വേനല്‍മഴയില്‍ കനത്ത നാശം; മരം കടപുഴകി വെയിറ്റിംഗ്‌ഷെഡ് വീണ് നാല് പേര്‍ക്ക് പരുക്ക്‌

Posted on: April 23, 2015 6:58 am | Last updated: April 23, 2015 at 11:58 am

വടക്കഞ്ചേരി: വേനല്‍മഴയില്‍ കനത്ത നാശനഷ്ടം; വെയിറ്റിംഗ് ഷെഡ്ഡിന് മുകളില്‍ കടപുഴകി വീണ് നാല് പേര്‍ക്ക് പരുക്ക്. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലുമാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്.
മഞ്ഞപ്ര കൊളയക്കാട്ടില്‍ വെയിറ്റിംഗ് ഷെഡ്ഡിന് മുകളില്‍ മരം കടപുഴകി വീണ് നാല് പേര്‍ക്ക് പരുക്കേറ്റു. മുടപ്പല്ലൂര്‍ പടിഞ്ഞറെ സോമസുന്ദരന്‍ (50), കിഴക്കഞ്ചേരി കുന്നങ്കാട് ഷാഹുല്‍ ഹമീദ് (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്കും നിസാര പരുക്കേറ്റു. മഴ വന്നപ്പോള്‍ വെയിറ്റിംഗ് ഷെഡ്ഡില്‍ കയറി നിന്നവര്‍ക്കാണ് പരുക്കേറ്റത്.
മണപ്പാടം, മഞ്ഞപ്ര, കൊളയക്കാട്, മലങ്കാട്, നായര്‍ത്തറ പ്രദേശങ്ങളിലെല്ലാം മഴയിലും കാറ്റിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. മഞ്ഞപ്പാടം മലങ്കാട് സത്യഭാമ, ജോണി, വേലുമണി, ഇബ്‌റാഹിം, കൂട്ടാറു, ബശീര്‍, അബൂബക്കര്‍, ജമീല, രാമചന്ദ്രന്‍, മണപ്പാടം നായര്‍ത്തറ മുരളി, കണ്ണംകുളംപാടം കുഞ്ചുക്കുട്ടി അമ്മ, പട്ടിയാംകുന്നത്ത് കുഞ്ഞ്‌ലച്ചി അമ്മ, സേതു നായര്‍, മഞ്ഞപ്ര കൊളയക്കാട് മുത്തുറാവുത്തര്‍, ചന്ദ്രന്‍, ഗോപിദാസ്, രുഗ്മണി തുടങ്ങിയ അമ്പതോളം പേരുടെ വീടുകളാണ് തകര്‍ന്നത്.
നിരവധി പേരുടെ കൃഷി സ്ഥലങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ നടന്ന സ്ഥലം വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യു സംഘം സന്ദര്‍ശനം നടത്തി.
വടക്കഞ്ചേരി പോലീസും ഫയര്‍ഫോഴ്്‌സും സ്ഥലത്തെത്തിയിരുന്നു.