അട്ടമല എറാട്ടുകുണ്ട് കോളനിയില്‍ സൗകര്യങ്ങള്‍ അപര്യാപ്തം

Posted on: April 25, 2015 5:25 am | Last updated: April 24, 2015 at 11:25 pm

മേപ്പാടി: അട്ടമല എറാട്ട്കുണ്ട് കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റി രൂപീകരിച്ച കമ്മിറ്റി കണ്ടെത്തി.
ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ജില്ലാ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ പഞ്ചാപകേശന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ പി. അനുപമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളനിയില്‍ സന്ദര്‍ശനം നടത്തിയത്.
ഭാസ്‌കരന്‍ എന്നയാള്‍ സഹോദരന്റെ ആക്രമണത്തെത്തുടര്‍ന്ന് തളര്‍ന്ന് കിടക്കുന്നതായി സംഘം കണ്ടെത്തി. കോളനിയിലെ പല വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. അടിത്തറ മാത്രം നിര്‍മ്മിച്ച് കരാറുകാരന്‍ വീട് നിര്‍മ്മാണം ഉപേക്ഷിച്ചു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള യാതൊരുവിധ സൗകര്യങ്ങളും കോളനിയിലില്ല. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച മൂന്ന് ഷെഡുകളിലാണ് 73 വയസ്സുള്ള ബാലനും മറ്റ് 23 പേരും താമസിക്കുന്നത്.
കമ്മിറ്റിയുടെ പരിശോധനയില്‍ ബോധ്യപ്പെട്ട വസ്തുതകളും അടിയന്തിരമായി സ്വീകരിക്കേണ്ട പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചും ജില്ലാ ജഡ്ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കമ്മിറ്റി ചെയര്‍മാന്‍ പി. അനുപമന്‍ അറിയിച്ചു.
കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എം. സാദിഖ്, അഡ്വ. പി. സുരേഷ്, ഡി.എല്‍.എസ്.എ. എസ്.ഒ. കോമളവല്ലി, ടി.എല്‍.എസ്.സി സെക്രട്ടറി സുജാത, ഐറ്റിഡിപി പ്രൊജക്ട് ഓഫീസര്‍ നാരായണന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.