അഖിലേന്ത്യാ കരകൗശല പ്രദര്‍ശന- വിപണന മേള തുടങ്ങി

Posted on: April 24, 2015 11:23 am | Last updated: April 24, 2015 at 11:23 am

കോഴിക്കോട്: ആധുനികവും പരമ്പരാഗതവുമായ കരവിരുതിന്റെ മാറ്റ് തെളിയിക്കുന്ന ലോഹങ്ങളിലും തടിയിലും തീര്‍ത്ത ഉത്പന്നങ്ങളുമായി അഖിലേന്ത്യാ കരകൗശല പ്രദര്‍ശന- വിപണന മേളക്ക് സി എസ് ഐ ഹാളില്‍ തുടക്കം.
മനംമയക്കുന്ന ഡിസൈനുകളില്‍ കൊത്തിയെടുത്ത കരകൗശല ഉത്പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ആറന്മുള കണ്ണാടി, വലംപിരി ശംഖുകള്‍, തുകല്‍ ഉത്പന്നങ്ങള്‍, ബംഗാള്‍, ആന്ധ്ര, ഒഡീഷ, മധുര, കാശ്മീരി സാരികള്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, മിഡി ടോപ്പ്, കുര്‍ത്തകള്‍, ലെയ്‌സ് എംബ്രോയ്ഡറി വര്‍ക്കുകള്‍, ഫെങ്ഷൂയ്, സിംഗിംഗ് ബൗള്‍, സ്ഫടികമാല, രസമണി, ഹൈദരാബാദ്, ജയ്പൂര്‍ ആഭരണങ്ങള്‍, ടെറാകോട്ട ഉത്പ്പന്നങ്ങള്‍ എന്നീ ഒട്ടനവധി ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. കൂടാതെ കുടുംബശ്രീ ഉത്പന്നങ്ങളും രാജസ്ഥാനി ഡ്രൈഫുഡും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കേരള സംസ്ഥാന കരകൗശല അപെക്‌സ് സഹകരണ സംഘ (സുരഭി)ത്തിന്റെ ആഭിമുഖ്യത്തില്‍ 35 സ്റ്റാളുകളിലായി നടക്കുന്ന പ്രദര്‍ശനം മേയര്‍ എ കെ പ്രേമജം ഉദ്ഘാടനം ചെയ്തു. രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് വരെ നടക്കുന്ന പ്രദര്‍ശനം അടുത്ത മാസം രണ്ടിന് അവസാനിക്കും.