Connect with us

Wayanad

ഒരു വീട്ടില്‍ ഒരു തുണിസഞ്ചി പദ്ധതിയുമായി അമ്പലവയല്‍ പഞ്ചായത്ത്

Published

|

Last Updated

അമ്പലവയല്‍: പരിസ്ഥിതി സംരക്ഷണ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് ശ്രദ്ധയാകര്‍ഷിക്കുന്നു. ജില്ലയിലെ ആദ്യത്തെ പ്ലാസ്റ്റിക് നിയന്ത്രിത പഞ്ചായത്ത് എന്ന ബഹുമതി നേടിയ അമ്പലവയലിന്റെ പുതിയ പദ്ധതിയാണ് ഒരു വീട്ടില്‍ ഒരു തുണി സഞ്ചി.പരിസ്ഥിതി സംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ പഞ്ചായത്ത് തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി നാശം തടയുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. തുണിസഞ്ചികളുടെ വിതരണോദ്ഘാടനം സബ് കളക്ടര്‍ ശീറാം സാംബശിവ റാവു നിര്‍വ്വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് പുലര്‍ത്തിയവരെയും ശാസ്ത്ര കായിക പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.യു. ജോര്‍ജ്ജ് അദ്ധ്യനായി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.സി. കൃഷ്ണകുമാര്‍, വി.ഇ.ഒ. സി.ആര്‍. നിധീഷ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബീന വിജയന്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ മാളുകുട്ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.