.ടിപ്പുസുല്‍ത്താന്റെയും മഞ്ഞക്കുളം ഖാജാ ഹുസ്സെന്റെയും മര്‍ഹും ഇ കെ ഹസ്സന്‍ മുസ് ലിയാരുടെ ആത്മീയ തണലിടത്തില്‍ നിന്നും ഊര്‍ജ്ജം നുകര്‍ന്നാണ് ഈ കലാലയം പുതുകാലത്തോട് ക്രിയാത്മകമായി സംവദിക്കുന്നത്. നേരത്തെ നടന്ന മഞ്ഞക്കുളം മഖാം സിയാറത്തിന് ഉസ്താദുല്‍ അസാതീദ് കോട്ടൂര്‍ കുഞ്ഞമ്മു മുസ് ലിയാര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന സമ്മേളനം സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിച്ചു. ശാഫി പറമ്പില്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ഡി വൈ എസ് പി മുഹമ്മദ് കാസിം ആബീദ് ഹാജി ക്ക് നല്‍കി സോവനീര്‍ പ്രകാശനം ചെയ്തു. ഉമര്‍ മദനി വിളയൂര്‍, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് കെ ബാലചന്ദ്രന്‍, ഡെപ്യൂട്ടികലക്ടര്‍ എം ഹംസ, എം വി സിദ്ദീഖ് സഖാഫി, യു എ മുബാറക് സഖാഫി, കബീര്‍ വെണ്ണക്കര, ഉമര്‍ ഓങ്ങല്ലൂര്‍ പങ്കെടുത്തു. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി സ്വാഗതവും പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സയ്യിദ് ഉണ്ണിക്കോയതങ്ങള്‍ ചെരക്കാപ്പറമ്പ് പ്രാര്‍ഥന നടത്തി. കുതുബുഖാന ശിലാസ്ഥാപനം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ചെരക്കാപറമ്പ് നിര്‍വഹിച്ചു.
ആത്മീയ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ശൈഖുന അലി കുഞ്ഞി ഉസ്താദ ഷിറിയ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയതങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു കെ കെ അബൂബക്കര്‍ മുസ് ലിയാര്‍ താഴെക്കോട് ആമുഖം പ്രസംഗം നടത്തി.
സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരി ഉദ് ബോധനം നടത്തി. സയ്യിദ് സൈനുല്‍ ആബീദിന്‍ ബാഖവി മലേഷ്യ, സയ്യിദ് ഹുസ്സൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ഹൈദ്രോസ് മുത്തുകോയതങ്ങള്‍ എളങ്കൂര്‍, താനാളൂര്‍ അബ്ദുമുസ് ലിയാര്‍ പങ്കെടുത്തു. ചടങ്ങില്‍ ശൈഖുന അലി കുഞ്ഞി ഉസ്താദ് ഷിറിയ എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂരിനെ ആദരിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് നേതൃത്വം നല്‍കി,ഇന്ന് രാവിലെ 9മണിക്ക് ചരിത്ര സെമിനാര്‍ ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എന്‍ എന്‍ കൃഷ്ണദാസ് മുഖ്യാതിഥിയായിരിക്കും. ടിപ്പുസുല്‍ത്താന്‍ വിഷയത്തില്‍ ഡോ ഹുസ്സൈന്‍ രണ്ടത്താണിയും ടിപ്പുവിന് ശേഷമുള്ള പാലക്കാടും മുസ് ലീംകളും വിഷയത്തില്‍ കെ രാജനും വിഷയാവതരണം നടത്തും.
ദ്വിതേജസ്സികള്‍ , ഇ കെ ഹസ്സന്‍ മുസ് ലിയാര്‍, ശൈഖുന ബാപ്പുമുസ് ലിയാര്‍ വിഷയത്തില്‍ അബ്ദുറശീദ് സഖാഫി പത്തപ്പിരിയവും സംസാരിക്കും. ഉച്ചക്ക് രണ്ടിന് പ്രസ്ഥാനികം സെന്‍ഷന്‍ വണ്ടൂര്‍ അബ്ദുറഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് പി എം എസ് തങ്ങള്‍ തൃശൂര്‍ അധ്യക്ഷത വഹിക്കും. പ്രസ്ഥാനിക മുന്നേറ്റവും വളര്‍ച്ചയും വിഷയത്തില്‍ റഹ് മത്തുല്ല സഖാഫി എളമരവും പ്രസ്ഥാനിക മുന്നേറ്റത്തില്‍ പാലക്കാടിന്റെ ഇടം വിഷയത്തില്‍ എം വി സിദ്ദീഖ് സഖാഫിയും പ്രസ്ഥാനം പിന്നിട്ട പാതകള്‍ കുറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമിയും സംസാരിക്കും. സുലൈമാന്‍ ചുണ്ടമ്പറ്റ സ്വാഗതലും അശറഫ് മമ്പാട് നന്ദിയും പറയും.
നാലിന് നടക്കുന്ന ഇന്‍ ദി വാലി ഓഫ് കോര്‍ഡോവ എസ് എസ് എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ അധ്യക്ഷത വഹിക്കും. ഡോ സിദ്ദീഖ് അഹമ്മദ് മുഖ്യാതിഥിയായിരിക്കും. കോര്‍ഡോവ ക്യാന്‍സര്‍ ഫൗണ്ടേഷന്‍ മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ അബ്ദുസ്സലാം, ഇ വി അബ്ദുറഹ് മാന്‍, ഡോ മുസ്തഫ, പ്രൊഫ ഹൈദ്രോസ്, ഡോ അബൂബക്കര്‍ പത്തംകുളം പ്രസംഗിക്കും. കോര്‍ഡോവ പ്രിന്‍സിപ്പാള്‍ മോഹന്‍മേനോന്‍ സ്വാഗതവും കെ നൂര്‍മുഹമ്മദ് ഹാജി നന്ദിയും പറയും. ആറരക്ക് നടക്കുന്ന ആദര്‍ശ സമ്മേളനം എ പി മുഹമ്മദ് മുസ് ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും.
അബൂഹനീഫല്‍ ഫൈസി തെന്നല അധ്യക്ഷത വഹിക്കും. ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി , മാടനവ ഇബ്രാഹിംകുട്ടി മുസ് ലിയാര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. മുഹമ്മദ് ഹസ്രത്ത് പൂടുര്‍ പ്രാര്‍ഥന നടത്തും. തൗഫീഖ് അല്‍ഹസനി സ്വാഗതവും സലിം സഖാഫി അഞ്ചാം മൈല്‍ നന്ദിയും പറയും. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയതങ്ങള്‍ അല്‍ബുഖാരി ബായാര്‍ സമാപന പ്രാര്‍ഥന നടത്തും. നാളെ വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനവും സനദ് ദാനവും സുന്നിജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടരി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും