ചോക്കാട് പുഴയിലെ തടയണ ഭിത്തി തകര്‍ച്ചാ ഭീഷണിയില്‍

Posted on: April 24, 2015 12:23 pm | Last updated: April 24, 2015 at 12:23 pm

കാളികാവ്: മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച ചോക്കാട് പുഴയിലെ തടയണയുടെ ഭിത്തി തകര്‍ച്ച ഭീഷണിയില്‍.
തടയണയുടെ ഭാഗമായി നിര്‍മിച്ച സംരക്ഷണ ഭിത്തി് പുഴയുടെ കരയുമായി ചേര്‍ത്ത് നിര്‍മിക്കാത്തതാണ് പ്രശ്‌നമായത്. ഇതോടെ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളമൊഴുക്ക് കൂടി ഭിത്തിയുടേയും കരയുടേയും വിടവിലൂടെ പുഴ ഗതിമാറി ഒഴുകി. ഈ ഭാഗത്ത് പുഴയുടെ കര ഇടിഞ്ഞിട്ടുണ്ട്. മാത്രമല്ല നിര്‍മിച്ച ഭിത്തി കരയുമായി യാതൊരു ബന്ധവുമില്ലാതെയാണിപ്പോള്‍ സ്ഥിതിചെയ്യുന്നത്. തടയണയുടെ കോണ്‍ക്രീറ്റ് ഭിത്തിക്കും വിള്ളലുണ്ടായിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് ആഭിമുത്തില്‍ ഹാഡ പദ്ധതിയിലാണ് തടയണ നിര്‍മിച്ചത്. തടയണ നിര്‍മാണത്തിലെ അപാകതക്കെതിരെ പ്രദേശത്തെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം രംഗത്ത് വന്നിരുന്നു.
തടയണ കരയോട് ചേര്‍ത്ത് നിര്‍മിക്കാത്തതിനെ ചിലര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തിയാണ് നടക്കുന്നതെന്നാണ് കരാറുകാരന്‍ വിശദീകരിച്ചത്.
വേനല്‍മഴ ശക്തിയായതോടെ മലവെള്ളമൊഴുക്കില്‍ തടയണയുടെ സംരക്ഷണ ഭിത്തി കൂടുതല്‍ ഭീഷണിയിലേക്ക് നീങ്ങുകയാണ്. കരയിടിഞ്ഞ ഭാഗത്ത് കൂടി വെള്ളമൊഴുക്ക് തുടര്‍ന്നാല്‍ തടയണയില്‍ വെള്ളം സംഭരിക്കാന്‍ കഴിയുകയുമില്ല. അതോടെ ലക്ഷങ്ങള്‍ മുടക്കി പണിത തടയണ കൊണ്ട് പ്രയോജനമില്ലാതാവും.