Connect with us

Editorial

ഡല്‍ഹി ആത്മഹത്യയും കോലാഹലങ്ങളും

Published

|

Last Updated

ഗജേന്ദ്ര സിംഗ് എന്ന കര്‍ഷകന്റെ ആത്മഹത്യയെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തിയ റാലിക്കിടെ അരങ്ങേറിയ ആത്മഹത്യക്കുത്തരവാദി റാലി സംഘടിപ്പിച്ച പാര്‍ട്ടിയും കെജ്‌രിവാളുമാണെന്നാണ് ബി ജെ പിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടു കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ഡല്‍ഹി സര്‍ക്കാറിനെതിരെ ഇരു കക്ഷികളും പ്രക്ഷോഭത്തിലാണ്. അതേസമയം ഗജേന്ദ്ര സിംഗ് രാജസ്ഥാന്‍കാരനായതിനാല്‍ അവിടം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ ഭരണപരാജയവും കര്‍ഷകവിരുദ്ധ നിലപാടുമാണ് സംഭവം തുറന്നുകാട്ടുന്നതെന്നാണ് കെജ്‌രിവാളിന്റെ പ്രതികരണം. അതിന് മറയിടാനാണ് ഉത്തരവാദിത്വം തന്റെ മേല്‍ വെച്ചു കെട്ടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിനിടയിലാണ് സംഭവമെന്നതിനാല്‍, കേന്ദ്ര സര്‍ക്കാറും പ്രതിക്കൂട്ടിലാണെന്നാണ് പാര്‍ലമെന്റിലെ ബി ജെ പി വിരുദ്ധ കക്ഷികളുടെ നിലപാട്. ബില്ലിനെതിരായ കര്‍ഷകരുടെ വികാരമാണ് ആത്മഹത്യയില്‍ പ്രതിഫലിച്ചതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ആരോപണം.
ഈ ആരോപണ പ്രത്യാരോപണങ്ങള്‍ പ്രശ്‌നത്തിന്റെ യഥാര്‍ഥ മര്‍മം തൊടുന്നില്ല എന്നതാണ് വസ്തുത. കര്‍ഷകന്റെ പരിതാപകരമായ അവസ്ഥയും ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പോലുള്ള സര്‍ക്കാറിന്റെ നയങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതവും ഈ കേലാഹലങ്ങള്‍ക്കിടെ പിന്നോട്ട് പോകുകയാണ്.
ജനശ്രദ്ധയാകര്‍ഷിക്കുന്ന ദാരുണ സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിന് പകരം അവയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ദുരുപയോഗപ്പെടുത്തുന്നതിന്റെ ഒന്നാംതരം ഉദാഹരമായി ഈ ആത്മഹത്യയെയും തുടര്‍ന്നുള്ള കോലാഹലങ്ങളെയും കാണാവുന്നതാണ്. ഗജേന്ദ്രസിംഗിന്റെ സാമ്പത്തിക നില ഭദ്രമാണെന്നും അദ്ദഹത്തിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് കുടംബം സാക്ഷ്യപ്പെടുത്തുന്നത്. എങ്കില്‍ ഇത് കര്‍ഷക ആത്മഹത്യയായി ചിത്രീകരിക്കുന്നതിലര്‍ഥമില്ല. ജനശ്രദ്ധയാകര്‍ഷിക്കാനാണ് അയാള്‍ ഈ സാഹസികത കാണിച്ചതെന്ന് വിശ്വസിക്കുന്നവരാണ് ദൃക്‌സാക്ഷികളില്‍ ഏറെയും. വാര്‍ത്തകളില്‍ ഇടം നേടാനായി നഗര മധ്യങ്ങളിലെ ടെലഫോണ്‍ ടവറുകളിലും ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കു മുകളിലും കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നതും ചാടി മരിക്കുന്നതും ഇന്നൊരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്. ഗജേന്ദ്രസിംഗിന്റെ ദാരുണ മരണം ഈ ഗണത്തില്‍ പെട്ടതോ, എന്തെങ്കിലും മാനസിക പ്രയാസത്തെ തുടര്‍ന്നോ ആയിരിക്കാം. പോലീസ് അന്വേഷണം വസ്തുത പുറത്തു കൊണ്ടുവരാനിരിക്കുന്നതേയുള്ളു. അതുവരെ ക്ഷമയോടെ കാത്തിരിക്കുന്നതിന് പകരം തിടുക്കത്തില്‍ സംഭവം കര്‍ഷക ആത്യഹത്യയാക്കി വിധിയെഴുതി പരസ്പരം ചളിയെറിയുന്നത് ശരിയോ എന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്.
ഡല്‍ഹിയിലെ കര്‍ഷക ആത്മഹത്യക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ട് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചന്ദ്രപുരി വില്ലേജിലെ സുരേഷ് കുമാര്‍, ബദ്രോയി വില്ലേജിലെ രാം പ്രസാദ് എന്നിവരാണ് ആത്മഹത്യ ചെയ്തത്. കാലം തെറ്റി പെയ്ത മഴയെ തുടര്‍ന്ന് വലിയ രീതിയിലുള്ള വിളനാശം ഉണ്ടായതില്‍ മനംനൊന്താണത്രെ ഇവര്‍ ജീവനൊടുക്കിയത്. രാജ്യത്തെമ്പാടും വിശിഷ്യാ മഹാരാഷ്ട്ര, തലുങ്കാനാ സംസ്ഥാനങ്ങളില്‍ അടിക്കടി ആത്മഹത്യകള്‍ നടക്കുന്നുണ്ട്. ഇതില്‍ ഏറെയും കര്‍ഷക ആത്മഹത്യകളാണെന്നാണ് പറയപ്പെടുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 601 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളേക്കാള്‍ നാല്‍പത് ശതമാനം കൂടുതല്‍ വരുമിത്. വിദര്‍ഭ, മറാത്തവാഡ മേഖലകളിലാണ് മഹാരാഷ്ട്രയിലെ ആത്മഹത്യകളില്‍ ബഹുഭൂരിഭാഗവും. മേല്‍കാലയളവില്‍ വിദര്‍ഭ മേഖലയില്‍ 319പേരും മറാത്ത വാഡ 215 പേരും ആത്മഹത്യ ചെയ്തുവത്രെ. തെലുങ്കാനയില്‍ പുതിയ സംസ്ഥാനം നിലവല്‍ വന്ന ശേഷമുള്ള അഞ്ച് മാസങ്ങള്‍ക്കിടയില്‍ നടന്ന ആത്മഹത്യകളില്‍ 348 എണ്ണവും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെച്ചൊല്ലിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മരണങ്ങള്‍ പക്ഷേ വാര്‍ത്താ പ്രാധാന്യം നേടിയില്ല. പാര്‍ലിമെന്റിലോ നിയമഭയിലോ കലുഷിതാന്തരീക്ഷം സൃഷ്ടിച്ചിതുമില്ല. വലിയൊരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ സംഭവിച്ചുവെന്നതിലപ്പുറം ഗജേന്ദ്രസിംഗിന്റെ ചെയ്തിക്ക്, മറ്റു ആത്മഹത്യകളേക്കാള്‍ എന്ത് പ്രാധാന്യമാണുള്ളതെന്നാണ് മനസ്സിലാകാത്തത്.
ബുദ്ധിമോശമോ മാനസിക വൈകല്യമോ ആണ് മിക്ക ആത്മഹത്യകള്‍ക്ക് പിന്നിലും. നിരുത്സാഹപ്പെടുത്തേണ്ട ഈ പ്രവണതക്ക്, അളവില്‍ കവിഞ്ഞ വാര്‍ത്താ പ്രാധാന്യം നല്‍കുന്നത് ഒരര്‍ഥത്തില്‍ അതിനെ പ്രോത്സാഹിപ്പിക്കലാണ്. ജനശ്രദ്ധയാകര്‍ഷിക്കാനും വാര്‍ത്തകളില്‍ ഇടം പിടിക്കാനും എന്തും ചെയ്യാന്‍ മടിക്കാത്ത ചിലരുണ്ട്. അവര്‍ക്കൊരു പ്രചോദനമാണ് ഗജേന്ദ്രസിംഗിന്റെയും സമാന മനസ്‌കരുടെയും ചെയ്തികള്‍. ഇത്തരം സംഭവങ്ങള്‍ ആഘോഷമാക്കി മാറ്റുന്ന മാധ്യമങ്ങളും രാഷ്ട്രീയാധുമാക്കുന്ന നേതാക്കളും നിലപാട് പുനഃപരിശോധിക്കേണ്ടതുണ്ട്.

Latest