അബുദാബിയില്‍ തൊഴില്‍ തര്‍ക്കങ്ങളില്‍ 50 ശതമാനത്തിന്റെ കുറവ്

Posted on: April 24, 2015 2:00 pm | Last updated: April 24, 2015 at 2:06 pm

അബുദാബി: തൊഴില്‍തര്‍ക്ക സംബന്ധമായ കേസുകളില്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍.
തൊഴിലാളികളും തൊഴിലുടമകളും ഒരേ പോലെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായതാണ് തൊഴില്‍തര്‍ക്കങ്ങള്‍ പകുതിയിലധികം കുറയാന്‍ ഇടയാക്കിയതെന്ന് ജുഡീഷ്യറി വിഭാഗം അറിയിച്ചു. 2,485 തൊഴില്‍തര്‍ക്കങ്ങള്‍ ലേബര്‍ കോടതിയിലെ കോംപ്രമൈസ് കമ്മിറ്റി മുഖേന പരസ്പരധാരണയോടെ കഴിഞ്ഞ വര്‍ഷം തീര്‍പ്പാക്കി. കമ്മിറ്റിയില്‍ തീര്‍പ്പാകാത്ത 4,447 കേസുകള്‍ കോടതിയിലേക്ക് മാറ്റുകയുണ്ടായി.
അബുദാബിയില്‍ ജുഡീഷ്യറി ഡിപാര്‍ട്‌മെന്റ് കോടതി സമുച്ചയത്തില്‍ കഴിഞ്ഞ ദിവസം ‘ലേബര്‍ കോടതി കാഴ്ചപ്പാടും യാഥാര്‍ഥ്യങ്ങളും’ എന്ന വിഷയത്തില്‍ നടത്തിയ ഫോറത്തില്‍ സംബന്ധിച്ച് സംസാരിക്കവേ ലേബര്‍ കോടതി അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഹസന്‍ അഹ്മദ് അല്‍ ഹാമിദാണ് കണക്കുകളുദ്ധരിച്ച് ഇക്കാര്യം വിശദീകരിച്ചത്. ലേബര്‍ കോടതിയിലെ തര്‍ക്കപരിഹാര കമ്മിറ്റികളുടെ എണ്ണം നാലാക്കി വര്‍ധിപ്പിച്ചതായും അല്‍ ഹാമിദ് വ്യക്തമാക്കി. അതിനിടെ മുസഫ്ഫയില്‍ തൊഴില്‍തര്‍ക്ക കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രം പ്രത്യേക കോടതി സമുച്ഛയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്ന് അല്‍ ഹാമിദ് അറിയിച്ചു. അടുത്ത സമയം തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വ്യവസായ മേഖലയിലും തൊഴിലാളികള്‍ സമ്മേളിക്കുന്ന മറ്റിടങ്ങളിലും തൊഴില്‍തര്‍ക്ക കോടതികളുടെ ഓഫീസുകള്‍ തുറക്കുന്നതിനെക്കുറിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ജുഡീഷ്യറി ഡിപാര്‍ട്‌മെന്റ് പറഞ്ഞു.
തൊഴിലാളികള്‍ക്ക് പ്രയാസരഹിതമായി നീതി കേന്ദ്രങ്ങളിലെത്തി കാര്യം സാധിക്കാനുള്ള സൗകര്യങ്ങള്‍ സുതാര്യമാക്കുകയാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.