ഇന്ത്യയുടെ തെറ്റായ ഭൂപടം സംപ്രേഷണം ചെയ്തതിന് അല്‍ ജസീറക്ക് വിലക്ക്

Posted on: April 23, 2015 4:51 am | Last updated: April 22, 2015 at 11:53 pm

al_jazeera_blueന്യൂഡല്‍ഹി: ഇന്ത്യയുടെ തെറ്റായ ഭൂപടം തുടര്‍ച്ചയായി സംപ്രേഷണം ചെയ്തതിന് അന്താരാഷ്ട്ര വാര്‍ത്താ ചാനലായ അല്‍ ജസീറക്ക് രാജ്യത്ത് അഞ്ച് ദിവസത്തെ വിലക്ക്. ഇന്നലെ മുതല്‍ അഞ്ച് ദിവസത്തേക്ക് ചാനല്‍ സംപ്രേഷണം തടഞ്ഞിരിക്കുകയാണ്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വിലക്ക് കാരണം ഏപ്രില്‍ 22 മുതല്‍ 27 വരെ ചാനല്‍ സംപ്രേഷണം ഉണ്ടായിരിക്കില്ല എന്നാണ് ഇന്നലെ ചാനലിന്റെ സ്‌ക്രീനില്‍ എഴുതിക്കാണിക്കുന്നത്.
ഇന്ത്യയുടെ ഭാഗമായ ജമ്മുകാശ്മീര്‍ ഉള്‍പ്പെടുത്താത മാപ്പാണ് ഏറെ നാളായി അല്‍ജസീറ സംപ്രേഷണം ചെയ്തുവരുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലിനെ അറിയിച്ചിരുന്നു. ഇന്ത്യയുടേതായി പ്രക്ഷേപണം ചെയ്ത ചില മാപ്പുകളില്‍ ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവ ഉള്‍പ്പെടുത്താതെയും ചാനല്‍ പുറത്തുവിട്ടിരുന്നതായി സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ (എസ് ജി ഐ) നിരീക്ഷിച്ചിരുന്നു. ഇന്ത്യയുടെ പകര്‍പ്പവകാശത്തിനും 2005ലെ ദേശീയ ഭൂപട നയത്തിനും വിരുദ്ധമാണ് ചാനല്‍ നടപടിയെന്നും എസ് ജി ഐ ചൂണ്ടിക്കാട്ടി. ചാനലിന്റെ ഇത്തരത്തിലുള്ള ലംഘനങ്ങള്‍ ആഭ്യന്തര മന്ത്രാലയവും എടുത്തുകാട്ടിയിരുന്നു.
എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന ഗ്ലോബല്‍ ന്യൂസ് പ്രവൈഡര്‍ വഴി ലഭിച്ച മാപ്പാണ് ചാനല്‍ സംപ്രേഷണം ചെയ്തത് എന്നാണ് അല്‍ജസീറ സംഭവത്തോട് പ്രതികരിച്ചത്. ഭൂപടത്തിന്റെ കാര്യത്തില്‍ ഇന്ത്യ കാണിക്കുന്ന ഉത്കണ്ഠ അംഗീകരിക്കുന്നുവെന്നും ഇനിമുതല്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മാപ്പുകള്‍ സംപ്രേഷണം ചെയ്യേണ്ടിവരുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക മാപ്പുകളുമായി ഒത്തുനോക്കുമെന്നും ചാനല്‍ കൂട്ടിച്ചേര്‍ത്തു.